ഫ്രണ്ട്‌സ് സീരിസിലൂടെ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഹോളിവുഡ് താരം മാത്യു പെറി (54) അന്തരിച്ചു. ലോസ് ഏഞ്ചലസിലെ വസതിയിൽ ശനിയാഴ്ച വൈകീട്ടോടെ മാത്യുവിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നെന്ന് പോലീസിനെ ഉദ്ധരിച്ച് ഡെഡ്‌ലൈൻ പത്രം റിപ്പോർട്ട് ചെയ്തു. മരണത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പത്രം റിപ്പോർട്ട് ചെയ്തു.
എൻബിസിയുടെ സൂപ്പർഹിറ്റ് പരമ്പരയായ ഫ്രണ്ട്സിൽ 'ചാൻഡ്ലർ ബിംഗ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ചാൻഡ്‌ലർ ലോകപ്രശസ്തനാവുന്നത്. 1994 മുതൽ പത്ത് വർഷം നീണ്ടുനിന്ന സീരിസിന്റെ റീ യുണിയനിലാണ് മാത്യു പെറി അവസാനമായി പങ്കെടുത്തത്.
1979-ൽ 240-റോബർട്ട് എന്ന സീരിസിലൂടെ ബാലതാരമായിട്ടാണ് മാത്യു പെറി ടെലിവിഷൻ അരങ്ങേറ്റം കുറിച്ചത്. നോട്ട് നെസെസറിലി ദ ന്യൂസ് (1983), ചാൾസ് ഇൻ ചാർജ് (1985), സിൽവർ സ്പൂൺസ് (1986), ജസ്റ്റ് ദ ടെൻ ഓഫ് അസ് (1988), ഹൈവേ ടു ഹെവൻ (1988) തുടങ്ങിയ ഷോകളിലൂടെ മാത്യു ശ്രദ്ധേയനായി.
1987- ൽ ബോയ്സ് വിൽ ബി ബോയ്സ് എന്ന സീരിസിലൂടെ മാത്യു നായക നിരയിലേക്ക് എത്തി. 1988 ൽ മാത്യു പെറി എ നൈറ്റ് ഇൻ ദി ലൈഫ് ഓഫ് ജിമ്മി റിയർഡൻ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറി. 1994 ൽ എത്തിയ ഫ്രണ്ട്‌സ് മാത്യുവിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ ഹിറ്റായി. സീരിസിലെ ചാൻഡലറുടെ വേഷത്തിന്, 2002-ൽ പെറി തന്റെ ആദ്യ എമ്മി നോമിനേഷൻ നേടി.
കരോലിൻ ഇൻ സിറ്റി (1995), അല്ലി മക്ബീൽ (2002), ദി വെസ്റ്റ് വിംഗ് (2003), സ്‌ക്രബ്സ് (2004) എന്നിവയാണ് മാത്യു പെറിയുടെ മറ്റുശ്രദ്ധേയമായ സീരിസുകൾ. ദി എൻഡ് ഓഫ് ലോങ്ങിംഗ് എന്ന പേരിൽ ഒരു നാടകം മാത്യു എഴുതി അഭിനയിച്ചിട്ടുണ്ട്.
മുമ്പ് ഒരു അപകടത്തിൽ പെട്ട മാത്യു പിന്നീട് മദ്യത്തിനും വേദനസംഹാരികൾക്കും അടിമപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ചികിത്സ തേടിയ മാത്യു ലഹരിക്കെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ഫ്രണ്ട്‌സ്, ലവേഴ്‌സ്, ആന്റ് ദ ബിഗ് ടെറിബിൾ തിംഗ്' എന്ന മാത്യു പെറിയുടെ ഓർമകുറിപ്പുകൾ ഏറെ ചർച്ചയായിരുന്നു.