മിനിസ്‌ക്രീനിൽ ശ്രീകൃഷ്ണനായും വെള്ളിത്തിരയിൽ ഗന്ധർവനായും മലയാളികളുടെ മനം കവർന്ന നടൻ നിതീഷ് ഭരദ്വാജ് 33 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നു. ജയസൂര്യ നായകനാവുന്ന കത്തനാർ എന്ന ചിത്രത്തിലൂടെയാണ് നിതീഷ് ഭരദ്വാജ് വീണ്ടും മലയാളത്തിൽ എത്തുന്നത്.
ചിത്രത്തിൽ ഒരു നിർണായക വേഷത്തിലാണ് നിതീഷ് അഭിനയിക്കുന്നത്. അനശ്വര സംവിധായകൻ പത്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിലാണ് നിതീഷ് ഭരദ്വാജ് മലയാളത്തിൽ ഇതിന് മുമ്പ് അഭിനയിച്ചത്.
ചിത്രത്തിൽ ഗന്ധർവ്വന്റെ റോളിലായിരുന്നു നിതീഷ് എത്തിയത്. മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണൻ ആയി എത്തിയതും നിതീഷ് ഭരദ്വാജ് ആയിരുന്നു. 33 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് നിതീഷ്.
ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങളാണ് കത്തനാരിൽ എത്തുന്നത്. അനുഷ്‌ക ഷെട്ടി നായികയാവുന്ന ചിത്രത്തിൽ പ്രഭുദേവ, സാൻഡി മാസ്റ്റർ തുടങ്ങി നിരവധി പേർ അഭിനയിക്കുന്നുണ്ട്.
മൂന്നിലധികം വർഷത്തോളം മറ്റൊരു സിനിമയും ഏറ്റെടുക്കാതെയാണ് നടൻ ജയസൂര്യ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഹോളിവുഡ് സിനിമകളിൽ കണ്ടുവരുന്ന വെർച്വൽ പ്രൊഡക്ഷൻ രീതിയിൽ ചിത്രീകരിക്കുകയും ഈ ചിത്രീകരണത്തിനായി ഇന്ത്യയിലെതന്നെ ആദ്യത്തെ വെർച്വൽ പ്രൊഡക്ഷൻ സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്യതിരുന്നു.
ജയസൂര്യയുടെ കരിയറിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് കത്തനാർ. പീരിയോഡിക് ഫാന്റസി ഹൊറർ ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിന് നിരവധി നാളത്തെ ഗവേഷണത്തിനൊടുവിൽ ഡോ. ആർ രാമാനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഗോകുലം സിനിമാസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണം. കത്തനാരിന്റെ ആദ്യഭാഗം 2024 അവസാനത്തോടെ റിലീസ് ആയേക്കുമെന്നാണ് സൂചന.
വെർച്വൽ പ്രൊഡക്ഷൻ ടെക്‌നോളജി ഉപയോഗിച്ച് 45,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കസ്റ്റം-ബിൽഡ് സ്റ്റുഡിയോയിലാണ് കത്തനാരിന്റെ ചിത്രീകരണം പൂർണമായി നടന്നത്. മലയാളത്തിനൊപ്പം ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, കന്നഡ, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇന്തോനേഷ്യൻ, ജാപ്പനീസ് തുടങ്ങി 17 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ പദ്ധതി.