അമേരിക്കന്‍ ആക്ഷന്‍ സ്‌പൈ ചിത്രമായ മിഷന്‍ ഇമ്പോസിബിള്‍- ഡെഡ് റെക്കനിങ് ഒന്നാം ഭാഗത്തിന്റെ ട്രെയ്ലർ ഇന്നലെയാണ് പുറത്തുവന്നത്. ട്രെയ്‌ലര്‍ ഇറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ ചില ഷോട്ടുകള്‍ക്ക് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലെ ഷോട്ടുകളുമായി സാമ്യമുണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സിനിമാഗ്രൂപ്പുകളില്‍ ചൂടുപിടിക്കുന്നത്. ഐഎംഎഫ് ഏജന്റായാണ് ചിത്രത്തില്‍ ടോം ക്രൂസ് എത്തുന്നത്.
ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ പഠാനില്‍ നിന്നും കോപ്പിയടിച്ച സീനുകളാണ് പലതുമെന്ന് സിനിമാപ്രേമികള്‍ പറയുന്നു. ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തില്‍ ഷാരൂഖ് ഖാനും സല്‍മാഖാനും തൂങ്ങി കിടക്കുന്നതുപോലെയുള്ള സീന്‍ മിഷന്‍ ഇമ്പോസിബിളിന്റെ ട്രെയ്‌ലറിലുമുണ്ട്.
സമാനമായ നിരവധി ആക്ഷന്‍ രംഗങ്ങളുള്ള ചിത്രത്തില്‍ ടോം ക്രൂസ് മലഞ്ചെരുവില്‍ തൂങ്ങി കിടക്കുന്നതായാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. ഇവ കൂടാതെ ട്രെയിന്‍ പറന്നുവന്ന് ഇടിച്ച് തകരുന്ന സീനുകളും കോപ്പിയടിച്ചവയാണെന്നാണ് സിനിമാപ്രേമികളുടെ പക്ഷം.
ഇത്രയും സാമ്യമുള്ള സീനുകള്‍ ഉണ്ടായിട്ടും ആരും ഇതിന്റെ പേരില്‍ മിഷന്‍ ഇംപോസിബിളിനെ ട്രോളുന്നില്ലേയെന്നാണ് ചിലരുടെ ചോദ്യം. ബോളിവുഡില്‍ നിന്നും കോപ്പിയടിക്കേണ്ട അവസ്ഥയാണോ ഹോളിവുഡിനെന്നും ചിലര്‍ തമാശരൂപേണ ചോദിക്കുന്നുണ്ട്.
മിഷന്‍ ഇംപോസിബിളിലെ ടോം ക്രൂസിന്റെ പ്രകടനത്തെ ജാക്കി ചാന്‍ സിനിമകളുമായി താരതമ്യം ചെയ്തുകൊണ്ടും ചില കമന്റുകളുണ്ട്. വലിയ പ്രതീക്ഷയോടെ കാണുന്ന ചിത്രത്തിന്റെ ട്രെയ്ലർ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
ക്രിസ്റ്റഫര്‍ എം.സി ക്യൂറി സംവിധാനവും തിരക്കഥയും നിര്‍വഹിച്ച ചിത്രത്തില്‍ ഹാര്‍ലി ആറ്റ്‌വെലാണ് ഫീമെയില്‍ ലീഡായി എത്തുന്നത്. ജൂലൈ 12നാണ് ചിത്രം റിലീസ് ചെയ്യുക.
ജനുവരി 25നായിരുന്നു പഠാന്‍ തിയേറ്ററുകളിലെത്തിയത്. ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തിയത്. ആക്ഷന്‍ സ്‌പൈ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് കിട്ടിയ മികച്ച പ്രതികരണം തകര്‍ന്നിരുന്ന ബോളിവുഡിന് വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. ആയിരം കോടി കളക്ഷന്‍ നേടിയ ചിത്രം നിര്‍മിച്ചത് യഷ് രാജ് ഫിലിംസായിരുന്നു.