കാമറൂൺ ചിത്രം അവതാര്‍ 2 കേരളത്തില്‍ റിലീസ് ചെയ്യും. തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചു. ഫിയോക്കും വിതരണക്കാരും ഇക്കാര്യത്തില്‍ ധാരണയിലെത്തി. നേരത്തെ വരുമാനത്തിന്റെ അറുപത് ശതമാനം വിഹിതം വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതോടെയായിരുന്നു ചിത്രം പ്രദർശിപ്പിക്കില്ലെന്ന് ഫിയോക് നിലപാടെടുത്തത്.
ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ 55 ശതമാനവും തീയേറ്റര്‍ ഉടമകള്‍ 45 ശതമാനവും പങ്കിടാനാണ് ധാരണയായിരിക്കുന്നത്. പിന്നീട് തുല്യമായി വീതിച്ചെടുക്കുകയും ചെയ്യും. ഇതോടെ ലോക വ്യാപകമായി ഡിസംബര്‍ 16ന് തന്നെ ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ഇതുവരെ നല്‍കിക്കൊണ്ടിരുന്ന 50 ശതമാനം വിഹിതമേ നല്‍കാന്‍ കഴിയൂ എന്ന് ഫിയോക് നിലപാടെടുത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. നിലവിലെ സാഹചര്യത്തില്‍ ആളുകള്‍ കൂടുതലായി തീയേറ്ററുകളിലേക്ക് എത്താത്തതിനാല്‍ വലിയ തുക വിതരണക്കാര്‍ക്ക് നല്‍കുക എന്നത് ഭാവിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു ഫിയോക്കിന്റെ നിലപാട്. അതേസമയം ആരെങ്കിലും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായാല്‍ അത് വിലക്കില്ലെന്നും ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
ആദ്യഭാഗം ഇറങ്ങി, 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാം ഭാഗമായ 'അവതാർ ദ വേ ഓഫ് വാട്ടര്‍' പ്രദര്‍ശനത്തിനെത്തുന്നത്. 2000 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജെയിംസ് കാമറൂണും റിക്ക് ജാഫയും അമാന്‍ഡ സില്‍വറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കോവിഡിനെ തുടര്‍ന്ന് ആദ്യം നിശ്ചയിച്ച റീലീസ് നീട്ടി ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. മൂന്നാം ഭാഗം 2024 ഡിസംബറിലും, നാലാം ഭാഗം 2026 ഡിസംബറിലും, അഞ്ചാം ഭാഗം 2028 ലും റിലീസ് ചെയ്യും.