ajaymadhu
ENTERTAINMENT

അഭിനയകലയുടെ എല്ലാ കാര്യങ്ങളും അറിയാമെന്ന ധാരണ തനിക്കില്ല: വിജയ് സേതുപതി

മേളയുടെ നാലാം ദിനമായ വ്യാഴാഴ്ച മമ്മൂട്ടിയും ജ്യോതികയും അഭിനയിച്ച ജിയോബേബി ചിത്രം കാതല്‍ - ദി കോര്‍ പ്രദര്‍ശിപ്പിക്കും

സി എസ് സിദ്ധാർത്ഥന്‍

അഭിനയകലയുടെ ആധുനിക സങ്കേതങ്ങളും വിവിധ പേരുകളും തനിക്കറിയില്ലെന്നും അനായാസമായി അഭിനയിക്കാന്‍ മാത്രമാണു താന്‍ ശ്രമിക്കുന്നതെന്നും നടന്‍ വിജയ് സേതുപതി. എഴുതി തയാറാക്കിയ തിരക്കഥയില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത്. എല്ലാ കാര്യങ്ങളും തനിക്കറിയാമെന്ന ധാരണ തനിക്കില്ലെന്നും വിജയ് സേതുപതി പറഞ്ഞു. ഗോവന്‍ രാജ്യന്തര ചലച്ചിത്രമേളയുടെ മൂന്നാംദിനം നിറഞ്ഞുനിന്ന വിജയ് സേതുപതി ഖുശ്ബുവുമായി നടത്തിയ ഇന്‍ കണ്‍വെര്‍സേഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.

ചലച്ചിത്രമേളയില്‍ സിനിമകള്‍ക്ക് എത്തുന്നതിനേക്കാള്‍ പ്രതിനിധികള്‍ ഇന്‍ കോണ്‍വെര്‍സേഷന്‍ നടന്ന കലാ അക്കാഡമിയിലേയ്ക്ക് എത്തുകയായിരുന്നു. റിസര്‍വേഷന്‍ നടത്തിയവര്‍ക്ക് മാത്രമായിരുന്നു പ്രവേശനമെങ്കിലും പ്രതിനിധികള്‍ ഒഴുകിയെത്തി. സിനിമകളെ കുറിച്ചുള്ള അറിവ് സ്വയം ആര്‍ജ്ജിച്ചെടുത്തതാണെന്ന് വിശദീകരിച്ച വിജയ് സേതുപതി അഭിനയത്തിന്റെ സാങ്കേതികത്വങ്ങളൊന്നും വശമില്ലെന്നും വിശദീകരിച്ചു. അഭിനയിക്കാന്‍ പറയുമ്പോള്‍ അത് അനുസരിക്കുന്നു. കഥാപാത്രങ്ങള്‍ക്ക് ചേരുന്ന രീതികള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നു. ഇതല്ലാതെ ആധുനിക സങ്കേതങ്ങളൊന്നും തനിക്ക് അറിയില്ല. ഒഴുക്കിനൊത്ത് നീന്തുന്നു. അത് സിനിമകള്‍ക്ക് പിന്നാലെ സഞ്ചരിച്ചതില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത അറിവാണ്.

വില്ലന്‍ വേഷങ്ങളും സിനിമയുടെ ഭാഗമാണ്. പ്രത്യേക വേഷങ്ങളില്‍ ഒതുങ്ങാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണ് എല്ലാ വേഷങ്ങളും സ്വീകരിക്കുന്നത്. തിരക്കഥ ആവശ്യപ്പെടുന്ന തരത്തില്‍ വിവിധ ഭാവങ്ങള്‍ നല്‍കണം. അതില്‍ വില്ലന്‍ വേഷങ്ങളെന്ന മാറ്റിനിര്‍ത്തലുകള്‍ പാടില്ലെന്നാണ് കരുതുന്നത്. സിനിമകളിലെ താരങ്ങളേക്കാള്‍ കഥയെയും കഥാപാത്രങ്ങളെയുമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ പിന്തുടരുന്നത്. അതുകൊണ്ടു തന്നെ പുതിയ സിനിമകള്‍ മികച്ചതാകുന്നു. ആത്മാര്‍ത്ഥമായ സമര്‍പ്പണം കഥാപാത്രങ്ങള്‍ക്കായി നല്‍കുകയും മനസിനെ സ്വതന്ത്രമായി വിടുകയും ചെയ്യുകയാണ് വേണ്ടത്. ഇതല്ലാതെ അഭിനയത്തിന് മറ്റൊരു ഫോര്‍മുലയും തന്റെ കൈവശമില്ല. ട്രാന്‍സ്ജെന്‍ഡര്‍ വേഷം ചെയ്ത സിനിമയിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. സിനിമയില്‍ കാണുന്നതിനേക്കാള്‍ കടുത്ത പ്രശ്നങ്ങളാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടുന്നതെന്നും വിജയ് സേതുപതി വ്യക്തമാക്കി.

ചലച്ചിത്ര മേളയുടെ മൂന്നാം നാള്‍ മികച്ച സിനിമകളാണ് പ്രദര്‍ശനത്തിനെത്തിയത്. മലയാള നടി പാര്‍വ്വതി തിരുവോത്ത് അഭിനയിച്ച അനിരുദ്ധ് റോയ് ചൗധരിയുടെ ഹിന്ദി ചിത്രം കടക് സിംഗ് പ്രദര്‍ശിപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് റിട്രോ ഗ്രേഡ് അംനേഷ്യ ബാധിക്കുന്നതും അദ്ദേഹം അന്വേഷിക്കുന്ന കേസിന്റെ മുന്നോട്ടുള്ള നീക്കങ്ങളുമാണ് പ്രമേയം. മികച്ച പ്രകടനം കൊണ്ട് പങ്കജ് ത്രിപാഠിയും സഞ്ജന സാംഘിയും പാര്‍വ്വതിയും പ്രേക്ഷക പ്രീതി നേടി. നാലാം ദിനമായ വ്യാഴാഴ്ച മമ്മൂട്ടിയും ജ്യോതികയും അഭിനയിച്ച ജിയോബേബി ചിത്രം കാതല്‍ - ദി കോര്‍ പ്രദര്‍ശിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം നിരോധിച്ചതിന് പിന്നാലെയാണ് രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം