തമിഴ് സൂപ്പര്‍ താരം ധനുഷ് നായകാനാകുന്ന 'ക്യാപ്‌റ്റൻ മില്ലറി'ന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍. വന്യജീവികള്‍ക്ക് ശല്യമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി.
1940കളിലെ കഥ പറയുന്ന ക്യാപ്റ്റൻ മില്ലറിന്റെ പശ്ചാത്തലം പ്രധാനമായും തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ വനങ്ങളാണ്. എന്നാല്‍ സിനിമയുടെ സെറ്റ് ഇട്ടിരിക്കുന്നത് കലക്കാട് മുടന്തുറൈ കടുവാ സങ്കേതത്തിലാണ്. ഷൂട്ടിങ്ങിനെത്തിയ സംഘം ബഫര്‍ സോണ്‍മേഖലയായ ഇവിടെ ചിത്രീകരണത്തിനായി വലിയ ബീം ലൈറ്റുകള്‍ ഉപയോഗിക്കുന്നത് വന്യജീവികളെ അസ്വസ്ഥരാക്കുന്നുവെന്നാണ് പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതി.
ക്യാപ്റ്റന്‍ മില്ലര്‍ സംഘം ചെങ്കുളം കനാല്‍ കരയ്ക്ക് കേടുപാടുകള്‍ വരുത്തുകയും തകര്‍ന്ന ഭാഗം മണ്ണിട്ട് നികത്തുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തെ 15 ജലസംഭരണികളുടെ പ്രധാന സ്രോതസ്സാണ് ചെങ്കുളം കനാല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി 'ക്യാപ്റ്റന്‍ മില്ലര്‍' ടീമിനെതിരെ തെങ്കാശി ജില്ലാ ഭരണകൂടത്തിനാണു പരാതി നൽകിയിരിക്കുന്നത്.
കുറച്ച് മാസങ്ങളായി ക്യാപ്റ്റന്‍ മില്ലറിന്റെ ഷൂട്ടിങ് തെങ്കാശിയിലെ വനമേഖലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രീകരണം അവസാന ഘട്ടത്തിലുള്ള ആക്ഷന്‍ ത്രില്ലർ ചിത്രത്തിന്റെ സംവിധാനം അരുണ്‍ മഹേശ്വരനാണ്.
ധനുഷ് ബൈക്ക് റേസറായി എത്തുന്ന സിനിമയില്‍ പ്രിയങ്ക മോഹന്‍, കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍, സന്ദീപ് കിഷന്‍, നിവേദിത സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.