ENTERTAINMENT

'അന്ന് അവാർഡ് ദാനവും മേളയും പോലും മര്യാദയ്ക്ക് നടത്തിയില്ല'; കുറ്റം പറയും മുമ്പ് ഗണേഷ് അത് ആലോചിക്കണമായിരുന്നെന്ന് കമൽ

15 വര്‍ഷം മുന്‍പായിരുന്നെങ്കില്‍ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് ലഭിക്കുമോ എന്ന് സംശയമാണ്

ഗ്രീഷ്മ എസ് നായർ

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമ ചെയ്യാനൊരുങ്ങുകയാണ് സംവിധായകൻ കമൽ . സിനിമാ മേഖലയിലെ മാറിയ സാഹചര്യത്തെ കുറിച്ചും പ്രേക്ഷകരുടെ കാഴ്ചപ്പാടിനെ കുറിച്ചും, പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട ഗണേഷ് കുമാറിന്റെ പരാമർശങ്ങൾക്കും മറുപടി പറയുകയാണ് കമൽ

ദീര്‍ഘകാലം ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന ഒരാളെന്ന നിലയില്‍ കെ ബി ഗണേഷ് കുമാറിന്‌റെ ആരോപണങ്ങളെ എങ്ങനെയാണ് നോക്കികാണുന്നത് ?

കെ ബി ഗണേഷ് കുമാര്‍ മന്ത്രിയായിരുന്ന കാലത്ത് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലായിരുന്നു അക്കാദമി പ്രവര്‍ത്തിച്ചിരുന്നത് . അദ്ദേഹത്തിന്‌റെ കാലത്ത് സംസ്ഥാന പുരസ്കാരം നല്‍കിയിരുന്നത് സെനറ്റ് ഹാളിലായിരുന്നു. ഒരു ക്രമീകരണങ്ങളുമില്ലാത്ത ആ ചടങ്ങില്‍ പോയി സെല്ലുലോയിഡിന് ലഭിച്ച സംസ്ഥാന പുരസ്‌കാരം സ്വീകരിച്ച ആളാണ് ഞാന്‍. വളരെ വിഷമം തോന്നിയിരുന്നു അന്ന്. എം എ ബേബി സാംസ്‌കാരികമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച ടൂറിസ്റ്റ് ടാക്കീസ് ഗണേഷ് കുമാറിന്‌റെ കാലത്ത് നിര്‍ത്തി. ചലച്ചിത്രമേളയുമായൊക്കെ ബന്ധപ്പെട്ട് അക്കാദമി ഇറക്കിയിരുന്ന ബുക്ക് പോലും അദ്ദേഹത്തിന്‌റെ കാലത്ത് പ്രസിദ്ധീകരിച്ചിട്ടില്ല . അദ്ദേഹത്തിന്‌റെ കാലത്ത് ആകെ ചെയ്തിരുന്ന അവാര്‍ഡ് ദാനവും ചലച്ചിത്രമേള സംഘടിപ്പിക്കലും പോലും കൃത്യമായി നടത്തിയിട്ടില്ല .

അതിന് ശേഷം അക്കാദമിക്ക് സ്വന്തമായി ഒരു ആസ്ഥാനമുണ്ടായി, ലൈബ്രറി റിസര്‍ച്ച് സെന്റര്‍ , എന്നിവ നിർമ്മിച്ചു. പബ്ലിക്കേഷന്‍ തുടങ്ങി.അങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. സജീവമായി അക്കാദമി പ്രവര്‍ത്തിച്ച് തുടങ്ങിയത് ഈ സര്‍ക്കാരിന്‌റെ കാലത്താണ് . അതുകൊണ്ട് ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് ഇതൊക്കെ അന്വേഷിക്കാമായിരുന്നു. ഈ വകുപ്പ് നോക്കിയിരുന്ന ആളെന്ന നിലയ്ക്കും , നിലവിൽ എംഎല്‍എ ആയ ഒരാളെന്ന നിലയ്ക്കും ആരോപണം ഉന്നയിക്കും മുന്‍പ് ഇതൊക്കെ നോക്കണമായിരുന്നു. രഞ്ജിത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കാനായിരുന്നോ എന്ന് അറിയില്ല . എന്നാലും ഗണേഷ് കുമാറിന്‌റെ പരാമര്‍ശം വളരെ മോശമായി പോയി എന്ന് തന്നെയാണ് പറയാനുള്ളത്. അദ്ദേഹത്തിന്‌റെ കാലത്തെ പ്രവര്‍ത്തനവും ഇപ്പോഴത്തേതും തമ്മില്‍ വിലയിരുത്താന്‍ വെല്ലുവിളിക്കുന്നു

