കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന 'മഹാദേവ്' ചൂതാട്ട ആപ്പ് സ്ഥാപകൻ സൗരഭ് ചന്ദ്രാകറിന്റെ ആഡംബര വിവാഹത്തിൽ പങ്കെടുത്ത ബോളിവുഡ് താരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരീക്ഷണത്തിൽ. സണ്ണി ലിയോണി, ടൈഗർ ഷ്‌റോഫ്, ഗായിക നേഹ കക്കർ തുടങ്ങിയ പ്രമുഖരാണ് ഇ ഡി നിരീക്ഷണത്തിലുള്ളത്. ഇവരെ ചോദ്യം ചെയ്യലിനായി ഉടൻ വിളിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷം ഫെബ്രുവരിയിൽ ദുബായിലായിരുന്നു സൗരഭിന്റെ 200 കോടി ചെലവഴിച്ചുള്ള ആഡംബര വിവാഹം. ഗായകരായ ആത്തിഫ് അസ്‌ലം, രാഹത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്‌ലാനി, എല്ലി അവ്‌റാം, ഭാരതി സിങ്, ഭാഗ്യശ്രീ, കൃതി ഖർബന്ദ, നുസ്രത്ത് ബറൂച്ച, കൃഷ്ണ അഭിഷേക്, സുഖ്‌വീന്ദർ സിങ് തുടങ്ങി സെലിബ്രൈറ്റികളും സൗരഭിന്റെ വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ട്.
ആഡംബര വിവാഹത്തിലെ 200 കോടിയുടെ ഭൂരിഭാഗവും സൗരഭ് ചന്ദ്രാകർ ചെലവഴിച്ചത് വിവാഹത്തിൽ പങ്കെടുക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്ത ബോളിവുഡ് താരങ്ങൾക്ക് വേണ്ടിയാണ്. ദുബായിൽനിന്ന് ഓൺലൈൻ ചൂതാട്ട ആപ്പ് നടത്തുന്ന സൗരഭ് ചന്ദ്രാകറിനും ബിസിനസ് പങ്കാളി രവി ഉപ്പലിനുമെതിരെ ഇന്ത്യയിൽ 5,000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസാണ് നിലനിൽക്കുന്നത്.
കഴിഞ്ഞ ദിവസം ഇ ഡി മഹാദേവ ചൂതാട്ട ആപ്പുമായി ബന്ധപ്പെട്ട 417 രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടുകയും മരവിപ്പിക്കുകയും ചെയ്തിരുന്നു. വാതുവയ്‌പ്പിലൂടെ ലഭിക്കുന്ന തുക ഓഫ്‌ഷോർ അക്കൗണ്ടുകളിലേക്ക് വക മാറ്റി ഉപയോഗിച്ച് വലിയ തോതിലുള്ള ഹവാല ഇടപാടുകൾ നടന്നിരുന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. മഹാദേവ് ബെറ്റിങ് ആപ്പിനെ ക്കുറിച്ച് വിവിധ സംസ്ഥാനങ്ങളിലെ പോലീസും ഇ ഡിയും സമാന്തരമായ അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചൂതാട്ട ആപ്പിന്റെ സക്സസ് പാർട്ടി നടന്നതായും നിരവധി ഗായകരും അഭിനേതാക്കളും പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഈ താരങ്ങളും ഇ ഡിയുടെ നിരീക്ഷണത്തിലാണ് എന്നാണ് സൂചന. രണ്ട് പരിപാടികൾക്കും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ നിന്ന് ഹവാല വഴിയാണ് ബോളിവുഡ് വമ്പന്മാർ പണം കൈപ്പറ്റിയതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സക്സസ് പാർട്ടിയിൽ സംഘാടകർ 'മികച്ച നടനെ' തിരഞ്ഞെടുക്കുകയും ഇയാൾക്ക് കോടികൾ പ്രതിഫലം നൽകുകയും ചെയ്തിട്ടുണ്ട്.