ഗോൾഡൻ ഗ്ലോബ്സ് വേദി കീഴടക്കി എസ്എസ് രാജമൗലിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം ആർആർആർ. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗം പുരസ്കാരം സ്വന്തമാക്കി ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം. പ്രശസ്ത സംഗീത സംവിധായകൻ എം എം കീരവാണി ഈണം പകർന്ന ഗാനം രചിച്ചത് കാലഭൈരവിയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണ്. ടെയ്‌ലർ സ്വിഫ്റ്റ്, ലേഡി ഗാഗ, റിഹാന എന്നിവരുടെ ഗാനങ്ങൾക്കൊപ്പമാണ് കീരവാണിയുടെ 'നാട്ടു നാട്ടു' എന്ന ഗാനവും മത്സരിച്ചത്. നടി ജന്ന ഒട്ടേഗയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
രാം ചരണിന്‍റെയും ജൂനിയര്‍ എന്‍ ടി ആറിന്‍റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്ര വിഭാഗത്തിലും ആർആർആർ മത്സരിക്കുന്നുണ്ട്. എ ആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
സംവിധായകന്‍ എസ്എസ് രാജമൗലി, താരങ്ങളായ രാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവര്‍ കാലിഫോർണിയയിലെ ബെവർലി ഹിൽട്ടണില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ അവാർഡ്സിൽ മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ ഇതിനകം ആർആർആർ നേടിയിട്ടുണ്ട്.
1920-കളിലെ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ ജൂനിയർ എൻടിആറും രാം ചരണും സ്വാതന്ത്ര്യ സമര സേനാനികളായ കൊമരം ഭീം ആയും അല്ലൂരി സീതാരാമരാജുവായുമാണ് വേഷമിട്ടത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ബ്രിട്ടീഷ് അഭിനേതാക്കളായ റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.