FILM NEWS

ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

വെബ് ഡെസ്ക്

നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പിന്‍വലിച്ചു. ശ്രീനാഥ് ഭാസിക്കെതിരായ പരാതി ഓണ്‍ലൈന്‍ ചാനല്‍ അവതാരക പിന്‍വലിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ അവതാരകയെ അപമാനിച്ചതുമായി ബന്ധപ്പെട്ട് മരട് പോലീസ് എടുത്ത കേസ് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. അതുപ്രകാരം എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ശ്രീനാഥ് ഭാസിയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിലക്കുമായി മുന്നോട്ടുപോകേണ്ടെന്ന തീരുമാനമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.

വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും നേരത്തെ കരാറിലെത്തിയ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ വിലക്ക് പ്രായോഗികതലത്തില്‍ പ്രാബല്യത്തില്‍ വന്നിരുന്നില്ല. സെപ്റ്റംബര്‍ 27നാണ് ശ്രീനാഥ് ഭാസിയെ വിലക്കിയതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചത്.

വിലക്കിനെതിരെ മമ്മൂട്ടി അടക്കമുള്ളവര്‍ തൊഴില്‍ നിഷേധം അംഗീകരിക്കാനാകില്ലെന്ന നിലപാടുമായി രംഗത്തെത്തിയിരുന്നു. അന്ന് അത് അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിലും, പരാതി നിലനില്‍ക്കാത്ത സാഹചര്യത്തില്‍ വിലക്കുമായി മുന്നോട്ട് പോകുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

ചട്ടമ്പി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു അവതാരകയുടെ പരാതി. ഒപ്പമുണ്ടായിരുന്ന ക്യാമറാമാനോടും മറ്റ് ടീം അംഗങ്ങളോടും ഭാസി മോശമായി പെരുമാറിയെന്നും പരാതിയുണ്ടായിരുന്നു. വനിത കമ്മീഷനും അവതാരക സമാനമായ പരാതി നല്‍കി. പോലീസ് കേസെടുത്തതിന് പിന്നാലെ നിര്‍മ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിലക്കി. സിനിമയുടെ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തമായി പെരുമാറിയെന്നും ആരോപണമുയര്‍ന്നിരുന്നു. പിന്നീട് ശ്രീനാഥ് മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ അവതാരക തയ്യാറായത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം