മുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി ശ്വേത മേനോന്‍. ടിക്കറ്റ് ബുക്ക് ചെയ്ത വിമാനത്തിൽ യാത്ര ചെയ്യാൻ മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ അങ്ങനെ ഒരു ഫ്ലൈറ്റ് ഇല്ലെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചുവെന്നാണ് താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. മറ്റ് യാത്രസൗകര്യം ചോദിച്ചപ്പോൾ വിമാനക്കമ്പനി ജീവനക്കാർ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ശ്വേത മേനോന്‍ പറയുന്നു.
മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന ഇന്‍ഡിഗോ (6E-6701) ഫ്‌ളൈറ്റ് സമയം മാറ്റിയെന്ന് മുന്നറിയിപ്പ് സന്ദേശം നല്‍കുകയും എന്നാല്‍ പഴയ സമയത്ത് തന്നെ പുറപ്പെടുകയും ചെയ്തുവെന്നാണ് ശ്വേത മേനോൻ പറയുന്നത്. ഉച്ചയ്ക്ക് 12 മണിക്കുള്ള വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത നടിക്ക് രാത്രിയിൽ ഫ്ലൈറ്റിന്റെ സമയം 1.30തായി പുനഃക്രമീകരിച്ചു എന്ന മെസേജ് ലഭിച്ചു. പിന്നീട് വിമാനത്താവളത്തിൽ എത്തിയപ്പോൾ ആ വിമാനം 12മണിക്ക് തന്നെ ടേക്ക് ഓഫ് ചെയ്തുവെന്ന് ഇൻഡിഗോ ജീവനക്കാർ അറിയിച്ചതായി നടി തന്റെ ലൈവ് വീഡിയോയിൽ പറഞ്ഞു.
'ഞാൻ മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് 12 മണിക്കുള്ള ഫ്ലൈറ്റ് (6E-6701) ബുക്ക് ചെയ്തിരുന്നു. ഫ്ലൈറ്റിന്റെ സമയം 1.30-ആയി പുനഃക്രമീകരിച്ചതായി രാത്രിയിൽ മെസേജ് വന്നു. പക്ഷേ എയർപോർട്ടിൽ എത്തിയപ്പോൾ 12 മണിക്ക് ഫ്ലൈറ്റ് ടേക്ക് ഓഫ് ആയി എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി. ഞാൻ തനിച്ചായിരുന്നില്ല; എന്റെ അതേ അവസ്ഥയിൽ ഏകദേശം 22 യാത്രക്കാർ ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ ഹെൽപ്പ് ഡെസ്‌കിലെ ജീവനക്കാർ മോശമായി പെരുമാറി. വൈകുന്നേരം 5 മണിക്കുള്ള വിമാനം ഉണ്ടായിരുന്നെങ്കിലും ഞങ്ങളെ രാത്രി 9 മണിക്കുള്ള വിമാനത്തിൽ കയറ്റാൻ അവർ ശ്രമിച്ചു. ഞങ്ങൾ പറയുന്നത് കേൾക്കാൻ പോലും തയ്യാറല്ലാത്ത അവർ വളരെ പരുഷമായി സംസാരിച്ചു'- ശ്വേത മേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കൂടാതെ എവിടെ വേണമെങ്കിലും പോയി പരാതിപ്പെട്ടുകൊള്ളാന്‍ വെല്ലുവിളിച്ചുവെന്നും ശ്വേത മേനോന്‍ കൂട്ടിചേര്‍ത്തു.
ഒടുവിൽ ഒരുപാട് നേരത്തെ വാഗ്വാദങ്ങൾക്ക് ശേഷം 5 മണിക്കുള്ള ഇന്‍ഡിഗോ 6E-6703 ഫ്‌ളൈറ്റില്‍ തന്നെ യാത്ര ഒരുക്കിയെന്നും കൊച്ചിയില്‍ തിരിച്ചെത്താന്‍ സാധിച്ചെന്നും നടി പറഞ്ഞു. പിന്നീട് ഇന്‍ഡിഗോ 6Eയുടെ കൊച്ചി ഓഫീസിലെ ജീവനക്കാരായ അശ്വതിയും വിഷ്ണുവും വ്യക്തിപരമായ ക്ഷമാപണം നടത്തിയതായും ശ്വേത പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്‍ഡിഗോ ആവശ്യമായ നടപടി എടുക്കണമെന്നും ശ്വേത മേനോന്‍ ആവശ്യപ്പെട്ടു.