മലയാള ചിത്രങ്ങളുടെ തുടര്‍ച്ചയായുള്ള പരാജയത്തിന് സിനിമകളുടെ നിലവാരത്തെ കുറ്റപ്പെടുത്തി തിയേറ്റര്‍ ഉടമകളും വിതരണക്കാരും. തിയേറ്റര്‍ എക്‌സപീരിയന്‍സ് ആവശ്യമുളള സിനിമകള്‍ വിജയിക്കുമെന്നതിന്റെ തെളിവാണ് 2018 ന്റെ വിജയം. ഒടിടി പ്ലാറ്റ്‌ഫോമുകളോ, പ്രേക്ഷകരുടെ അഭിരുചിയില്‍ ഉണ്ടായ വ്യത്യാസമോ അല്ല സിനിമകള്‍ പരാജയപ്പെടുന്നതിന്റെ കാരണമെന്ന് വിതരണക്കാരുടെ പ്രതിനിധി സിയാദ് കോക്കര്‍ പറഞ്ഞു. ഒരു 2018 കൊണ്ട് മാത്രം മലയാള സിനിമയോ തിയേറ്റര്‍ വ്യവസായമോ രക്ഷപ്പെടില്ലെന്ന് ഫിയോക്ക് പ്രതിനിധി എം സി ബോബിയും പറഞ്ഞു. 2018 ന്റെ വമ്പിച്ച വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും ദ ഫോര്‍ത്തിനോട് സംസാരിച്ചത്.
ഒരു 2018 കൊണ്ട് മാത്രം മലയാള സിനിമയോ, തീയേറ്റര്‍ വ്യവസായമോ രക്ഷപ്പെടില്ലെന്ന് ഫിയോക്ക്
തീയേറ്റർ എക്സീപിരിയൻസ് ആവശ്യപ്പെടുന്ന നല്ല സിനിമകൾ വന്നാൽ ജനം തീയേറ്ററിലേക്ക് എത്തും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് 2018. ഈ ചിത്രത്തിന് സാധാരണ ഷോയ്ക്ക് പുറമെ സ്പെഷ്യല്‍ ഷോ ഏര്‍പ്പെടുത്തിയതും തീയേറ്ററിലേക്ക് പ്രേക്ഷകര്‍ ഒഴുകിയെത്തിയതോടെയാണ്. അടുത്തെങ്ങും ഒരു മലയാള ചിത്രത്തിനും ഇങ്ങനെ സ്പെഷ്യൽ ഷോ ഉണ്ടായിട്ടില്ല . ശനിയാഴ്ച 60 ലേറെയും ഞായറാഴ്ച 80 ല്‍ അധികം സ്പെഷ്യല്‍ ഷോകളും 2018 നായി തീയേറ്ററുകള്‍ ഒരുക്കിയെന്നും സിയാദ് കോക്കര്‍ പറഞ്ഞു
പക്ഷെ ഒരു 2018 കൊണ്ട് മാത്രം മലയാള സിനിമയോ, തീയേറ്റര്‍ വ്യവസായമോ രക്ഷപ്പെടില്ലെന്ന് ഫിയോക്ക്. തുടര്‍ച്ചയായി തീയേറ്ററിലേക്ക് പ്രേക്ഷകരെ എത്തിക്കാനുള്ള സിനിമകള്‍ വരണമെന്നും ഫിയോക്ക് പ്രതിനിധി എം സി ബോബി ദ ഫോര്‍ത്തിനോട് പറഞ്ഞു.
ഒരു തീയേറ്ററില്‍ നിന്ന് ഒരു മാസം കുറഞ്ഞത് രണ്ടര ലക്ഷം രൂപയെങ്കിലും വരുമാനം ഉണ്ടെങ്കില്‍ മാത്രമേ നടത്തിക്കൊണ്ടു പോകാനാകൂ, വല്ലപ്പോഴും ഒരു ചിത്രം വിജയിക്കുന്നത് കൊണ്ട് മാത്രം അത് സാധ്യമാകില്ല. ഈ വര്‍ഷം വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് വിജയ പ്രതീക്ഷയുള്ളത്, ഓണം റിലീസായി പ്രതീക്ഷിക്കുന്ന ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്തയും, വര്‍ഷാവസാനം എത്തുമെന്ന് കരുതുന്ന മോഹന്‍ലാല്‍ -ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബനും. മറ്റ് ചിത്രങ്ങളൊക്കെ റിലീസ് ചെയ്താല്‍ മാത്രമേ വിധി അറിയാനാകൂ. യുവാക്കളെ തീയേറ്ററില്‍ എത്തിക്കാനായാല്‍ മാത്രമേ സിനിമകള്‍ വിജയിക്കൂ, രോമാഞ്ചവും, 2018 നും ഇതിന് തെളിവാണെന്നും എം സി ബോബി പറഞ്ഞു. നേരത്തെ കുടുംബ ചിത്രങ്ങളായിരുന്നു പ്രേക്ഷകനെ തീയേറ്ററില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് വളരെ വിരളമായി മാത്രമാണ് കുടുംബചിത്രങ്ങള്‍ വിജയിക്കാറുള്ളതെന്നും തീയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു
പാച്ചുവും അദ്ഭുതവിളക്കിനും മോശമല്ലാത്ത പ്രതികരണമുണ്ടായിട്ടുണ്ട്. എന്നാല്‍ 2018 നൊപ്പം തീയേറ്ററിലെത്തിയ ഒരു ചിത്രം ഒടിടിക്ക് വേണ്ടിയെടുത്തതാണ്. ആ ചിത്രത്തിന് ആളുകയറുന്നില്ല. 2018 ന് ടിക്കറ്റ് ലഭിക്കാതെ വരുന്ന കുറച്ച് പേര്‍ മാത്രമാണ് ആ ചിത്രം കാണാന്‍ കയറുന്നത്. ഒടിടിക്ക് വേണ്ടി നിര്‍മിച്ച ഇത്തരം സിനിമകള്‍ തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രേക്ഷകര്‍ തീയേറ്ററില്‍ നിന്ന് അകന്ന് തുടങ്ങിയതെന്നും തീയേറ്റര്‍ ഉടമകൾ കുറ്റപ്പെടുത്തി. ഈ പ്രശ്നത്തിനാണ് ആദ്യം ശാശ്വത പരിഹാരം കാണേണ്ടതെന്നും ഫിയോക്ക് ആവശ്യപ്പെടുന്നു.