മുൻ മാനേജറുടെ പരാതിയെ തുടർന്ന് താൻ അറസ്റ്റിലായെന്ന വാർത്തകൾ തെറ്റാണെന്ന് പാക് ഗായകൻ റാഹത്ത് ഫത്തേ അലി ഖാൻ. ദുബായിൽ വെച്ച് റാഹത്ത് ഫത്തേ അലി ഖാൻ അറസ്റ്റിലായെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പ്രചരിക്കുന്ന വാർത്തകൾ തള്ളി വീഡിയോയുമായി ഫത്തേ അലി ഖാൻ രംഗത്ത് എത്തിയത്. തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്നും ആരാധകർ അത്തരം വാർത്തകൾ ശ്രദ്ധിക്കരുതെന്നും വീഡിയോയിൽ ഫത്തേ അലി ഖാൻ ആവശ്യപ്പെട്ടു.
പാട്ട് റെക്കോർഡിങിനായി ദുബായിൽ എത്തിയ അലി ഖാനെ എമിഗ്രേഷൻ സെന്ററിൽ തടഞ്ഞുവെച്ചതായും ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ എടുത്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
'ഞാൻ ഒരു പാട്ട് റെക്കോർഡ് ചെയ്യാനാണ് ദുബായിൽ വന്നത്. എനിക്കെതിരെ ദുരുദ്ദേശ്യപരമായ ചില റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ദയവായി അവ വിശ്വസിക്കരുത്.' എന്നും റാഹത്ത് ഫത്തേ അലി ഖാൻ ഇൻസ്റ്റയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
റാഹത്തിന്റെ മുൻ മാനേജർ അഹമ്മദ് നല്‍കിയ മാനനഷ്ടകേസാണ് വാര്‍ത്തകളുടെ അടിസ്ഥാനം. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് അഹമ്മദിനെ റാഹത്ത് പിരിച്ചുവിട്ടതായും ഇരുവരും പരസ്പരം കേസുകൾ ഫയൽ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.