FILM NEWS

ചാക്കോ മാഷോ അനന്തൻ നമ്പ്യാരോ പെരുന്തച്ചനോ കേമൻ‍! ഇന്നും പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്ന തിലകവിസ്മയം

ഒരേസമയം തമാശയും വില്ലനിസവും നിസഹായതയും നിഴലിക്കുന്ന വേഷപ്പകർച്ചകൾ. നമ്മെ വിട്ടുപിരിഞ്ഞ മലയാള സിനിമയുടെ 'പെരുന്തച്ചന്‍' തിലകന്റെ 90ാം ജന്മദിനമാണിന്ന്

സുല്‍ത്താന സലിം

''ഒരു ചട്ടക്കൂടിനകത്തേ ജീവിക്കാൻ പറ്റൂ എന്നു പറഞ്ഞാൽ ഞാൻ ആ ചട്ടക്കൂട് പൊളിക്കും.'' തിരഞ്ഞെടുപ്പുകളിൽ ആശങ്കയില്ലാത്ത ഒരാളുടെ കാതലായ തീരുമാനം, അതിലുപരി വ്യക്തത വെളിവാക്കുന്ന രാഷ്ട്രീയം. പറഞ്ഞത് മലയാളത്തിന്റെ സ്വന്തം തിലകൻ. അത് വെറുമൊരു പറച്ചിലായിരുന്നില്ല. തന്റെ ജീവിതത്തിന് തന്നെ നൽകിയ അടിക്കുറിപ്പായിരുന്നു. അരങ്ങൊഴിയും മുമ്പ് മലയാള സിനിമയെന്ന വൻ കോട്ടയുടെ മതിലിൽ കോറിയിട്ട കഥാപാത്രങ്ങളിലൂടെയൊന്ന് കണ്ണോടിച്ചാൽ, അദ്ദേഹം പൊളിച്ചു പിന്തള്ളിയ ചട്ടങ്ങൾ കാണാം. പുത്തനെഴുത്തുകൾ വായിക്കാം.

Digital art poster PERUNTHACHAN

തിലകന്റെ അഭിനയ യാത്ര തുടങ്ങുന്നത് കൊല്ലം എസ്എൻ കോളേജിൽനിന്നായിരുന്നു. 1956ലെ കോളേജ് പഠനകാലത്ത് സുരേന്ദ്രനാഥ തിലകൻ എന്ന ആ ചെറുപ്പക്കാരന്റെ ഉള്ളിൽ നേരിയ അഭിനയമോഹം കയറിക്കൂടി. പഠനം ഉപേക്ഷിച്ചിറങ്ങി, മുണ്ടക്കയം നാടകസമിതി രൂപീകരിച്ച് അയാൾ പ്രൊഫഷണൽ നാടകവേദിയിൽ സ്വന്തം ഇടം കണ്ടെത്തി. പിന്നീട് കേരള പീപ്പിൾ ആർട്സ്, കൊല്ലം കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ഗീത എന്നീ പ്രൊഫഷണൽ നാടകസമിതിയിലൂടെ സുരേന്ദ്രനാഥ തിലകൻ നാലാളറിയുന്ന തിലകനെന്ന നായകനടനായി.

പി ജെ ആന്റണിയുടെ മരണശേഷം അദ്ദേഹത്തിന്റെ നാടക ട്രൂപ്പ് തിലകനായിരുന്നു ഏറ്റെടുത്ത് നടത്തിയിരുന്നത്. ശബ്ദ​ഗാംഭീര്യം അരങ്ങിലും വീഥിയിലും തിലകന് ആരാധകരെ സമ്പാദിച്ചു. റേഡിയോ നാടകങ്ങളിൽ ശ്രോതാക്കളിലേക്കെത്തിയത് ശബ്ദം മാത്രമെങ്കിലും ആകാശവാണിയിലെ സ്റ്റുഡിയോ വാളുകൾ തിലകന്റെ ഭാവാഭിനയങ്ങൾ കണ്ടു.

ശബ്ദനാടകമെന്ന രണ്ടാം കടമ്പയും താണ്ടി 1973 ൽ 'പെരിയാറി'ലൂടെ സിനിമയെന്ന സാ​ഗരത്തിലേയ്ക്ക് ഒഴുകിയെത്തിയ തിലകൻ ഒടുവിൽ ചെന്നുനിന്നത് കരീമിക്കയുടെ 'ഉസ്താദ് ഹോട്ടലി'ന് മുന്നിൽ. 39 വർഷത്തെ സംഭവബഹുലമായ ആ ചലച്ചിത്രയാത്രയെ ഇത്ര ലളിതമായ വരിയിൽ ഒതുക്കാനാകുമോ?! വിശദമായി പറഞ്ഞാൽ 1979 ൽ പുറത്തിറങ്ങിയ കെ ജി ജോർജ് ചിത്രം ‘ഉൾക്കടലി’ലൂടെയാണ് തിലകൻ മലയാളത്തിൽ സജീവമായി തുടങ്ങിയത്. പക്ഷേ 81ലെ യവനിക മുതലാണ് പ്രേക്ഷകർ തിലകനെന്ന നടനിലെ അഭിനയ സാമർത്ഥ്യം തിരിച്ചറിഞ്ഞുതുടങ്ങിയത്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും നേടികൊടുത്തത് യവനികയിലെ വേഷമായിരുന്നു.