ഗോൾഡൻ ഗ്ലോബും ഓസ്കറും മഹത് പുരസ്കാരങ്ങളല്ല , അവയ്ക്ക് പിന്നിലുള്ളത് കച്ചവട താത്പര്യം മാത്രം

ആര്‍ ആര്‍ ആറിന് ഹിന്ദുത്വ അജണ്ടയുള്ള ചിത്രമാണെന്ന് താങ്കള്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി . പക്ഷെ അപ്പോഴും ആര്‍ആര്‍ആര്‍ അന്താരാഷ്ട്ര വേദികളില്‍ അംഗീകാരം നേടികൊണ്ടിരിക്കുന്നു. ഇന്ത്യന്‍ സിനിമയുടെ മുഖമായി മാറുന്ന ചിത്രങ്ങളിലെ അജണ്ടവത്കരണം ആശങ്കയുണ്ടാക്കുന്നുണ്ടോ?

രണ്ടുരീതിയില്‍ വേണം നമ്മള്‍ ഇതിനെ നോക്കി കാണേണ്ടത്. ഇപ്പോള്‍ നമ്മുടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ സ്വാധീനിക്കാന്‍ വേണ്ട ഘടകങ്ങളാണ്. സിനിമയിൽ പല സംവിധായകരും ഉള്‍പ്പെടുത്തുക. അതിന് ഉദാഹരണമാണ് രാമായണം സീരിയല്‍ . അത് വന്നപ്പോഴുണ്ടായ ജനപ്രീതി നമ്മള്‍ കണ്ടതാണ്. ആ സീരിയല്‍ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുന്നതിന് വഹിച്ച പങ്ക് നമ്മുക്കൊക്കെ അറിയുന്നതുമാണ് . പാന്‍ ഇന്ത്യന്‍ സിനിമകളുടെ കാര്യത്തിലും അടുത്തിടെ സംഭവിക്കുന്നത് ഇതുതന്നെയാണ് . ആര്‍ ആര്‍ ആറിന്‌റെ സംവിധായകന്‍ മനപൂര്‍വം ചെയ്തതാണെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ അറിഞ്ഞോ അറിയാതെയോ സിനിമകളില്‍ പോലും സംഭവിക്കുന്നത് ഇതാണ് . ആ സിനിമ കണ്ടവര്‍ക്ക് അത് മനസിലാകും. ഈ വിമര്‍ശനങ്ങള്‍ പ്രമേയപരമാണ്

പക്ഷെ അതിന് ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ തീര്‍ത്തും കച്ചവട താത്പര്യമാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിനിമ നിര്‍മ്മിക്കുന്ന രാജ്യമാണ് ഇന്ത്യ. ആ വിപണിയിലേക്കുള്ള അന്താരാഷ്ട്ര കമ്പനികളുടെ കച്ചവട താത്പര്യമാണ് ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബുമൊക്കെ . ഈ പുരസ്‌കാരങ്ങളൊക്കെ മഹത് പുരസ്‌കാരങ്ങളാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല . അതല്ലെങ്കില്‍ നിലവാരത്തിന്‌റെ ,മെറിറ്റിന്‌റെ അടിസ്ഥാനത്തില്‍ ആയിരുന്നെങ്കില്‍ ആര്‍ ആര്‍ ആര്‍ എന്തുകൊണ്ട് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കോ വെന്നീസ് ഫെസ്റ്റിവലിലേക്കോ തിരഞ്ഞെടുക്കപ്പെട്ടില്ല , അല്ലെങ്കില്‍ ഏതെങ്കിലും ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ .

