ENTERTAINMENT

ഡോൺ പാലത്തറ-വിനയ് ഫോർട്ട് ചിത്രം 'ഫാമിലി' ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ

ചിത്രത്തിന്റെ ആദ്യ ഇന്ത്യൻ പ്രീമിയർ കൂടിയാണിത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശനത്തിനൊരുങ്ങി ഡോൺ പാലത്തറയുടെ 'ഫാമിലി'. ഇന്ത്യൻ പനോരമ വിഭാഗത്തിലേയ്ക്കാണ് ചിത്രം തിര‍ഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ റോട്ടർഡാമിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ കൂടിയാണിത്.

മേളയിലേയ്ക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ട്. സമകാലിക ഇന്ത്യയുടെ സങ്കീർണതകളെക്കുറിച്ച് 'ഫാമിലി'ക്ക് ചിലത് പറയാനുണ്ട്
നിർമ്മാതാവ് ന്യൂട്ടൺ സിനിമ

നടൻ വിനയ് ഫോർട്ടാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായ സോണിയെ അവതരിപ്പിക്കുന്നത്. ബുദ്ധിമുട്ടുന്ന കുട്ടികളെ അവരുടെ പഠനത്തിൽ സഹായിച്ചും സന്നദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും തന്റെ നാട്ടുകാർക്ക് ഒരു കൈത്താങ്ങായി എപ്പോഴും നിൽക്കുന്ന മാതൃകാ ക്രിസ്ത്യാനിയാണ് സോണി. ദുരന്തത്തിൽ അകപ്പെടുന്ന കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനും പുനരധിവസിപ്പിക്കാനും പള്ളിയുമായി ചർച്ച നടത്തുന്ന സോണി പതിയെ ആ ചെറിയ കത്തോലിക്കാ ഗ്രാമത്തിന്റെ ഹൃദയമിടിപ്പായി മാറുന്നു. പക്ഷേ, സോണിയുടെ പ്രകടമായ സ്വഭാവത്തിനപ്പുറം മറ്റൊരു മുഖമുണ്ടോ എന്ന സംശയത്തിലൂടെയാണ് കഥ മുന്നേറുന്നത്.

ഒരു ഗ്രാമത്തിനും ഒരു വ്യക്തിക്കും അയാളുടെ മതത്തിനുമപ്പുറം, കേരള സമൂഹത്തെ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ചിത്രം. ഒപ്പം സമകാലിക ഇന്ത്യയിലെ കുടുംബ ബന്ധങ്ങളുടെ സങ്കീർണതകളും വൈരുദ്ധ്യങ്ങളും പ്രമേയമാകുന്നു. കഥാപാത്രങ്ങളുടെ പ്രകടനവും, ഛായാ​ഗ്രഹണവും, കൈകാര്യം ചെയ്യുന്ന പ്രമേയവും കൊണ്ടെല്ലാം ഇതിനോടകം നിരൂപകശ്രദ്ധ നേടിയ ചിത്രം കൂടിയാണ് ഫാമിലി.

ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ന്യൂട്ടൺ സിനിമയാണ് നിർമാണം. ജലീൽ ബാദുഷയാണ് ഛായാഗ്രഹണം. ദിവ്യപ്രഭ, നിൽജ കെ ബേബി, അഭിജ ശിവകല, മാത്യു തോമസ്, ജോളി ചിറയത്ത്, മനോജ് പണിക്കർ, ഇന്ദിര എ കെ, സജിത മഠത്തിൽ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

'ഫാമിലി'യുടെ ആദ്യ ഇന്ത്യൻ പ്രദർശനം ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലൂടെ ആയതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ഡോൺ പാലത്തറ പറയുന്നു. മേളയിലേയ്ക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും, സമകാലിക ഇന്ത്യയുടെ സങ്കീർണതകളെക്കുറിച്ച് 'ഫാമിലി'ക്ക് ചിലത് പറയാനുണ്ടെന്നും നിർമാതാവ് ന്യൂട്ടൺ സിനിമയും പ്രതികരിച്ചു. 14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2023 മാർച്ച് 23 മുതൽ 28 വരെയാണ് നടക്കുക.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം