ജൂഡ് ആന്തണി ജോസഫിന്റെ 2018 ന് വേണ്ടി മറ്റ് ചിത്രങ്ങളുടെ പ്രദർശന സമയം മാറ്റുന്നെന്ന ആരോപണത്തിനെതിരെ ഫിയോക്. നല്ല ചിത്രങ്ങൾ ഏത് സമയത്തായാലും ഓടുമെന്ന് ഫിയോക് പ്രതിനിധി സുരേഷ് ഷേണായി ദ ഫോർത്തിനോട് പറഞ്ഞു. 2018 നായി മറ്റ് ചിത്രങ്ങൾ മാറ്റുന്നു എന്ന പരാതിയൊന്നും ഫിയോക്കിന് ലഭിച്ചിട്ടില്ല, അങ്ങനെ ഒരു പരാതി തന്നാലും പരിഗണിക്കാനാകില്ല. കാരണം പ്രേക്ഷകരുടെ പ്രതികരണം കൂടി നോക്കിയ ശേഷമാണ് ഓരോ ചിത്രങ്ങളുടെയും ഷോ ടൈം തീരുമാനിക്കുന്നത്. ഡിമാന്റ് ആന്റ് സപ്ലൈ എന്ന ഫോർമുല മാത്രമേ ഇക്കാര്യത്തിൽ പിന്തുടരാനാകൂയെന്നും ഫിയോക് വ്യക്തമാക്കി
ഡിമാന്റ് ആന്റ് സപ്ലൈ എന്ന ഫോർമുല മാത്രമേ പിന്തുടരാനാകൂഫിയോക്
അതേസമയം പരാതിയല്ല, വിഷമമാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതെന്ന് ജാനകി ജാനേയുടെ സംവിധായകൻ അനീഷ് ഉപാസനയും വ്യക്തമാക്കി. കുടുംബ പ്രേക്ഷകരാണ് ജാനകി ജാനേ കാണാൻ എത്തുന്നത്. അവർക്ക് ഷോയ്ക്ക് എത്താൻ സാധിക്കുക ഫസ്റ്റ് ഷോയ്‌ക്കോ സെക്കന്‍ഡ് ഷോയ്‌ക്കോ ( വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള സമയം ) ആയിരിക്കും. ഉച്ചയ്ക്ക് 1.30 എന്ന സമയമൊക്കെയാണ് പല തീയേറ്ററുകളും ജാനകി ജാനേയ്ക്കായി നൽകിയിരിക്കുന്നത്. ഈ സമയത്ത് ആളുകയറാൻ തീരേ സാധ്യതയില്ല. പല സ്ക്രീനുകളിലായി ചില തീയേറ്ററുകൾ 18 ഷോ വരെ 2018 നായി നൽകിയിരുന്നു. 2018 ഒക്കെ എപ്പോൾ ഷോ വച്ചാലും കാണാന്‍ ആളുണ്ടാകും. പക്ഷെ ജാനകി ജാനേ പോലുള്ള ചിത്രങ്ങൾക്ക് പ്രൈം ടൈം കിട്ടിയില്ലെങ്കിൽ തീയേറ്ററിൽ ആളുണ്ടാകില്ലെന്ന വിഷമമാണ് ചൂണ്ടിക്കാട്ടിയതെന്നും അനീഷ് ഉപാസന ദ ഫോർത്തിനോട് പറഞ്ഞു
തീയേറ്റർ എക്സ്പിരിയൻസ് ആവശ്യമുള്ളവ മാത്രമല്ല, എല്ലാ ചിത്രങ്ങളും വേർതിരിവില്ലാതെ പ്രദർശിപ്പിക്കാൻ തീയേറ്റർ ഉടമകൾ തയാറാകണമെന്ന് ജാനകി ജാനേയുടെ നിർമാതാവ് ഷെർഗ ആവശ്യപ്പെട്ടു . 'ഉയരെ'യ്ക്ക് ശേഷം നാലുവർഷം കഴിഞ്ഞ് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഞങ്ങൾ ഈ സിനിമയുമായി വന്നത് തീയേറ്ററിൽ കാണിക്കാൻ തന്നെയാണ്. ഇതുവരെ ചിത്രം കണ്ട എല്ലാ പ്രേക്ഷകരും നല്ല അഭിപ്രായമാണ് പറഞ്ഞതും , പ്രേക്ഷകർ തീയേറ്ററിലെത്തുന്ന സമയത്ത് പ്രദർശിപ്പിച്ചാലല്ലേ സിനിമ വിജയിക്കുകയുള്ളൂ എന്നും നിർമാതാവ് ചോദിക്കുന്നു