ടെലിവിഷൻ താരം തുനിഷ ശർമയെ ഷൂട്ടിങ് സെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത് വയസായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ തുനിഷയെ 'അലി ബാബ: ദസ്താൻ-ഇ-കാബൂൾ' എന്ന സീരിയലിന്റെ ഷൂട്ടിങ് സെറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സഹതാരത്തിന്റെ മേക്കപ്പ് മുറിയിൽ ജീവനൊടുക്കിയ നിലയിലായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുൻപ്, തുനിഷ സെറ്റിൽ നിന്നുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
തുനിഷയുടെ സഹതാരമായിരുന്ന ഷീസൻ മുഹമ്മദ് ഖാൻ ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മുറി പൂട്ടിയ നിലയിൽ കണ്ടത്. പലതവണ വിളിച്ചിട്ടും തുനിഷ വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു.
ഭാരത് കാ വീർ പുത്ര-മഹാറാണാ പ്രതാപ് എന്ന ടിവി ഷോയിലൂടെയാണ് തുനിഷയുടെ അരങ്ങേറ്റം. ചക്രവർത്തിൻ അശോക സാമ്രാട്ട്, ഗബ്ബർ പൂഞ്ച്വാല, ഷേർ-ഇ-പഞ്ചാബ്: മഹാരാജ രഞ്ജിത് സിംഗ്, ഇന്റർനെറ്റ് വാലാ ലവ്, ഇഷ്ക് സുബ്ഹാൻ അല്ലാ തുടങ്ങി നിരവധി സീരിയലുകളിൽ തുനിഷ അഭിനയിച്ചിട്ടുണ്ട്. 'അലി ബാബ ദസ്താൻ-ഇ-കാബൂളിൽ' 'ഷെഹ്‌സാദി മറിയം' എന്ന കഥാപത്രമാണ് തുനിഷ അവതരിപ്പിച്ചിരുന്നത്.
സിനിമകളിലും ചെറിയ വേഷങ്ങളിൽ തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കത്രീന കൈഫും ആദിത്യ റോയ് കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഫിത്തൂർ ആണ് തുനിഷയുടെ ആദ്യ സിനിമ. കത്രീന കൈഫിന്റെ ഇളയ സഹോദരിയായാണ് സിനിമയിൽ വേഷമിട്ടത്. ബാർ ബാർ ദേഖോ, കഹാനി 2, ദബാംഗ് 3 തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.