ജാൻവി കപൂർ 
ENTERTAINMENT

മിസ്റ്റർ ആൻഡ് മിസിസ് മഹിക്കായി ക്രിക്കറ്റ് പരിശീലിച്ചത് രണ്ട് വർഷം, തോളുകൾക്ക് സ്ഥാനചലനം സംഭവിച്ചു: ജാൻവി കപൂർ

ബുധനാഴ്ച മുംബൈയിൽ നടന്ന 'ദേഖ തേനു' ഗാനത്തിൻ്റെ ലോഞ്ചിങ് ചടങ്ങിലാണ് ജാൻവി ചിത്രത്തിനായുള്ള തൻ്റെ തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിച്ചത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

തന്റെ ഏറ്റവും പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് മഹിക്കായി ക്രിക്കറ്റ് പരിശീലിക്കുന്നതിനിടെ തന്റെ രണ്ട് തോളുകൾക്കും പരുക്കേറ്റിരുന്നതായി നടി ജാൻവി കപൂർ. കായികപരിശീലനത്തിനിടെ തൻ്റെ രണ്ട് തോളുകൾക്കും സ്ഥാനചലനം സംഭവിച്ചതായാണ് നടി വെളിപ്പെടുത്തിയത്. ക്രിക്കറ്റ് പരിശീലനത്തിനായി ഏകദേശം രണ്ട് വർഷം ചെലവഴിച്ചതായും ജാൻവി കഴിഞ്ഞ ദിവസം പറഞ്ഞു.

ജാൻവി ക്രിക്കറ്റ് പരിശീലനത്തിനിടെ

ബുധനാഴ്ച മുംബൈയിൽ നടന്ന 'ദേഖ തേനു' ഗാനത്തിൻ്റെ ലോഞ്ചിങ് ചടങ്ങിലാണ് ജാൻവി ചിത്രത്തിനായുള്ള തൻ്റെ തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിച്ചത്. “ഒരുപാട് കഠിനാധ്വാനം ചെയ്തു. രണ്ട് വർഷത്തോളം പരിശീലിച്ചു. മിലി പ്രമോഷനിടയിലാണ് പരിശീലനം ആരംഭിച്ചത്. ഇപ്പോൾ രണ്ട് വർഷമായി," ജാൻവി പറഞ്ഞു.

രാജ്‌കുമാർ റാവുവിനെ നായകനാക്കി ശരൺ ശർമയാണ് മിസ്റ്റർ ആൻഡ് മിസിസ് മഹി സംവിധാനം ചെയ്തത്. ചിത്രത്തിൽ താനൊരു യഥാർഥ ക്രിക്കറ്റ് കളിക്കാരി ആകണമെന്നും ശരൺ ശർമ ആഗ്രഹിച്ചിരുന്നുവെന്ന് ജാൻവി പറയുന്നു. എല്ലാം കൃത്യമായി ചെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. തട്ടിപ്പുകൾക്കു തയ്യാറായിരുന്നില്ല. എല്ലാം ആധികാരികമായി തോന്നണമെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രിക്കറ്റ് രംഗങ്ങൾ മെച്ചപ്പെടുത്താൻ വിഎഫ്എക്‌സ് ഉപയോഗിക്കാനും അദ്ദേഹം തയ്യാറായിരുന്നില്ലെന്നും നടി പറഞ്ഞു.

"എനിക്ക് കുറച്ച് പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. തോളുകൾ രണ്ടും സ്ഥാനം തെറ്റി. എന്നാൽ സംവിധായകനും ഇത്രയും കഠിനാധ്വാനം ചെയ്ത എൻ്റെ പരിശീലകരായ അഭിഷേക് നയ്യാർക്കും വിക്രാന്തിനുമാണ് ക്രെഡിറ്റ് നൽകേണ്ടത്. പരിശീലനം അവസാനിപ്പിക്കാൻ എനിക്ക് തോന്നിയിരുന്നു. എൻ്റെ ശരീരം കൈവിട്ടു. പക്ഷേ അവർ എന്നെ പ്രചോദിപ്പിച്ചു. ശരൺ ശർമയുടെ കാഴ്ചപ്പാടും അഭിനിവേശവും കാണുമ്പോഴെല്ലാം എനിക്കു ദേഷ്യവും നിരാശയും തോന്നിയിരുന്നു. ഞങ്ങൾ വഴക്കിടുമായിരുന്നു. പക്ഷേ ഇന്ന് ഞങ്ങൾ ഇവിടെയെത്തി. ഞങ്ങൾ ഒരു ടീമായി ചെയ്ത ജോലിയിൽ എനിക്ക് സംതൃപ്തി തോന്നുന്നു. ആളുകൾ അതിനെ അഭിനന്ദിക്കുകയും സിനിമ ഇഷ്ടപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു," ജാൻവി കപൂർ പറഞ്ഞു. താൻ കായികരംഗത്ത് വലിയ താല്പര്യങ്ങളില്ലാത്ത ആളായിരുന്നുവെന്നും നടി പറഞ്ഞിരുന്നു.

ധാരാളം നിരൂപക പ്രശംസ നേടിയ ജാൻവിയുടെ 'ഗഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ' എന്ന ചിത്രത്തിന്റെ കൂടെ സംവിധായകനാണ് ശരൺ ശർമ. മേയ് 31 നാണ് മിസ്റ്റർ ആൻഡ് മിസിസ് മഹി തിയേറ്ററുകളിൽ എത്തുക. ധർമ എൻ്റർടെയ്ൻമെൻ്റിൻ്റെയും സീ സ്റ്റുഡിയോയുടെയും ബാനറിലാണ് ചിത്രം ഒരുങ്ങിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