പതിനഞ്ച് വര്‍ഷം മുന്‍പായിരുന്നെങ്കില്‍ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുമോ എന്ന് സംശയമാണ്. കീരവാണി ഒരു പ്രതിഭയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ അദ്ദേഹം ചെയ്ത ഏറ്റവും നല്ല ഗാനമല്ല നാട്ടു നാട്ടു. അതുകൊണ്ട് തന്നെ കച്ചവട താത്പര്യത്തിന് അപ്പുറത്ത് ഈ അവാര്‍ഡുകള്‍ക്ക് മെറിറ്റുണ്ടെന്ന് ഞാന്‍ കരുതുന്നില്ല

കാന്താരയിലും ഈ ഘടകങ്ങളൊക്കെയില്ലേ ? പക്ഷെ കാന്താര നിര്‍മാല്യം പോലെയൊരു ക്ലാസിക് ആണെന്നാണ് കമല്‍ഹാസന്‍ പറഞ്ഞത്

കാന്താര ഒരു മിത്താണ്. അതില്‍ ഹിന്ദുത്വ അജണ്ടയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആ കാലഘട്ടത്തില്‍ അവിടെ ജീവിച്ചിരുന്ന ജനങ്ങളുടെ ആചാരമാണ് ആ ചിത്രം പറയുന്നത്, തെയ്യം പോലെയൊക്കെ. തെയ്യം കെട്ടുന്ന ആള്‍ ഒരു സാധാരണക്കാരനാണ്. അയാള്‍ക്ക് ആ വേഷം കെട്ടുമ്പോളുള്ള ദൈവീക പരിവേഷത്തിന് അപ്പുറം അത് അഴിച്ചുവച്ചാല്‍ പ്രത്യേകതകളൊന്നുമില്ല. ആ മിത്ത് അവരുടെ ജീവിതവുമായി ചേര്‍ത്ത് വയ്ക്കുന്ന ചിത്രം മാത്രമാണ് കാന്താര.

നല്ല സിനിമയാണ് പക്ഷെ നിര്‍മാല്യത്തോടൊക്കെ ഉപമിക്കുന്നതിനോട് യോജിക്കാനാകില്ല. അത് വ്യക്തി താത്പര്യമെന്നേ പറയാനുള്ളൂ. കാന്താര ഒരു കച്ചവട സിനിമ മാത്രമാണ് .

കശ്മീര്‍ ഫയല്‍സിനെയൊക്കെ എങ്ങനെയാണ് നമ്മുക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമായി മാത്രം വിശേഷിപ്പിക്കാനുക, അതൊക്കെ ചില ഒളിച്ചുകടത്തലാണ്

പൊളിറ്റിക്കല്‍ കറക്ടനസും ആവിഷ്കാര സ്വാതന്ത്ര്യവും … വലിയ ചർച്ചയാകുന്ന കാലമാണല്ലോ .താങ്കൾ എങ്ങനെയാണ് ഇതിനെ നോക്കി കാണുന്നത് ?

