ചലച്ചിത്ര, സാംസ്കാരിക പ്രവർത്തകനും നിരൂപകനും എഴുത്തുകാരനുമായ ചെലവൂർ വേണു അന്തരിച്ചു. 80 വയസായിരുന്നു. കോഴിക്കോട് പെയിൻ ആൻഡ് പാലിയേറ്റീവിലായിരുന്നു അന്ത്യം. രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.
കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വനിയുടെ ജനറൽ സെക്രട്ടറിയാണ്. കോഴിക്കോട് കേന്ദ്രമായ അശ്വനിയുടെ ജനറൽ സെക്രട്ടറി പദം 1971 മുതൽ വഹിക്കുകയാണ് അദ്ദേഹം. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ നിരവധി ലോക ക്ലാസിക് സിനിമകളെ അദ്ദേഹം മലയാളത്തിനു പരിചയപ്പെടുത്തി.
ചലച്ചിത്ര നിരൂപണത്തിലൂടെ സിനിമസാഹിത്യമേഖലയിൽ എത്തിയ ചെലവൂർ വേണു എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നിരൂപണം എഴുതിയത്. 'ഉമ്മ' എന്ന സിനിമയുടെ ആ നിരൂപണം ചന്ദ്രിക വാരികയിലായിരുന്നു പ്രസിദ്ധീകരിച്ചത്.
സംവിധായകൻ രാമുകാര്യാട്ടിന്റെ അസിറ്റന്റായി കുറച്ച് കാലം പ്രവർത്തിച്ച വേണു പിന്നീട് പത്രപ്രവർത്തന വഴിയിലേക്കു മാറുകയായിരുന്നു. കേരളത്തിലെ ആദ്യ മനശാസ്ത്ര മാസികയായ സൈക്കോ, ആദ്യ സ്‌പോര്‍ട്‌സ് മാസികയായ സ്‌റ്റേഡിയം, രാഷ്ട്രീയ വാര്‍ത്തകളും വിശകലനങ്ങളും അടങ്ങിയ സെര്‍ച്ച് ലൈറ്റ്, നഗരവിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച സിറ്റി മാഗസിന്‍, വനിതാ പ്രസിദ്ധീകരണമായ രൂപകല, സായാഹ്ന പത്രമായ വര്‍ത്തമാനം എന്നിവയുടെ പത്രാധിപരായിരുന്നു.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും സംഘടനയുടെ മുഖമാസികയായ 'ദൃശ്യതാള'ത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു.
ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്യ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മനസ് ഒരു സമസ്യ, മനസിന്‍റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.
ചെലവൂർ വേണുവിന്റെ ചലച്ചിത്ര ജീവിതത്തെ അടിസ്ഥാനമാക്കി ഡോക്യുമെന്ററി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളവും ചലച്ചിത്ര അക്കാദമിയും സംയുക്തമായി 'ചെലവൂർ വേണു ജീവിതം, കാലം' എന്ന ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. ജയൻ മാങ്ങാട് ആയിരുന്നു സംവിധാനം.
എസ്എഫ്ഐയുടെ ആദ്യ രൂപമായ കെഎസ്എഫിന്റെ ജില്ലാ സെക്രട്ടറിയും തുടർന്ന് കെഎസ്‌വൈഎഫ് നേതാവായും പ്രവര്‍ത്തിച്ചു.
ചെലവൂർ വേണുവിന്റെ ആഗ്രഹപ്രകാരം പൊതുദർശന മോ റീത്ത് സമർപ്പണമോ ഉണ്ടാവില്ല. മൃതദേഹം വൈകിട്ട് മൂന്നു വരെ കോഴിക്കോട് ചെലവൂരിലെ വീട്ടിൽ സൂക്ഷിക്കും. സംസ്കാരം വൈകിട്ട് നാലിനു പുതിയ പാലം ശ്മശാനത്തിൽ.