ഓസ്‌ട്രേലിയന്‍ പാര്‍ലമെന്‌റ് മമ്മൂട്ടിക്ക് ആദരമര്‍പ്പിച്ച് അദ്ദേഹത്തിന്റെ ഫോട്ടോ വച്ചുള്ള സ്റ്റാമ്പ് ഇറക്കിയെന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞദിവസം വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞിരുന്നു. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്‌റെ അംഗീകാരമെന്ന നിലയില്‍ കൂടിയാണ് ഈ വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ എന്താണ് ഇതിന്‌റെ സത്യാവസ്ഥ എന്താണ്? ചടങ്ങിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി എന്തെങ്കിലും ബന്ധമുണ്ടോ?
മമ്മൂട്ടിയെ ആദരിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ ആശംസ വായിച്ചെന്ന വാര്‍ത്തകളും തെറ്റ്
ഇല്ലെന്ന് ഓസ്‌ട്രേലിയയില്‍നിന്ന് പ്രസദ്ധീകരിക്കുന്ന മലയാള മാധ്യമമായ എസ്ബിഎസ് മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, അവിടെ പ്രധാനമന്ത്രിയുടെ ആശംസ വായിച്ചെന്ന വാര്‍ത്തകളും തെറ്റാണെന്ന് സ്റ്റാമ്പ് പ്രകാശനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച പാർലമെന്റ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ അധ്യക്ഷൻ കൂടിയായ ആന്‍ഡ്ര്യൂ ചാള്‍ട്ടന്‍ എം പി യെ ഉദ്ധരിച്ച് എസ്ബിഎസ് മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.
മമ്മൂട്ടിയെ ആദരിച്ചതാര് ?
ഇന്ത്യ- ഓസ്‌ട്രേലിയ ബിസിനസ് കൗണ്‍സില്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ മമ്മൂട്ടിക്ക് ആദരമേര്‍പ്പെടുത്തിയത് (ഇന്ത്യയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്‌റില്‍ രൂപീകരിക്കപ്പെട്ട എംപിമാരുടെ ഗ്രൂപ്പാണ് പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ). മമ്മൂട്ടിയെ ആദരിച്ച ചടങ്ങിന് ഓസ്ട്രേലിയൻ സര്‍ക്കാരുമായോ പാര്‍ലമെന്‌റുമായോ ബന്ധമില്ല.
ഓസ്‌ട്രേലിയയിലെ ചില മലയാളികളുടെ അഭ്യര്‍ഥന മാനിച്ച് എം പി മാരെ പങ്കെടുപ്പിച്ച് നടത്തിയ സ്റ്റാമ്പ് പ്രകാശനം മാത്രം
പ്രധാനമന്ത്രിയുടെ പ്രതിനിധിയായാണ് എം പി ചടങ്ങില്‍ പങ്കെടുത്തെന്ന പ്രചാരണവും തെറ്റാണെന്ന് ആന്‍ഡ്ര്യൂ ചാള്‍ട്ടന്‍ പറയുന്നു. അഭിനയത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും മമ്മൂട്ടി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ആദരം അര്‍പ്പിച്ചതെന്നാണ് ചടങ്ങ് സംഘടിപ്പിച്ച ഇന്ത്യ- ഓസ്‌ട്രേലിയ ബിസിനസ് കൗണ്‍സില്‍ പ്രതിനിധി ഇര്‍ഫാന്‍ മാലിക് പറയുന്നത്.
ഇത്തരമൊരു ആദരം സംഘടിപ്പിക്കുന്ന വിവരം മമ്മൂട്ടിയെ അറിയിച്ചിരുന്നോയെന്ന ചോദ്യത്തിൽനിന്ന് ഇര്‍ഫാന്‍ മാലിക് ഒഴിഞ്ഞുമാറി. ചുരുക്കത്തില്‍ ഓസ്‌ട്രേലിയയിലെ ചില മലയാളികളുടെ അഭ്യര്‍ഥന മാനിച്ച് എം പി മാരെ പങ്കെടുപ്പിച്ച് നടത്തിയ സ്റ്റാമ്പ് പ്രകാശനം മാത്രമാണ് കഴിഞ്ഞദിവസം കണ്ടത്.
ഓസ്‌ട്രേലിയന്‍ തപാല്‍ വകുപ്പില്‍ പണമടച്ചാല്‍ ആര്‍ക്ക് വേണമെങ്കിലും സ്വന്തം ചിത്രം സ്റ്റാമ്പായി പുറത്തിറക്കാന്‍ സാധിക്കും. ഇതാണ് ഒരുകൂട്ടം മലയാളികളും മാധ്യമങ്ങളും ഓസ്ട്രേലിയൻ സർക്കാരിന്റെ ആദരമാക്കി പ്രചരിപ്പിച്ചത്.