പിന്നീട് ‘പെരുന്തച്ചൻ’, ‘സന്താനഗോപാലം’, ‘ഗമനം’ എന്നീ ചിത്രങ്ങളിലെ ഗംഭീരപ്രകടനങ്ങൾക്ക് ആ വർഷങ്ങളിലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം തിലകനെ തേടിയെത്തി. 2007 ൽ ‘ഏകാന്തം’ എന്ന ചിത്രത്തിലൂടെ ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പുരസ്കാരം. 2009 ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.

കോലത്തിനിണങ്ങിയ വേഷം എന്ന നിബന്ധനകളിൽ നിൽക്കാതെ പുറത്തുചാടിയ ചുരുക്കം അഭിനേതാക്കളിലൊരാളായിരുന്നു തിലകൻ. പരുക്കൻ ശബ്ദത്തിനും രൂപത്തിനും ഇണങ്ങുക പ്രതിനായക വേഷങ്ങളല്ലേയെന്ന് ചോദിച്ചവരോട് അല്ലെന്ന് ബോധ്യപ്പെടുത്തിക്കൊടുത്തു. കൊച്ചുമകൻ നഷ്ടപ്പെട്ട 'മൂന്നാംപക്ക'ത്തിലെ തമ്പിയുടെ വേദന പ്രേക്ഷകരുടെ ഹൃദയം നുറുക്കി. 'കിലുക്ക'ത്തിലെ റിട്ട ഐ ജി മാത്യൂസും 'ചക്കിക്കൊത്ത ചങ്കര'നിലെ രാഘവൻ തമ്പിയും 'മൂക്കില്ലാത്ത രാജ്യത്തെ' ഭ്രാന്തനും തിലകന് തമാശയും വഴങ്ങുമോയെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളായി.

'നാടോടിക്കാറ്റി'ലെ അനന്തൻ നമ്പ്യാരുടെ 'ഓ മൈ ​ഗോഡ്', ഇന്നീ തലമുറയും വേണ്ടപ്പോൾ പ്രയോ​ഗിക്കുന്ന ക്ലാസിക് മോഡുലേഷനായി. തന്നേക്കാൾ വലിയവനെന്ന് മകനെ പുകഴ്ത്തുന്നതു കേട്ട് മനസ്സിൽ കയറിക്കൂടിയ അസൂയയിൽ നിന്നുകൊണ്ട് മകന്റെ കഴുത്തിലേക്ക് കത്തിയെറിയാൻ പെരുന്തച്ചൻ ആർജിച്ചെടുത്ത ധൈര്യം തിലകനോളം ചെയ്തു ഫലിപ്പിക്കാൻ മറ്റാർക്കാവും?

മകളായി കാണേണ്ടവളെ പ്രാപിക്കാൻ തക്കം പാർത്തിരുന്ന 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പി'ലെ ആന്റണി പൗലോക്കാരനും കാമഭാവങ്ങളിൽ‍ അറപ്പുളവാക്കിയ 'കണ്ണെഴുതിപ്പൊട്ടും തൊട്ടി'ലെ നടേശൻ മുതലാളിയും പകരം വെക്കാനില്ലാത്ത പ്രതിനായക വേഷങ്ങളായി. 'കിരീട'ത്തിലെ അച്യുതൻ നായർ തിലകനിൽ കണ്ട നിസ്സഹായതയുടെ വൈകാരിക മുഖമായിരുന്നു. 'ഭൂ​ഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന്' ചാക്കോ മാഷിന്റെ ശൈലിയിലല്ലാതെ ഇന്നും ഏറ്റുപറയാനാവില്ലല്ലോ.

'മീനത്തിൽ താലികെട്ടി'ലെ ദിലീപിന്റെ അച്ഛനായ ഗോവിന്ദൻ നമ്പീശനും 'വീണ്ടും ചില വീട്ടുകാര്യങ്ങളി'ലെ ജയറാമിന്റെ അച്ഛൻ കൊച്ചുതൊമ്മനും സമാനതകളേറെയെങ്കിലും പരസ്പരം അറിയാത്ത രണ്ടു മനുഷ്യരായിരുന്നു. മക്കളോളം അറിവോ സാമർത്ഥ്യമോ തനിക്കില്ലെന്നു വിശ്വസിച്ച യാഥാസ്ഥിതിക കുടുംബത്തിലെ അച്ഛനായിരുന്നു 'സന്ദേശ'ത്തിലെ സ്റ്റേഷൻ മാസ്റ്റർ രാഘവൻ നായർ. അങ്ങനെ നോക്കിയാൽ തിലകനാൽ ഓർമിക്കപ്പെടുന്ന സിനിമകൾ ഏറെ. ഒരേസമയം തമാശയും വില്ലനിസവും നിസ്സഹായതയും നിഴലിക്കുന്ന വേഷപ്പകർച്ചകളിലും ഒന്നും മറ്റൊന്നിനെപ്പോലാവാതിരിക്കാൻ കൊടുത്ത ശ്രദ്ധ ഇന്നും പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്ന തിലക വിസ്മയം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