പ്രമേയം ആവശ്യപ്പെടുന്ന, കഥാപാത്രത്തിന് അനിവാര്യമായ പൊളിറ്റിക്കല്‍ ഇന്‍കറക്ടനസ് ചിലപ്പോഴൊക്കെ ആവശ്യമായി വരും . അതിൽ തെറ്റ് പറയാനാകില്ല . പക്ഷെ ഹീറോയെ വച്ച് മഹത്വവത്കരിക്കരുത്. പണ്ട് നമ്മള്‍ കൈയടിച്ച ഡയലോഗ് ഇന്ന് ശരിയല്ലല്ലോയെന്ന് നമ്മുക്ക് തോന്നും. അന്ന് അതിനെ കുറിച്ച് അറിയില്ലാത്തത് കൊണ്ട് നമ്മള്‍ കൈയടിച്ചു, ഇന്ന് അങ്ങനെയല്ല. ശരിയല്ലാത്ത കാര്യങ്ങള്‍ സ്‌ക്രീനില്‍ ചെയ്യുന്നതിന് ഒരു ലക്ഷ്യമുണ്ടാകണം. ഉദാഹരണത്തിന് തെറി പറയുന്നത് , അതിനെ കുറിച്ചൊക്കെ വലിയ ചര്‍ച്ച നടക്കുന്ന കാലമാണല്ലോ . ഒരു പ്രത്യേക സ്ഥലത്ത് അത്തരത്തില്‍ സംസാരിക്കുന്നവർ ഉണ്ടെങ്കില്‍ അവരുടെ റിയലിസ്റ്റിക്കായിട്ടുള്ള ചിത്രീകരണത്തിന് അങ്ങനെ സമീപിക്കുന്നതില്‍ തെറ്റില്ല. പക്ഷെ കൈയടിക്ക് വേണ്ടി നായകനെ കൊണ്ട് അത്തരം ഡയലോഗ് പറയിപ്പിക്കുന്നതിനോട് വിയോജിപ്പുണ്ട് . ഏത് കാലഘട്ടത്തില്‍ നിന്നാണ് നമ്മള്‍ സിനിമ ചെയ്യുന്നത് എന്നതുള്ളതാണ് ഏറ്റവും പ്രധാനം . മാത്രമല്ല പുതിയ തലമുറ ജീവിക്കുന്ന ചുറ്റുപാടില്‍ സാമൂഹികമായ മാറ്റങ്ങളുണ്ട്. സമൂഹത്തിന്‌റെ ഭാഗമാണ് കലാകാരന്‍മാരും . അതുകൊണ്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അപ്പുറം സാമൂഹിക ചുറ്റുപാടുകളെ കൂടി പരിഗണിക്കേണ്ടതുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മാത്രം അതിനെ ചുരുക്കാനാകില്ല.

കശ്മീര്‍ ഫയല്‍സിനെയൊക്കെ എങ്ങനെയാണ് നമ്മുക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമായി മാത്രം വിശേഷിപ്പിക്കാനുക, ഐഡിയോളജിയില്‍പ്പെടുത്തുക അതൊക്കെ ചില ഒളിച്ചുകടത്തലാണ് .

ഇതിനെ കുറിച്ച് ബോധമുള്ള ഒരാളും സ്വന്തം ചിത്രത്തില്‍ അത്തരം ഡയലോഗ് ഉള്‍പ്പെടുത്തില്ല. എന്‌റെ സിനിമകളില്‍ നേരത്തെ മുതലെ അങ്ങനെയുള്ള ഡയലോഗ് ഉണ്ടാകാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം എന്‌റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അയാള്‍ കഥ എഴുതുക എന്ന ചിത്രം മാത്രമാണ് അതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നത് . ആ സമയത്ത് പലതവണ ശ്രീനിയും ലാലുമായും ( മോഹന്‍ലാല്‍ ശ്രീനിവാസന്‍) ഇക്കാര്യം ചര്‍ച്ച ചെയ്തതുമാണ് പക്ഷെ സാഗര്‍ കോട്ടപ്പുറത്തിന് അങ്ങനെ മാത്രമേ പെരുമാറാനാകുമായിരുന്നുള്ളൂ. അയാളുടെ പശ്ചാത്തലം അങ്ങനെയായിരുന്നു .

