ശബ്ദമില്ലാതെ, കറുപ്പിലും വെളുപ്പിലും തെളിഞ്ഞ പല മുഖങ്ങളിലൂടെയായിരുന്നു സിനിമയുടെ തുടക്കം. ശബ്ദമില്ലാതെയും ഓരോ കഥാപാത്രവും പ്രേക്ഷകനോട് നേരിട്ട് സംവദിച്ചു, കഥയും കഥാപാത്രവും പ്രേക്ഷകൻ സ്വീകരിച്ചു, ഉൾക്കൊണ്ടു. ഇന്നിപ്പോൾ മാസ് ഡയലോഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും വിജയപരാജയങ്ങളെ തീരുമാനിക്കുന്ന സമയത്താണ് മുഖവും സംഭാഷണവുമില്ലാതെ ഒരു സിനിമയെത്തുന്നത്. ജൂലിയാനയിലേക്ക് നയിച്ച കഥ പറഞ്ഞ് പ്രശാന്ത് മാമ്പുള്ളി
ജൂലിയാന ഒരു സർവൈവൽ ത്രില്ലർ
ഇതൊരു പരീക്ഷണ ചിത്രമാണ്. കൊമേഷ്യൽ ഘടകങ്ങളൊന്നുമില്ലാതെ എങ്ങനെ ഒരു സിനിമ എടുക്കാമെന്ന ചിന്തയാണ് ജൂലിയാനയിലേക്ക് എത്തുന്നത്. മാത്രമല്ല ലോക സിനിമയിൽ തന്നെ സർവൈവൽ ത്രില്ലറുകൾ വളരെ കുറവാണ്. അങ്ങനെയാണ് ആ ജോണറിലുള്ള ഒരു സിനിമ എന്ന ആലോചനയിലേക്കെത്തുന്നത്.
ആർക്കും സംഭവിക്കാവുന്ന ഒരു അപകടം അതിൽ നിന്ന് ആ പെൺകുട്ടി എങ്ങനെ അതിജീവിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രമേയം
സംസാരിക്കുന്ന ഫ്രെയിംസ്
നവരസങ്ങളിലൂടെയാണ് നിശബ്ദ ചിത്രങ്ങൾ പ്രേക്ഷകരെ കണക്ട് ചെയ്തിട്ടുള്ളത്. ഈ ചിത്രത്തിൽ ദൃശ്യങ്ങളാണ് പ്രേക്ഷകരോട് സംവദിക്കുക. ഭാഷാ ദേശ വ്യത്യാസമില്ലാതെ ലോകത്ത് എവിടെ നിന്നുമുള്ള സിനിമാ പ്രേമിക്കും ഈ ചിത്രം ആസ്വദിക്കാനാകും. അതുതന്നെയാണ് ജൂലിയാനയുടെ പ്രത്യേകതയും. ഒരു നോവൽ പോലെ കാണുന്നവരുടെ മനോനിലയ്ക്ക് അനുസരിച്ച് വായിച്ചെടുക്കാവുന്ന കഥയാണ് ജൂലിയാനയുടേത്.
കാടും മലയും ആകാശവുമാണ് പശ്ചാത്തലം
ചിത്രത്തിൽ ഒരു വീടുപോലുമില്ല, കാരണം ഓരോ നാട്ടിലേയും വീടുകൾക്കും ആ നാടിന്റെ കാലാവസ്ഥയ്ക്ക് അനുസരിച്ച് നിർമ്മിച്ചിട്ടുവയായിരിക്കും. അത് ഈ കഥ നടക്കുന്ന നാടിനെ കുറിച്ച് ഒരു സൂചന നൽകുന്നതാകും. അതുണ്ടാകാതിരിക്കാനാണ് കാടും മലയും ആകാശവും മാത്രം പശ്ചാത്തലമാക്കി ജൂലിയാന ഒരുക്കിയത്. ലോകത്ത് എവിടേയും കാടും മലയും ആകാശവും ഒരുപോലെ ആയിരിക്കില്ലേ ? എല്ലാ നിലയ്ക്കും യൂണിവേഴ്സൽ എന്ന ആശയത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്
ഇടുക്കിയിലെ നെടുങ്കണ്ടം എന്ന സ്ഥലത്തായിരുന്നു പ്രധാന ലൊക്കേഷൻ.
ജൂലിയാന കെപ്‌കേയുടെ അതിജീവിനവുമായി കഥയ്ക്ക് ബന്ധമുണ്ടോ ?
ഇല്ല, പക്ഷേ ചിത്രത്തിന് ജൂലിയാന എന്ന പേര് നൽകാൻ കാരണം ന്യൂയോർക്കിൽ മുഖമില്ലാതെ ജനിച്ച ജൂലിയാന വെറ്റ്മോർ എന്ന പെൺകുട്ടിയാണ്. പക്ഷേ അവരുടെ ജീവിതവുമായി കഥയ്ക്ക് ബന്ധമില്ല
ബോളിവുഡ് ആർട്ടിസ്റ്റ്
സിനിമയിലെ ഏക കഥാപാത്രം ഒരു ബോളിവുഡ് താരമാണ്. അവർ ആരെന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ല. അവരെ കാണിക്കാതിരിക്കുന്നതാണ് സിനിമയുടെ ഇപ്പോഴത്തെ സസ്പെൻസ്. പക്ഷേ സിനിമ റിലീസ് ചെയ്ത ശേഷം അവരെ കാണണമെന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു സമയത്ത് എല്ലാവർക്കും മുന്നിൽ അവതരിപ്പിക്കാനാണ് തീരുമാനം.
ആദ്യ രണ്ട് ചിത്രങ്ങളും ( മോഹൻലാലിന്റെ ഭഗവാൻ ശിവരാജ് കുമാറിന്റെ സുഗ്രീവ) പരീക്ഷണ ചിത്രങ്ങളായിരുന്നല്ലോ... ഇപ്പോൾ ജൂലിയാനയും... എന്തുകൊണ്ടാണ് സിനിമയോട് ഇങ്ങനെയൊരു സമീപനം
വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമ്പോഴല്ലേ ശ്രദ്ധിക്കപ്പെടുന്നത്. മാറ്റങ്ങൾക്കായി ശ്രമിക്കുക എന്ന ആഗ്രഹത്തിൽ നിന്നാണ് ഇത്തരം സിനിമകളിലേക്ക് എത്തുന്നത്.
ജൂലിയാനയുടെ റിലീസ്
ഓസ്കർ അടക്കമുള്ള പല ഫെസ്റ്റിവലുകൾക്കായി അയയ്ക്കുന്നുണ്ട്. അതിന് ശേഷം മാത്രമേ തീയേറ്റർ റിലീസ് ഉണ്ടാകൂ.