അതിഥിയില്‍ തുടങ്ങി ആകാശഗോപുരവും താണ്ടി ഗ്രാമവൃക്ഷത്തിലെ കുയിലില്‍ എത്തി നില്‍ക്കുന്ന ചലച്ചിത്ര ജീവിതം. ഓരോ സിനിമയും ഓരോ പരീക്ഷണങ്ങളാക്കി മാറ്റിയപ്പോള്‍ 45 വര്‍ഷത്തിലേറെ കാലം കൊണ്ട് ഭാഗമായത് 15 ല്‍ താഴെ ചിത്രങ്ങളില്‍ മാത്രം. സംവിധായകനായും കഥാകൃത്തായും തിരക്കഥാകൃത്തായുമൊക്കെ അടൂര്‍ ഗോപാലകൃഷ്ണനും രഘുനാഥ് പലേരിക്കുമൊപ്പം ചേര്‍ന്ന പ്രവര്‍ത്തിച്ച പാരമ്പര്യം. എങ്കിലും സിനിമയില്‍ എപ്പോഴും സ്വന്തം വഴികളിലൂടെ മാത്രം സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ടു കെ പി കുമാരന്‍.
നാറാണത്തുഭ്രാന്തനെന്ന കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തി സംവിധാനം ചെയ്ത ദ റോക്കെന്ന ഹ്രസ്വചിത്രമായിരുന്നു തുടക്കം
വായന ജീവിതമാക്കിയ കെ പി കുമാരന്റെ ചലച്ചിത്രങ്ങളെപ്പോഴും അതിനോടും നീതി പുലര്‍ത്തുന്നതായിരുന്നു. നാറാണത്തുഭ്രാന്തനെന്ന കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തി സംവിധാനം ചെയ്ത ദ റോക്കെന്ന ഹ്രസ്വചിത്രമായിരുന്നു തുടക്കം. ആദ്യമായി സംവിധാനം ചെയ്ത അതിഥിയിലെ കേന്ദ്രകഥാപാത്രമായ കരുണേട്ടന്റെ ഭാവചലനങ്ങളെ, നിസഹായതയെ എഴുതി ഫലിപ്പിച്ച് കെട്ടുറപ്പുള്ള തിരക്കഥയുണ്ടാക്കിയതും കെ പി കുമാരനിലെ പരന്ന വായനക്കാരനായിരുന്നു. മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടികൊടുത്ത രുഗ്മിണി എന്ന ചിത്രമാകട്ടെ മാധവിക്കുട്ടിയുടെ രുഗ്മിണിക്കൊരു പാവക്കുട്ടി എന്ന നോവലിന്റെ ചലച്ചിത്രരൂപവും.
സാഹിത്യത്തിന്റെ ചുവടുപിടിച്ചായിരുന്നു ഓരോ സിനിമയിലും കുമാരന്റെ യാത്ര
2008 ല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആകാശഗോപുരം, ദ മാസ്റ്റര്‍ ബില്‍ഡര്‍ എന്ന ലോകപ്രശസ്ത നാടകത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ്. ഒടുവില്‍ ഇറങ്ങിയ ഗ്രാമവൃക്ഷത്തിലെ കുയില്‍ കുമാരനാശാന്‍ ജീവിതത്തിലെ നിര്‍ണായകഘട്ടത്തില്‍ എഴുതിയ കവിതയാണ്. അങ്ങനെ സാഹിത്യത്തിന്റെ ചുവടുപിടിച്ചായിരുന്നു ഓരോ സിനിമയിലും കുമാരന്റെ യാത്ര.
2019 ല്‍ പൂര്‍ത്തിയാക്കിയ ഗ്രാമവൃക്ഷത്തിലെ കുയില്‍ കഴിഞ്ഞ ഏപ്രിലിലാണ് തീയേറ്ററുകളിലെത്തിയത്. തന്റെ ചലച്ചിത്ര ജീവിതത്തിന്റെ ക്ലൈമാക്‌സ് എന്നാണ് ആ ചിത്രത്തിന് കുമാരന്‍ നല്‍കിയ വിശേഷണം.
അടൂര്‍ഗോപാലകൃഷ്ണന്‍ ചിത്രത്തിലെ സഹതിരക്കഥ രചയിതാവായാണ് മലയാള സിനിമയിലേക്ക്
1938 ല്‍ തലശേരിയിലായിരുന്നു കെപി കുമാരന്‍റെ ജനനം. 60 കളുടെ തുടക്കത്തില്‍ നാടക വേദികളില്‍ സജീവമായി . സി ജെ തോമസിന്റെ പരീക്ഷണനാടകങ്ങളിലും അഭിനയിച്ചു. സ്വയംവരം എന്ന അടൂര്‍ഗോപാലകൃഷ്ണന്‍ ചിത്രത്തിലെ സഹതിരക്കഥ രചയിതാവായാണ് മലയാള സിനിമയിലെത്തിയത്.
സ്വന്തം ചലച്ചിത്ര ജീവിതത്തിന്റെ ക്ലൈമാക്‌സ് സ്വയം സൃഷ്ടിച്ച് വഴിമാറി നിന്ന കെ പി കുമാരനെ ഒടുവില്‍ സംസ്ഥാനത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം തേടിയെത്തിയിരിക്കുകയാണ്. അരനൂറ്റാണ്ട് പിന്നിട്ട സിനിമ ജീവിതത്തിനുള്ള അംഗീകാരമായിട്ടാണ് ഇപ്പോള്‍ ജെ സി ഡാനിയേല്‍ പുരസ്‌കാരം എന്നതും ഇത്തവണ അതിന്റെ മാറ്റ് പതിന്‍ മടങ്ങ് വര്‍ധിപ്പിക്കുന്നു.