കാലഘട്ടത്തിന് അനുസരിച്ചെ സിനിമ ചെയ്യാനാകൂ എന്ന ഞാന്‍ പറഞ്ഞതില്‍ എന്‌റെ തന്നെ ഒരു സിനിമ ഉദാഹരണമായി പറഞ്ഞാല്‍ മേഘമല്‍ഹാര്‍ , ഇന്നാണെങ്കില്‍ എനിക്ക് ആ സിനിമയുടെ ക്ലൈമാക്‌സ് മാറ്റി ചിന്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകുമായിരുന്നു. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെ സമൂഹം കുറച്ച് കൂടി വിശാലമായി കാണുന്ന ഒരു സാഹചര്യം ഇന്ന് നമ്മുക്ക് ഉണ്ട് .അന്ന് പക്ഷെ അത് സാധ്യമായിരുന്നില്ല . അവര്‍ തമ്മില്‍ ഒരു ശാരീരിക ബന്ധമുണ്ടായിരുന്നെങ്കില്‍ ആ കാലത്ത് അവര്‍ കളങ്കിതരായി, കാപട്യമുള്ളവരായി മുദ്ര കുത്തപ്പെടുമായിരുന്നു, ഇന്ന് പക്ഷെ അങ്ങനെയാകില്ല. സ്വാഭാവികമായി കാണാന്‍ ജനങ്ങള്‍ക്ക് സാധിക്കും

മൂന്ന് വർഷത്തിന് ശേഷം പുതിയ സിനിമ …

സ്‌ക്രിപ്റ്റ് കഴിഞ്ഞു. ആസിഫ് അലിയാണ് നായകന്‍ കാപ്പയുടെ നിര്‍മ്മാതാക്കളായ സരിഗമയാണ് പ്രൊഡക്ഷൻ. തീയതി പ്രഖ്യാപിക്കാറായിട്ടില്ല

ഗ്യാപ് വന്നതായിട്ട് തോന്നുന്നില്ല . പ്രണയമീനുകള്‍ ചെയ്യുമ്പോഴും ആമി ചെയ്യുമ്പോഴുമൊക്കെ അക്കാദമി ചെയര്‍മാനായിരുന്നതിന്‌റെ തിരക്ക് ഉണ്ടായിരുന്നു. അതിന് ശേഷം പിന്നെ കോവിഡൊക്കെ ആയിട്ട് പിന്നെയും നീണ്ടു . പിന്നെ ആലോചിച്ച് ഒരു സ്‌ക്രിപ്റ്റ് ഒക്കെയായി വന്നപ്പോള്‍ ഇത്രയും കാലമായതാണ് . എപ്പോഴും സിനിമയ്‌ക്കൊപ്പമായിരുന്നു എന്നതിനാല്‍ തന്നെ ഒരു ഗ്യാപ് ഉള്ളതായി തോന്നുന്നില്ല .

പിന്നെ മുന്‍പ് ഉള്ളത് പോലെയല്ല , നേരത്തെ നമ്മള്‍ ഒരു കഥ ആലോചിക്കുന്നു . അതിന് പറ്റിയ നടനെ കണ്ടെത്തുന്നു. അവരോട് സംസാരിച്ച് ഡേറ്റ് വാങ്ങിയ ശേഷം സ്‌ക്രിപ്റ്റിലേക്ക് കടക്കുന്നു. പിന്നീട് ഒരുമിച്ച് ചര്‍ച്ച അങ്ങനെയായിരുന്നു പ്രോസസ്. ഇപ്പോള്‍ പക്ഷെ അങ്ങനെയല്ല . ഫുള്‍ സ്‌ക്രിപ്റ്റ് ആയിട്ട് മാത്രമേ നമ്മുക്ക് ഒരാളെ സമീപിക്കാനാകു. പുതിയ കാലത്ത് അഭിനേതാക്കള്‍ ആ രീതിയോട് മാത്രമേ യോജിക്കുന്നുള്ളൂ.

ഫാസിൽ , സുരേഷ് കുമാർ, രഞ്ജി പണിക്കർ , രഞ്ജിത്ത് അങ്ങനെ കൂടെയുണ്ടായിരുന്നവരൊക്കെ അഭിനയത്തിലേക്കും തിരിഞ്ഞല്ലോ ?

