ഷാരൂഖ്-ദീപിക ചിത്രം പഠാനിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് പിന്നാലെ സംസ്ഥാന നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതവും പഠാനെതിരെ രംഗത്ത്. ഷാരൂഖ് ഖാന്‍ തന്‍റെ മകളോടൊപ്പം ഈ ചിത്രം കാണണമെന്നാണ് ഗിരീഷ് ഗൗതമിന്റെ ആവശ്യം.
''ഷാരൂഖ് മകൾക്കൊപ്പം ഈ സിനിമ കാണണം. എന്നിട്ട് ഇരുവരും സിനിമ കാണുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്‌ത് തന്റെ മകളോടൊപ്പം താൻ പഠാൻ കാണുന്നുവെന്ന് ലോകത്തെ അറിയിക്കണം. പ്രവാചകനെ കുറിച്ച് ഒരു സിനിമ നിർമിക്കാനും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അത് പ്രദർശിപ്പിക്കാനും ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു''-ഗിരീഷ് ഗൗതം പറഞ്ഞു.
സിനിമയെ ബഹിഷ്കരിക്കണമെന്നും ബിജെപി ഇത് നിയമസഭയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം രാജ്യത്തിന്റെ മൂല്യങ്ങൾക്ക് എതിരാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് ഡോ. ഗോവിന്ദ് സിങ്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും ചിത്രത്തെ എതിർത്ത് രംഗത്ത് വന്നു. പഠാന്‍ അല്ല വസ്ത്രമാണ് ഇവിടെ പ്രശ്നമെന്ന് സുരേഷ് പച്ചൗരി പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തിൽ ഏതൊരു സ്ത്രീയും അത് ഹിന്ദുവോ മുസ്ലീമോ മറ്റേതെങ്കിലും മതത്തിന്റെ അനുയായികളോ ആകട്ടെ, അത്തരം വസ്ത്രങ്ങൾ ധരിക്കുന്നതും ആ രംഗം പരസ്യമായി പ്രദർശിപ്പിക്കുന്നതും അനുവദനീയമല്ലെന്നും അദ്ദേഹം പറഞ്ഞു.
ദീപികാ പദുക്കോണിന്റെ വസ്ത്രധാരണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പാട്ടിലെ വേഷവിധാനങ്ങൾ പ്രതിഷേധാർഹമാണ്. വൃത്തികെട്ട മാനസികാവസ്ഥയാണ് ഗാനത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഠാനിലെ 'ബേഷാരം രംഗ്' എന്ന ഗാനം പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് നരോത്തം മിശ്രയുടെ പ്രസ്താവന.
പഠാനിലെ ഗാനമായ "ബേഷരം രംഗ്" എന്ന ഗാനം സിനിമയുടെ നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് നരോത്തം മിശ്രയുടെ പ്രസ്താവന പുറത്ത് വന്നത്. ചിത്രത്തിലെ രംഗങ്ങള്‍ തിരുത്താൻ ചിത്രത്തിന്റെ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബേഷരം രംഗ് എന്ന പാട്ടിന്റെ തലക്കെട്ടും വസ്ത്രങ്ങളിലെ കാവി, പച്ച നിറങ്ങൾ ഉപയോഗിച്ചിരിക്കുന്ന രീതിയും പ്രതിഷേധാർഹമാണ്. സിനിമയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിൽ നിർമാതാക്കൾ പരാജയപ്പെട്ടാൽ മധ്യപ്രദേശിൽ ചിത്രം പ്രദർശിപ്പിക്കണമോ എന്ന് ഞങ്ങൾ തീരുമാനിക്കുമെന്നും നരോത്തം മിശ്ര പറഞ്ഞു.