തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നടൻ മൻസൂർ അലി ഖാനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂർ മണ്ഡലത്തിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മൻസൂർ അലി ഖാന് ഏപ്രിൽ 17-ന് ഗുഡിയാത്തം മേഖലയിൽ പ്രചാരണം നടത്തുന്നിതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടത്.
ആദ്യം വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടനെ വ്യാഴാഴ്ച വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്കു മാറ്റുകയായിരുന്നു. ചെന്നൈ കെ കെ നഗറിലുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
അടുത്തിടെയാണ് ഡെമോക്രാറ്റിക് ടൈഗേഴ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ പുതിയ പാർട്ടി മൻസൂർ അലി ഖാൻ പ്രഖ്യാപിച്ചത്. തുടർന്ന് പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പാർട്ടിയുടെ എക്സിക്യൂട്ടീവും വർക്കിങ് കമ്മിറ്റി അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടർന്നായിരുന്നു സ്വതന്ത്ര സ്ഥാനാർഥിയായി വെല്ലൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ചക്കയായിരുന്നു മൻസൂർ അലിഖാന്റെ തിരഞ്ഞെടുപ്പ് ചിഹ്നം.
നടി തൃഷയ്‌ക്കെതിരായ മോശം പരാമർശത്തിനെ തുടർന്നായിരുന്നു മൻസൂർ അലി ഖാനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ഫഹദ് ഫാസിൽ നായകനായ ആവേശമാണ് മൻസൂർ അലി ഖാന്റെതായി ഒടുവിൽ തീയേറ്ററിൽ എത്തിയ ചിത്രം.