ENTERTAINMENT

പകര്‍പ്പവകാശ ലംഘനാരോപണം: പോപ് ഇന്‍ഡസ്ട്രി ഉപേക്ഷിക്കുമെന്ന് എഡ് ഷീരന്‍

എഡ് ഷീരൻ്റെ 'തിങ്കിങ് ഔട്ട് ലൗഡ്' എന്ന ഗാനത്തിനെതിരെയാണ് പകർപ്പവകാശലംഘനാരോപണം

വെബ് ഡെസ്ക്

'തിങ്കിങ് ഔട്ട് ലൗഡ്' എന്ന ഗാനത്തിനെതിരായുളള പകര്‍പ്പവകാശ ലംഘന കേസില്‍ പരാജയപ്പെട്ടാല്‍ സംഗീതം ഉപേക്ഷിക്കുമെന്ന് ബ്രിട്ടീഷ് പോപ് താരം എഡ് ഷീരന്‍. 'തിങ്കിങ് ഔട്ട് ലൗഡ്' എന്ന ഗാനം, അന്തരിച്ച അമേരിക്കന്‍ പോപ് ഗായകനായ മാര്‍വിന്‍ ഗേയുടെ 'ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണ്‍' എന്ന ഗാനത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് എഡ് ഷീരനെതിരെയുള്ള ആരോപണം.

'ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണി'ന്റെ സഹരചയിതാവായ എഡ് ടൗണ്‍സെന്‍ഡിന്റെ എസ്റ്റേറ്റാണ് പോപ് താരത്തിനെതിരെ കേസ് കൊടുത്തത്. തനിക്കെതിരായ ആരോപണങ്ങള്‍ അപമാനകരമാണെന്നും തിങ്കിങ് ഔട്ട് ലൗഡില്‍ ഉപയോഗിച്ചിരിക്കുന്ന കോർഡുകള്‍ നിരവധി ഗാനങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളതാണെന്നും എഡ് ഷീരന്‍ കൂട്ടിചേര്‍ത്തു. എന്നാല്‍ തന്റെ ഗാനം മാര്‍വിന്‍ ഗേയുടെ 'ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണിന്റെ പകര്‍പ്പാണെന്ന് ജഡ്ജിമാര്‍ തീരുമാനിച്ചാല്‍ താന്‍ പാട്ടു പാടുന്നത് തന്നെ നിര്‍ത്തുമെന്നുമെന്നും എഡ് ഷീരന്‍ അറിയിച്ചു.

അനുമതിയില്ലാതെ ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണ്‍ എന്ന ഗാനം ഷീരന്‍ പകര്‍ത്തിയെന്നും 2014-ല്‍ അത് റെക്കോര്‍ഡ് ചെയ്ത് പുറത്തിറക്കി എന്നുമായിരുന്നു പരാതി

'ഇത് വളരെ അപമാനകരമാണ്, ഞാന്‍ ഇന്ന് എവിടെയാണോ അവിടം വരെയെത്താന്‍ ഏറെ പരിശ്രമിച്ചിട്ടുണ്ട്' എന്ന് എഡ് ഷീരന്‍ പറഞ്ഞു. എഡ് ടൗണ്‍സെന്‍ഡിന്റെ എസ്റ്റേറ്റ് 2016-ലാണ് എഡ് ഷീരനെതിരെ പകര്‍പ്പവകാശ ലംഘനത്തിന് കേസ് നല്‍കിയത്. അനുമതിയില്ലാതെ ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണ്‍ എന്ന ഗാനം ഷീരന്‍ പകര്‍ത്തിയെന്നും 2014-ല്‍ അത് റെക്കോര്‍ഡ് ചെയ്ത് പുറത്തിറക്കി എന്നുമായിരുന്നു പരാതി. എന്നാല്‍ കൃത്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ 2016 നവംബറില്‍ കോടതി ഈ കേസ് തള്ളികളഞ്ഞു.

എന്നാല്‍ 2017 ജൂലൈയില്‍ ടൗണ്‍സെന്‍ഡ് എസ്റ്റേറ്റ് വീണ്ടും മാന്‍ഹട്ടനിലെ കോടതിയെ സമീപിച്ചു . കൂടാതെ, ജൂലൈ 2018ല്‍ സ്ട്രക്‌ച്ചേര്‍ഡ് അസറ്റ് സെയില്‍സ് എന്ന കമ്പനിയും 'ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണ്‍' എന്ന ഗാനത്തില്‍ അവകാശവാദവുമായി മുന്നോട്ട് വന്നു. പാട്ടിലുള്ള എഡ് ടൗണ്‍സെന്‍ഡിന്റെ ഓഹരിയില്‍ ഒരു ഭാഗം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട കമ്പനി 100 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എഡ് ഷീരനെതിരെ കേസ് കൊടുക്കുകയായിരുന്നു.

രണ്ട് ഗാനങ്ങളും തമ്മില്‍ സമാനതകളുണ്ടെന്ന് കണ്ടെത്തിയ കോടതി കേസ് തള്ളിക്കളയാനാവില്ലെന്നും വിലയിരുത്തി

ഹര്‍ജി തള്ളിക്കളയണം എന്നാവശ്യപ്പെട്ട് എഡ് ഷീരന്‍ കോടതിയെ സമീപച്ചെങ്കിലും, 2019 ജനുവരി 3ന് യു എസ് ഡിസ്ട്രിക്റ്റ് കോടതി ഷീരന്റെ അപേക്ഷ നിരസിക്കുകയായിരുന്നു. രണ്ട് ഗാനങ്ങളും തമ്മില്‍ സമാനതകളുണ്ടെന്ന് കണ്ടെത്തിയ കോടതി കേസ് തള്ളിക്കളയാനാവില്ലെന്നും വിലയിരുത്തി. രണ്ട് രചനകളും ഒരു പോലെയല്ലെങ്കിലും ഒരു ശരാശരി ആസ്വാദകന് തിങ്കിങ് ഔട്ട് ലൗഡിലെ ചില ഭാഗങ്ങള്‍ ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണില്‍ നിന്ന് എടുത്തതാണെന്ന് മനസ്സിലാകുമെന്ന് ജഡ്ജി വിലയിരുത്തി.

താരങ്ങള്‍ക്കെതിരെ പകര്‍പ്പവകാശ ലംഘന നടപടികള്‍ വരുന്നത് പോപ് സംഗീത മേഖലയില്‍ വർദ്ധിച്ചുവരികയാണ്. 2017ല്‍ എഡ് ഷീരന്റെ 'ഷേപ്പ് ഓഫ് യൂ' എന്ന ഗാനത്തിനും പകര്‍പ്പവകാശ ലംഘന നടപടികള്‍ നേരിടേണ്ടി വന്നിരുന്നു. അന്ന് പരാതിക്കാര്‍ക്കെതിരെ എഡ് ഷീരന്‍ കേസ് വിജയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഒരു അഭിമുഖത്തില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ എഡ് ഷീരന്‍ ആഞ്ഞടിക്കുകയുണ്ടായി.

'ഞാന്‍ ഒരു സ്ഥാപനമോ കോര്‍പ്പറേഷനോ അല്ല, ഞാന്‍ ഒരു മനുഷ്യനാണ്. ഒരു അച്ഛനാണ്, ഭര്‍ത്താവാണ്, മകനാണ്. കേസുകള്‍ ഒരു സുഖകരമായ അനുഭവമല്ല, ഇത്തരം വിധികളിലൂടെ ഭാവിയില്‍ ഇതുപോലുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു അന്ന് എഡ് ഷീരന്റെ പ്രതികരണം

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