'ആവേശ'മുയര്‍ത്തി ആവേശം സിനിമ ബോക്‌സോഫീസില്‍ കുതിച്ചു കൊണ്ടിരിക്കുകയാണ്. സിനിമ റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോള്‍ നൂറ് കോടിക്കടുത്താണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ സിനിമയിലെ ഡിലിറ്റഡ് സീനും തീയേറ്ററില്‍ പൊട്ടിച്ചിരിപ്പിച്ച ഫഹദിന്റെ റീല്‍ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിലെ ഡയറക്ടേഴ്‌സ് ബ്രില്ല്യന്‍സ് ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ചിത്രത്തില്‍ രംഗ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.
മുമ്പ് മലബാറിൽ അമ്മാവനൊപ്പം ജൂസ്കട നടത്തിയ യുവാവ് ബാംഗ്ലൂര്‍ നഗരത്തെ കിടുകിടാ വിറപ്പിക്കുന്ന ഗുണ്ടാ നേതാവായി മാറിയ കഥയ്‌ക്കൊപ്പം വരുന്ന ഈ റീൽ കണ്ട തീയേറ്ററിൽ കുടുകുടാ ചിരിച്ചപ്പോൾ ശ്രദ്ധിക്കാതിരുന്ന ആ സീനിൽ സംവിധായകൻ ജിത്തു മാധവൻ ഒളിപ്പിച്ചുവച്ച ബ്രില്ലിയൻസ് റീൽ തരംഗമായതോടെ ഇപ്പോൾ ആളുകൾ കണ്ടെത്തുകയാണ്. റീലിന്റെ താഴെ രംഗ എന്ന ഇൻസ്റ്റാഗ്രാം ഐഡിക്കും താഴെ ഒറിജിനൽ 'ഓഡിയോ രഞ്ജിത്ത് ഗംഗാധരൻ' എന്നെഴുതി കാണിക്കുന്നതിലൂടെ രംഗയെന്ന രഞ്ജിത്ത് ഗംഗാധരന്റെ സ്വന്തം അക്കൗണ്ട് ആണ് ഇത് എന്ന് മനസിലാക്കാൻ സാധിക്കുന്ന തരത്തിൽ സൂക്ഷ്മത കാണിക്കാനാണ് സംവിധായകൻ ഇവിടെ ശ്രമിച്ചിരിക്കുന്നത്. തീയേറ്ററിൽ ഇത് ശ്രദ്ധിക്കാതിരുന്നവരിൽ ഈ വിവരം കൂടുതൽ ചിരിയുണ്ടാക്കുന്നു.
അൻവർ റഷീദ് എന്റർടൈന്റ്‌മെന്റ്സിന്റെ ബാനറിൽ സംവിധായകൻ കൂടിയായ അൻവർ റഷീദാണ് ചിത്രം നിർമ്മിക്കുന്നത്. രോമാഞ്ചം എന്ന ഹിറ്റ് സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ജിത്തു മാധവൻ രണ്ടാമത്തെ ചിത്രവും ഹിറ്റടിച്ചിരിക്കുകയാണ്. ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന രംഗ എന്ന കഥാപാത്രത്തെക്കൂടാതെ വമ്പൻ എന്ന കഥാപാത്രമായി രോമാഞ്ചത്തിലൂടെ ശ്രദ്ധേയനായ സജിൻ ഗോപുവും മറ്റു പ്രധാനകഥാപാത്രങ്ങളായി സാമൂഹിക മാധ്യമങ്ങളിലൂടെ സുപരിചിതനായ ഹിപ്സ്റ്റർ എന്ന പ്രണവ് രാജ്, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ് എന്നീ കൺടെന്റ് ക്രിയേറ്റർമാരുമെത്തുന്നു.