ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള തർക്കത്തിനിടെ ചലച്ചിത്ര സംവിധായകൻ ഡോക്ടർ ബിജു കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ നിന്ന് രാജിവെച്ചു. ബോർഡ് മെമ്പർ സ്ഥാനത്ത് നിന്നാണ് ഡോക്ടർ ബിജു രാജി വെച്ചിരിക്കുന്നത്. തൊഴിൽ സംബന്ധമായ കാരണങ്ങൾ കൊണ്ടാണ് രാജിവെച്ചതെന്നാണ് വിശദീകരണം.
നേരത്തെ ഒരു മാധ്യമത്തിന് രഞ്ജിത്ത് നൽകിയ അഭിമുഖത്തിൽ ഡോക്ടർ ബിജുവിനെ കുറിച്ചുള്ള പരാമർശങ്ങൾ വിവാദമായിരുന്നു. തീയേറ്ററിൽ ആളുകൾ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോ. ബിജുവിന് ഒക്കെ എന്താണ് റെലവൻസ് ഉള്ളതെന്നായിരുന്നു രഞ്ജിത്തിന്റെ പരാമർശം.
ഇതിന് പിന്നാലെ രഞ്ജിത്തിനെതരിരെ രൂക്ഷ വിമർശനവുമായി ഡോക്ടർ ബിജു സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു. 'ആദ്യമേ തന്നെ താങ്കളുടെ അജ്ഞതയിൽ സഹതാപം രേഖപ്പെടുത്തട്ടെ. തീയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ ഞാൻ ആളല്ല. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളെ പറ്റിയും. തിയറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല,'' എന്നായിരുന്നു ഡോക്ടർ ബിജു ഫേസ്ബുക്കിൽ കുറിച്ചത്.
നേരത്തെയും ചലച്ചിത്രം അക്കാദമിയുമായി ബന്ധപ്പെട്ട് ഡോക്ടർ ബിജു പ്രതിഷേധം അറിയിച്ചിരുന്നു. നേരത്തെ ഡോക്ടർ ബിജു സംവിധാനം ചെയ്തിരുന്ന 'അദൃശ്യജാലകങ്ങൾ' എന്ന ചിത്രം ഐഎഫ്എഫ്‌കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെ ഇനി മുതൽ ഫെസ്റ്റിവൽ കാലിഡോസ്‌കോപ് ഉൾപ്പെടെ ഒരു വിഭാഗത്തിലും ഐഎഫ്എഫ്‌കെ യിലേക്ക് സിനിമ പ്രദർശിപ്പിക്കാൻ താല്പര്യപ്പെടുന്നില്ലെന്നും ഡോകടർ ബിജു പറഞ്ഞിരുന്നു.
എന്നാൽ പിന്നീട് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ ഇടപ്പെട്ടതോടെ ഫെസ്റ്റിവലിൽ കാലിഡോസ്‌കോപ്പിൽ 'അദൃശ്യജാലകങ്ങൾ' പ്രദർശിപ്പിക്കാൻ ഡോക്ടർ ബിജു അനുവദിച്ചിരുന്നു. ഇതിനിടെ ചലച്ചിത്ര പുരസ്‌ക്കാര നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപ്പെട്ടെന്നുള്ള ആരോപണത്തിന് പിന്നാലെ വിമർശനവുമായും ബിജു രംഗത്ത് എത്തിയിരുന്നു.