പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആർ എസ് വിമലിന്റെ കർണൻ. വിക്രം നായകനാകുന്ന കർണൻ ഉടനുണ്ടാകുമോ? ചിത്രം ഉപേക്ഷിച്ചെന്ന വാർത്തകൾ ശരിയാണോ ? കഥയും തിരക്കഥയും സംഭാഷണവും എഴുതി നിർമ്മിക്കുന്ന ശശിയും ശകുന്തളയും സംവിധാനം ചെയ്യാത്തത് എന്തുകൊണ്ട് ? മറുപടിയുമായി സംവിധായകൻ ആർ എസ് വിമൽ
ശശിയും ശകുന്തളയും യഥാർത്ഥ സംഭവം
വടകരയിലുണ്ടായ ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയ കഥയാണ് ശശിയും ശകുന്തളയും. മാധ്യമപ്രവർത്തകനായിരുന്ന കാലത്ത് ഏഷ്യാനെറ്റിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിക്ക് വേണ്ടി ആ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. സസ്പെൻസ് പൊളിയുമെന്നതിനാൽ ആ സംഭവം ഏതെന്ന് പറയുന്നില്ല.
അറിഞ്ഞോ അറിയാതെയോ യഥാർത്ഥ സംഭവങ്ങൾ സിനിമയാക്കാനുള്ള ശ്രമമാണ് എന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. 'എന്ന് നിന്റെ മൊയ്തീൻ' ആയാലും, ഇപ്പോൾ 'ശശിയും ശകുന്തളയും' Eണെങ്കിലും, അതല്ല ഇനി 'കർണൻ ഒരു മിത്ത്' ആണെങ്കിലും നമ്മൾ അതിനെയും യഥാർത്ഥ സംഭവമെന്ന നിലയ്ക്കാണല്ലോ ഒരുപരിധി വരെ കാണുകയും ഉൾക്കൊള്ളുകയുമൊക്കെ ചെയ്യുന്നത്. പ്രൊഡക്ഷൻ ചെയ്യുന്ന മറ്റൊരു സിനിമയും ഏകദേശം തീരുമാനമായിട്ടുണ്ട്. അതും ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
70- 75 കാലഘട്ടം പുനരാവിഷ്കരിക്കാൻ ശശിയും ശകുന്തളയും
എഴുപതുകളിലെ കാലഘട്ടത്തിലെ ട്യൂട്ടോറിയൽ കോളേജും അവിടെ അധ്യാപകർ തമ്മിലുണ്ടാകുന്ന പ്രണയവുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. പീരിയോഡിക് സിനിമകളോടുള്ള ഇഷ്ടം തന്നെയാണ് ഈ ചിത്രത്തിന്റെ പ്രമേയത്തിലേക്ക് എത്തിച്ചത്. മാത്രമല്ല, ഞാൻ ട്യൂട്ടോറിയൽ കോളേജിൽ പഠിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്ത ആളാണ്. അതുകൊണ്ട് തന്നെ ആ സംവിധാനത്തോട് ഒരു പ്രത്യേക ഇഷ്ടവുമുണ്ട്
കാലഘട്ടം പുനരാവിഷ്കരിക്കുന്നത് വെല്ലുവിളി
ഈ സിനിമ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ആ കഥ നടക്കുന്ന കാലം റിക്രീയേറ്റ് ചെയ്യുകയെന്നുള്ളതായിരുന്നു. പാളിപ്പോയാൽ, ട്രോളുകളുടെ കാലമല്ല... എന്ന് നിന്റെ മൊയ്തീനൊക്കെ ചെയ്തിട്ടുള്ള അനുഭവസമ്പത്താണ് തുണയായത്. മൊയ്തീൻ ചിത്രീകരിച്ച പാലക്കാട് തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും പ്രധാന ലൊക്കേഷൻ . മൊയ്തീൻ ചിത്രീകരിച്ച പ്രദേശം ഇപ്പോഴും മൊയ്തീൻ കവല എന്നാണ് അറിയപ്പെടുന്നത്. അതിന് അടുത്ത് തന്നെയാണ് ശശിയും ശകുന്തളയും ചിത്രീകരിച്ചത് . രണ്ട് ട്യൂട്ടോറിയലും വീടുകളും സെറ്റിട്ടു. മാത്രമല്ല ആ പ്രദേശത്തുള്ള കുറച്ച് വീടുകളുടെ പെയിന്റുകളും മാറ്റിയാണ് ആ കാലഘട്ടമുണ്ടാക്കിയിരിക്കുന്നത്.