ചെയ്യാന്‍ പറ്റുന്നത് മാത്രമേ എനിക്ക് ചെയ്യാനാകൂ. പലരും സമീപിച്ചിരുന്നു. പക്ഷെ എനിക്ക് അഭിനയിക്കാനാകില്ല എന്ന് ഉറപ്പുണ്ട്. ഫാസിലിനൊക്കെ പണ്ടേ അഭിനയവും മിമിക്രിയുമൊക്കെ ഉണ്ട് . എന്നെ അദ്ഭുതപ്പെടുത്തിയത് രഞ്ജി പണിക്കരാണ് . രഞ്ജി അഭിനയിക്കുമോ എന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത്. പക്ഷെ വളരെ സ്വാഭാവികതയോടെ അഭിനയിച്ച് അമ്പരപ്പിച്ചു .രഞ്ജിത്ത് സ്‌കൂള്‍ ഓഫ് ഡ്രാമയിലൊക്കെ പഠിച്ച ആളാണ്. മുന്‍ കാലങ്ങളില്‍ തമിഴിലാണ് നമ്മള്‍ ഇത് കണ്ടിട്ടുണ്ടായിരുന്നത് . മണിവര്‍ണന്‍, പാര്‍ത്ഥിപന്‍ ഭാരതിരാജ ഭാഗ്യരാജ് അങ്ങനെ മലയാളത്തില്‍ ബാലചന്ദ്രമേനോന്‍. അഭിനയിക്കാനാണ് സംവിധായകനായത് എന്ന് പറഞ്ഞ ആളാണ് അദ്ദേഹം .

പിന്നെ തിരക്കഥാകൃത്തിനെ ആശ്രയിക്കുന്ന സംവിധായകരുടെ കാലം മാറി. സ്വന്തം സ്ക്രിപ്റ്റ് സിനിമയാക്കുന്നവരാണ് ഇന്ന് കൂടുതൽ. മുൻപ് ഉണ്ടായിരുന്ന കലൂര്‍ ഡെന്നീസിനെ പോലെ ജോണ്‍ പോളിനെ പോലെയൊക്കെ തിരക്കഥാകൃത്തായി മാത്രം അറിയപ്പെടുന്നവര്‍ കുറവാണ് . എല്ലാവരും സ്വന്തം സിനിമ സംവിധാനം ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

തീയേറ്ററിനും ഒടിടിക്കും ഒരുപോലെ അപ്പീലിങ് ആയിട്ടുള്ള സിനിമകളല്ലേ ഇപ്പോള്‍ ആവശ്യം ? ആ നിലയ്ക്ക് സിനിമയെ കൺസീവ് ചെയ്യാനുള്ള ശ്രമമുണ്ടോ ?

ഞാന്‍ പഴയ സംവിധായകനാണ്. പക്ഷെ പഴയകാലത്തെ സിനിമയെടുക്കാതിരിക്കുക എന്നതാണ് ഞാന്‍ ആദ്യം ചെയ്യേണ്ടത് . പ്രേക്ഷകന് എന്താണ് വേണ്ടതെന്ന് മനസിലാക്കണം. അതുപക്ഷെ ട്രെന്‍ഡ് അല്ല . ട്രെന്‍ഡ് എന്നൊരു ഘടകം മലയാള സിനിമയില്‍ ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് . ഒരുപാട് വിദേശ സിനിമകളൊക്കെ കാണുന്ന പ്രേക്ഷകർക്ക് മാറ്റം വേഗത്തിൽ ഉൾക്കൊള്ളാനാകും . അവരെ വീണ്ടും പഴയ കാലത്തിലേക്ക് ക്ഷണിക്കാതിരിക്കുക , ആ കാലത്തെ സിനിമ ചെയ്യില്ലെന്ന് തീരുമാനിക്കുക അതുരണ്ടുമാണ് വേണ്ടതെന്ന് ഞാൻ കരുതുന്നു . അതിനുള്ള ശ്രമം എന്തായാലും ഉണ്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം