ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ നിലപാട് കടുപ്പിച്ച് സംവിധായകൻ വിനയൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ഇടപെട്ട രഞ്ജിത്തിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വിനയൻ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണുമെന്നും തെളിവുകൾ സഹിതം പരാതി കൈമാറുമെന്നും വിനയൻ ദ ഫോർത്തിനോട് പറഞ്ഞു. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് വിനയന്റെ തീരുമാനം
രഞ്ജിത്ത് പുരസ്കാര നിർണയത്തിൽ ഇടപെട്ടെന്നും വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടെന്ന ചിത്രത്തെ പുരസ്കാരങ്ങൾക്കായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടെന്നുമാണ് ആരോപണം. രഞ്ജിത്തിനെതിരെ ജൂറി അംഗം കൂടിയായ നേമം പുഷ്പരാജ് സംസാരിക്കുന്ന ഓഡിയോയും വിനയൻ പുറത്തുവിട്ടിരുന്നു. രഞ്ജിത്ത് അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ആരോപണങ്ങൾക്ക് രഞ്ജിത്ത് മറുപടി പറയണമെന്നും ഓഡിയോയിൽ നേമം പുഷ്പരാജ് ആവശ്യപ്പെടുന്നുണ്ട്. ഇതിന് പിന്നാലെയാണ് പരാതിയുമായി വിനയൻ സർക്കാരിനെ സമീപിക്കുന്നത്.
അക്കാദമിയെ പ്രതിനിധീകരിച്ച് സെക്രട്ടറി മാത്രമാണ് ജൂറിയിൽ ഉണ്ടാവുക. അക്കാദമി ചെയർമാന് പുരസ്കാര നിർണയത്തിൽ ഇടപെടാനാകില്ലെന്നാണ് ചട്ടം. മുൻപും സംസ്ഥാന പുരസ്കാര നിർണവുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ജൂറി അംഗം തന്നെ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തുന്നത്. അതിനാൽ തന്നെ വിനയൻ നൽകുന്ന പരാതി സർക്കാരിന് നിസാരമായി തള്ളാൻ സാധിച്ചേക്കില്ല