ഉരുൾപൊട്ടൽ ദുരിതംവിതച്ച വയനാടിന് താങ്ങായി കൂടുതൽ താരങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി ഫഹദ് ഫാസിലും നസ്റിയയും. ദുരിതബാധിതർക്ക് സഹായവും പിന്തുണയും നൽകി ഒപ്പം നിൽക്കുന്ന സന്നദ്ധപ്രവർത്തകരുടെയും രക്ഷാപ്രവർത്തകരുടെയും സംഘടനകളുടെയും പ്രവർത്തനങ്ങൾ ഏറെ പ്രശംസ അർഹിക്കുന്നതാണെന്നും സർക്കാരിന്റെ നിരന്തര ശ്രമങ്ങളെയും മാനിക്കുന്നുവെന്നും ഫഹദ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
''നിങ്ങളുടെ അർപ്പണബോധവും സഹിഷ്ണുതയും പ്രചോദനം നൽകുന്നതാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നിങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങളും നിർബന്ധിതരാകുന്നു. നമുക്ക് ഒരുമിച്ചുനിന്ന് ഈ ദുരന്തത്തെ മറികടക്കാം,'' ഫഹദും നസ്റിയയും ചേർന്ന മുഖ്യമന്ത്രിക്കയച്ച കത്തിൽ കുറിച്ചു.
മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്കു നൽകി.
നടൻ വിക്രത്തിനു പിന്നാലെ കമല്‍ഹാസന്‍, സൂര്യ, കാർത്തി, ജ്യോതിക, രശ്മിക മന്ദാന എന്നീ അന്യഭാഷാ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്കു സാമ്പത്തികസഹായം നൽകി. 50 ലക്ഷം രൂപയാണ് സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് നൽകിയത്. കമൽഹാസൻ 25 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്.
ഹൃദയം തകർന്നുപോകുന്നു എന്നായിരുന്നു ദുരന്തത്തോടുള്ള സൂര്യയുടെ പ്രതികരണം. ഉരുൾപൊട്ടലിന്റെ ദുരിതമനുഭവിക്കുന്നവർക്കായി പ്രാർഥിക്കുന്നുവെന്നും രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്ന് ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സർക്കാർ ഏജൻസികളോടും ബഹുമാനമെന്നും സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഭീകരമാണീ അവസ്ഥയെന്നും ദുരിതബാധിതരുടെ കുടുംബങ്ങൾക്കായി പ്രാർഥിക്കുന്നുവെന്നും രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ കുറിച്ചു. വാർത്ത കണ്ടപ്പോൾ ഏറെ വേദന തോന്നിയെന്നും രശ്മികയുടെ കുറിപ്പിൽ പറയുന്നു. 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരം സംഭാവന ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നടൻ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ കഴിഞ്ഞദിവസം സംഭാവന ചെയ്തിരുന്നു. കേരള ഫാൻസ് അസോസിയേഷനാണ് തുക കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.