ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കാനുള്ള മറ്റൊരു ശ്രമം കൂടി പൊളിച്ച് മുംബൈ പോലീസ്. ലോറൻസ് ബിഷ്‌ണോയി സംഘം പദ്ധതിയിട്ട കൊലപാതക ശ്രമമാണ് നവി മുംബൈ പോലീസ് പരാജയപ്പെടുത്തിയത്. സൽമാൻഖാന് നേരെ നേരത്തെയും കൊലപാതക ശ്രമം ഉണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് രണ്ടാമത്തെ വധശ്രമത്തിനുള്ള പദ്ധതി പോലീസ് പൊളിച്ചത്. സംഭവുമായി ബന്ധപ്പെട്ട നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സൽമാൻ ഖാന്റെ ഫാം ഹൗസിന് സമീപത്ത് വാഹനം തടഞ്ഞു നിർത്താനും ആക്രമിക്കാനുമായിരുന്നു ഗുണ്ട സംഘത്തിന്റെ പദ്ധതി. അജയ് കശ്യപ് എന്ന ധനഞ്ജയ്, നഹ്‌വി, വാസ്പി ഖാൻ, ജാവേദ് ഖാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ നാലുപേരും ദിവസങ്ങളായി സൽമാൻഖാന്റെ വീടുകളും ഷൂട്ടിങ് ലൊക്കേഷനുകളും ഫാംഹൗസും നിരീക്ഷിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ലോറൻസ് ബിഷ്ണോയിയും ബന്ധുവായ അൻമോൽ ബിഷ്ണോയി, സഹായി ഗോൾഡി ബ്രാർ എന്നിവരാണ് പാക് ആയുധവ്യാപാരിയിൽ നിന്ന് എകെ 47, എം 16 എന്നീ ആയുധങ്ങൾ വാങ്ങിയത്. ഈ ആയുധങ്ങൾ ഉപയോഗിച്ച് മഹാരാഷ്ട്രയിലെ പൻവേലിൽ വെച്ച് സൽമാൻ ഖാന്റെ കാർ ആക്രമിക്കാനായിരുന്നു ലോറൻസ് ബിഷ്‌ണോയി സംഘം പദ്ധതിയിട്ടിരുന്നത്.
നേരത്തെ മാർച്ച് 17 ന് സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ് ഉണ്ടായിരുന്നു. ഇതിന് പിന്നിലും ലോറൻസ് ബിഷ്‌ണോയിയും സംഘവുമാണെന്നാണ് പോലീസ് നിരീക്ഷണം. ബൈക്കിലെത്തിയ രണ്ട് പേരായിരുന്നു ഈ ആക്രമണത്തിന് പിന്നിൽ ഉണ്ടായിരുന്നത്. പിന്നീട് ഏപ്രിലിൽ ഈ പ്രതികളെ പോലീസ് പിടികൂടിയിരുന്നു.
നേരത്തെയും സൽമാൻഖാനെതിരെ ലോറൻസ് ബിഷ്‌ണോയി സംഘം ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് പോലീസ് സൽമാൻഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പഞ്ചാബിൽ വെച്ച് കൊലചെയ്യപ്പെട്ട സിദ്ദുമൂസവാലയുടെ അവസ്ഥ സൽമാൻഖാനും ഉണ്ടാകുമെന്നായിരുന്നു വന്ന ഭീഷണികളിൽ ഒന്ന്. തുടർന്ന് സ്വയം രക്ഷയ്ക്കായി തോക്ക് കൈവശം വെക്കാൻ സൽമാന് പോലീസ് അനുമതി നൽകിയിരുന്നു.
കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തെ തുടർന്നാണ് ലോറൻസ് ബിഷ്‌ണോയി സൽമാൻഖാനെതിരെ തിരിഞ്ഞത്. ബിഷ്‌ണോയി സമുദായം പവിത്രമായി കാണുന്ന മൃഗങ്ങളിൽ ഒന്നാണ് ബ്ലാക്ക് ബക്ക് എന്നറിയപ്പെടുന്ന കൃഷ്ണമൃഗം.