മലയാള ചിത്രങ്ങള്‍ കാസര്‍ഗോഡ് ചിത്രീകരിക്കുന്നതിന്റെ കാരണം മയക്കുമരുന്ന് ലഭ്യതയാണെന്നാരോപിച്ച രഞ്ജിത്തിനെതിരെ പ്രതികരണവുമായി സംവിധായകന്‍ സുധീഷ് ഗോപിനാഥ്. കാസര്‍ഗോഡേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല. ഈ ഭൂമികയുടെ സൗന്ദര്യവും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നും സുധീഷ് ഫേസ്ബുക്കില്‍ കുറിച്ചു
പലതും അടുത്തിടെ കാസര്‍ഗോഡ് കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്നത് മംഗലാപുരത്ത് നിന്ന് എളുപ്പത്തില്‍ മയക്കുമരുന്ന് കിട്ടുന്നതുകൊണ്ടാണെന്നായിരുന്നു നിര്‍മാതാവ് രഞ്ജിത്ത് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'എന്നും പത്രങ്ങള്‍ വായിക്കുമ്പോള്‍ മയക്കുമരുന്ന് പിടിച്ച വാര്‍ത്തകളാണ് . കുറേ സിനിമകള്‍ ഇപ്പോള്‍ കാസര്‍ഗോഡാണ് ചിത്രീകരിക്കുന്നത്. മംഗലാപുരത്ത് നിന്ന് മയക്കുമരുന്ന് വരാന്‍ എളുപ്പമാണ്. ഇപ്പോള്‍ ഷൂട്ടിങ് ലൊക്കേഷന്‍ പോലും അങ്ങോട്ട് മാറ്റി തുടങ്ങി. ഇത് കാസര്‍ഗോഡിന്റെ കുഴപ്പമല്ല' എന്നായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം.
ഇതിനെതിരെയാണ് മദനോത്സവം എന്ന ചിത്രത്തിന്റെ സംവിധായകന്റെ പ്രതികരണം.
"പയ്യന്നൂര്‍/ കാസര്‍ഗോഡ് പ്രദേശത്ത് സിനിമാ വസന്തമാണിപ്പോള്‍. അധികം പകര്‍ത്തപ്പെടാത്ത കാസര്‍ഗോഡിന്റെ ഉള്‍നാടുകളുടെ ദൃശ്യ ഭംഗിയും സാംസ്‌കാരിക ശേഷിപ്പുകളുടെ കാഴ്ചകളും, ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവര്‍ത്തകരെ ഇവിടേയ്ക്ക് നോക്കാന്‍ പ്രേരിപ്പിച്ചത്"
സുധീഷ് പോസ്റ്റില്‍ പറഞ്ഞു.
സിനിമ ഞങ്ങള്‍ക്ക് ഒരു സാംസ്‌കാരിക പ്രവര്‍ത്തനം കൂടിയാണ്. പരാജയ ലൊക്കേഷന്‍ എന്ന പഴയ പേരുദോഷം മാറി വിജയ ലോക്കേഷന്‍ എന്ന പേരിലേക്ക് ഞങ്ങള്‍ മാറി. തുടരെത്തുടരെ സിനിമകള്‍ ഇവിടെ ഉണ്ടാകുന്നു. കാസര്‍ഗോഡ് ഭാഗത്തെ പലരുടെയും അന്നമാണ് ഇന്ന് സിനിമ, കലാകാരന്മാരുടെ ആവേശമാണ്. സുധീഷ് പോസ്റ്റില്‍ കുറിച്ചു.
ഞാന്‍ എന്റെ സ്വന്തം നാട്ടില്‍ സിനിമ ചെയ്യാനുള്ള കാരണം ഈ നാട് എന്റെ സിനിമയുടെ കൂടെ നില്‍ക്കും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് ഷൂട്ടിംഗ് സമയത്ത് എന്റെ ടീം അംഗങ്ങള്‍ എല്ലാം ഇവിടത്തെ വീടുകളിലായിരുന്നു താമസിച്ചിരുന്നത്. കാസര്‍ഗോട്ടെ നന്മയുള്ള മനുഷ്യര്‍ ഉള്ളതു കൊണ്ടാണു താമസിക്കാന്‍ വീട് വിട്ടു തന്നത്. അത് എന്റെ സിനിമയുടെ ബഡ്ജറ്റ് കുറയ്ക്കാന്‍ വലിയ കാരണമായിട്ടുണ്ട്. ജൂനിയര്‍ ആക്‌റ്റേഴ്സ്സിന് എറ്റവും കുറവു പണം ചിലവഴിച്ച സിനിമയാണ് മദനോത്സവം, അതിന് കാരണം ഓരോ സ്ഥലങ്ങളിലേയും ആളുകള്‍ നമ്മളോടൊപ്പം വന്നു സഹകരിച്ചത് കൊണ്ടാണ്. അവര്‍ കലയെ നെഞ്ചിലേറ്റി നടക്കുന്നവരാണ്. മറ്റു രീതിയിലുള്ള പ്രചാരണങ്ങള്‍ തികച്ചും അവാസ്തവവും ഈ നാട്ടിലെ സാധാരണക്കാരെയും സിനിമാ പ്രവര്‍ത്തകരെയും അപമാനിക്കല്‍ കൂടിയാണെന്നും സുധീഷ് കൂട്ടിച്ചേർത്തു.