വമ്പൻ സിനിമയല്ല
എന്ന് നിന്റെ മൊയ്തീനോ , കർണനോ പോലെ ഒരു വമ്പൻ സിനിമയെ അല്ല ശശിയും ശകുന്തളയും. പക്ഷേ പ്രമേയം എല്ലാവർക്കും ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. നല്ല പ്രമേയമുളള ചെറിയ സിനിമകളും വിജയിക്കുന്നുണ്ടല്ലോ? അതുതന്നെയാണ് ശശിയും ശകുന്തളയ്ക്കുമുള്ള ധൈര്യം. പേര് സൂചിപ്പിക്കുന്ന പോലെ കോമഡിയും പ്രണയവുമൊക്കെയുണ്ട്.
കർണന്റെ ഷൂട്ട് വീണ്ടും തുടങ്ങാൻ നിലവിൽ മറ്റ് തടസങ്ങളില്ല, ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും
കഷ്ടപ്പാടിന്റെ വേദനയിൽ നിന്നുണ്ടാകുന്ന സിനിമകൾ
എന്റെ അസിസ്റ്റൻഡ് ആയിരുന്ന ബിച്ചാല്‍ മുഹമ്മദാണ് ശശിയും ശകുന്തളയും സംവിധാനം ചെയ്യുന്നത്. എനിക്ക് പൊതുവെ മാസ് സിനിമകൾ സംവിധാനം ചെയ്യാനാണ് ഇഷ്ടം. എന്നാൽ കൂടെയുള്ളവരുടെ കഷ്ടപ്പാടും വേദനയും മനസിലാക്കിയാണ് ശശിയും ശകുന്തളയും പോലുള്ള സിനിമകളുമായി സഹകരിക്കുന്നത്. അതുകൊണ്ടാണ് ചെറിയ, നല്ല പ്രമേയമുള്ള, ഫീൽ ഗുഡ് ആയിട്ടുള്ള ചിത്രങ്ങളുടെ ഭാഗമാകാനും നിർമ്മിക്കാനും ആഗ്രഹിക്കുന്നതും. തീരുമാനമായിട്ടുള്ള അടുത്ത സിനിമയും അസിസ്റ്റന്റായിരുന്ന പയ്യനാണ് സംവിധാനം. പ്രൊഡക്ഷൻ മാത്രമാണ് ഞാൻ ചെയ്യുന്നത്. സംവിധാനം ചെയ്തില്ലെങ്കിലും ഈ സിനിമകൾക്ക് വേണ്ടി എല്ലാരീതിയിലുമുള്ള പിന്തുണ ഉറപ്പാക്കി ഞാൻ ഒപ്പം നിൽക്കുന്നുണ്ട്.
കർണൻ ഉടൻ തുടങ്ങും
കർണൻ നടക്കില്ല, ഉപേക്ഷിച്ചു എന്നൊക്കെയുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. ഷൂട്ട് ഉടൻ പുനരാരംഭിക്കും. നിലവിൽ മറ്റ് തടസങ്ങളൊന്നുമില്ല. ഷൂട്ട് വീണ്ടും തുടങ്ങുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും. കർണനുശേഷം മാത്രമേ സംവിധാനം ചെയ്യുന്ന മറ്റ് സിനിമകളെക്കുറിച്ച് ആലോചിക്കുന്നുള്ളൂ.
രാകേഷ് ഓംപ്രകാശിന്റെ കർണനെക്കുറിച്ച്
അദ്ദേഹം നേരത്തെ ഫറാൻ അക്തറിനെ വച്ച് കർണൻ എന്നൊരു സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് അത് ഉപേക്ഷിച്ചു. ആ സമയത്ത് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചിരുന്നു. എന്റെ കർണന്റെ തിരക്കഥ രജിസ്റ്റർ ചെയ്തതാണ്. മുംബൈയിലെ 90 ശതമാനം നിർമാണക്കമ്പനികൾക്കും എന്റെ തിരക്കഥയെക്കുറിച്ച് അറിവുള്ളതാണ്. അതിനാൽ തന്നെ ആ തിരക്കഥയിൽ ഒരു സിനിമ വന്നാൽ മാത്രമേ നമ്മൾ അതിനെ എതിർക്കേണ്ടതുള്ളൂ. അതല്ലാതെ മറ്റൊരു തിരക്കഥയിൽ ആർക്കും കർണൻ എന്ന സിനിമയെടുക്കാം. സൂര്യയെ വച്ച് രാകേഷ് ഓംപ്രകാശിന്റെ കർണൻ വരുന്നുവെന്ന് പല സൈറ്റുകളും കൊടുക്കുന്നതല്ലാതെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലല്ലോ? പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കാം.
ശശിയും ശകുന്തളയും തീയേറ്ററുകളിലേക്ക്
ചിത്രം ജൂലൈ 28 ന് തീയേറ്ററുകളിലെത്തും. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ.