വമ്പൻ തീയറ്റർ കളക്ഷനുമായി ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ. ഒക്ടോബർ 31 ന് ദീപാവലി റിലീസായി എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ആദ്യ മൂന്നു ദിനം കൊണ്ട് നേടിയത് 40 കോടിയോളം രൂപയാണ്. ആദ്യ ദിനം 12 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ചിത്രത്തിന് മൂന്നാം ദിനം കേരളത്തിൽ നിന്നുമാത്രം നേടാനായത് 2 കോടി 30 ലക്ഷം രൂപയായിരുന്നു. കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്ക് ഉയർന്നിരുന്നു. രണ്ടാം ദിനം 14 കോടിക്ക് മേലെയും മൂന്നാം ദിനത്തിൽ 13 കോടിയോളം രൂപയും ആഗോള തലത്തിൽ ചിത്രം നേടി.
ആദ്യ മൂന്നു ദിവസം കൊണ്ട് ചിത്രം ആറര കോടിയോളം ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ദുൽഖറിന്റെ ഉടമസ്ഥതയിലുളള വേഫെറർ ഫിലിംസാണ് കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത്. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവഹിച്ച് പീരീഡ് ഡ്രാമ ത്രില്ലർ ഴോണറിൽ ഒരുക്കിയ ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുകയാണ്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാവും ലക്കി ഭാസ്കർ എന്നാണ് നിലവിലെ വിലയിരുത്തൽ. ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് ചിത്രം പറയുന്നത്. 1992 ൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പാണ് പ്രമേയത്തിന് പശ്‌ചാത്തലം. മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ഭാസ്കർ എന്ന ഒരു കാഷ്യറുടെ റോളിലാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ എത്തുന്നത്. ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് അയാൾ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്.
ഫോര്‍ച്യൂണ്‍ ഫയര്‍ സിനിമാസിന്റെ ബാനറിൽ സിതാര എന്റെര്‍റ്റൈന്മെന്റ്‌സും നാഗ വംശി,സായി സൗജന്യാ എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം, നവിൻ നൂലിയാണ് ചിത്രസംയോജനം. സീതാരാമത്തിന്റെ വിജയത്തിനുശേഷം വീണ്ടും വമ്പൻ കളക്ഷൻ നേടുന്ന ദുൽഖറിന്റെ പാന്‍ ഇന്ത്യൻ ചിത്രം എന്നതിനൊപ്പം ധനുഷിന്റെ ബ്ലോക്ക്ബസ്റ്റര്‍ വാത്തിക്ക് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ലക്കി ഭാസ്കറിനുണ്ട്.