പ്രശസ്ത നിർമാതാവും ചലച്ചിത്ര സംവിധായകനുമായ അരോമ മണി അന്തരിച്ചു. തിരുവനന്തപുരത്ത് സ്വവസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലായി അറുപത്തി രണ്ട് സിനിമകളാണ് എം മണിയെന്ന അരോമ മണി നിർമിച്ചത്. നാളെ രാവിലെ 10 മുതൽ 11.30 വരെ തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനം ഒരുക്കിയിട്ടുണ്ട്. സംസ്കാരം ഉച്ചയ്ക്ക് 1.30നു അരുവിക്കരയിലെ വസതിയിൽ നടക്കും.
മലയാളത്തിലും തമിഴിലുമായി 11 സിനിമകൾ സംവിധാനം ചെയ്യുകയും സുനിത എന്ന പേരിൽ തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്. 1977ൽ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ നിർമിച്ചുകൊണ്ടാണ് മണി സിനിമാരംഗത്ത് എത്തുന്നത്.
നിർമിച്ച ചിത്രങ്ങളിൽ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് പരാജയപ്പെട്ടത്. റൗഡി രാമു, എനിക്കു ഞാൻ സ്വന്തം, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആനയ്‌ക്കൊരുമ്മ, ലൗസ്റ്റോറി, തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, നാളെ ഞങ്ങളുടെ വിവാഹം, ഇരുപതാം നൂറ്റാണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചൻ, സൗഹൃദം, പണ്ട് പണ്ടൊരു രാജകുമാരി, സൂര്യഗായത്രി, ധ്രുവം, കമ്മീഷണർ, ജനാധിപത്യം, എഫ്‌ഐആർ, പല്ലാവൂർ ദേവനാരായണൻ, കാശി, മിസ്റ്റർ ബ്രഹ്‌മചാരി, ബാലേട്ടൻ, മാമ്പഴക്കാലം, ദ്രോണ, ആഗസ്റ്റ് 15 തുടങ്ങിയവയാണ് അരോമ മണി നിർമിച്ച പ്രമുഖ ചിത്രങ്ങൾ.
പത്മരാജൻ സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം, സിബി മലയിൽ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങൾക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.