ENTERTAINMENT

'ട്രെയ്‌ലറുകൾ വാഗ്ദാനങ്ങളല്ല'; പ്രമോയിലെ ഉള്ളടക്കം സിനിമയിൽ ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി

കമ്പനിയുടെ സേവനത്തിൽ പോരായ്മ ഇല്ലെന്നും പ്രമോഷണൽ ട്രെയിലർ വാഗ്ദാനമാണെന്ന് പരാതിക്കാരി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും കോടതി

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമ പ്രമോഷനുകളുടെ ഭാഗമായി ഇറക്കുന്ന ട്രെയിലറുകൾ വാഗ്ദാനങ്ങളല്ലെന്ന് സുപ്രീം കോടതി. ട്രെയ്‌ലറിൽ കാണിക്കുന്ന രംഗങ്ങൾ സിനിമയിൽ കാണിക്കണമെന്ന് നിർബന്ധമില്ല. സിനിമയെക്കുറിച്ച് ഓളം സൃഷ്ടിക്കാൻ മാത്രമാണ് ട്രെയ്‌ലറുകൾ പുറത്തുവിടുന്നതെന്നും കോടതി.

ട്രെയ്‌ലറിലെ ഉള്ളടക്കങ്ങൾ സിനിമയിൽ ഇല്ലെങ്കിൽ നിർമാതാവിനെതിരെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് നിയമനടപടി സ്വീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ഷാരൂഖ് ഖാൻ പ്രധാന കഥാപാത്രമായി എത്തിയ 'ഫാൻ' എന്ന ബോളിവുഡ് ചിത്രവുമായി ബന്ധപ്പെട്ട ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

“ഒരു പാട്ട്, സംഭാഷണം അല്ലെങ്കിൽ ഒരു പ്രമോഷണൽ ട്രെയിലറിലെ ചെറിയ രംഗം എന്നിവയെ പരസ്യം പോലെ കാണേണ്ടതാണ്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രതിനിധീകരിക്കുന്നതിനു പകരം, സിനിമ ജനപ്രീതിയാർജിക്കുന്നതിനോ അല്ലെങ്കിൽ ഒരു ഓളം സൃഷ്ടിക്കുന്നതിനോ ഇവ ഉപയോഗിക്കാം,” ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഫാൻ സിനിമയുമായി ബന്ധപ്പെട്ട് 2017ലെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ട്രെയ്‌ലറിൽ പ്രദർശിപ്പിച്ച ഗാനം ചിത്രത്തിൽനിന്ന് ഒഴിവാക്കിയെന്ന് കാണിച്ച് സ്കൂൾ അധ്യാപികയായ അഫ്രീൻ ഫാത്തിമ സൈദി നൽകിയ പരാതിയിൽ നഷ്ടപരിഹാരം നൽകാൻ യഷ്‌രാജ് ഫിലിംസിനോട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടിരുന്നു.

അഫ്രീൻ ഫാത്തിമ സെയ്ദിക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന സംസ്ഥാന കമ്മിഷൻ്റെ 2017ലെ നിർദേശം ശരിവച്ച ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ്റെ (എൻസിഡിആർസി) ഉത്തരവ് ചോദ്യം ചെയ്ത് യാഷ് രാജ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിധി. 5000 രൂപ വ്യവഹാര ചെലവ് അടക്കമാണ് പണം നൽകേണ്ടത്.

കമ്പനിയുടെ സേവനത്തിൽ ഒരു പോരായ്മയും ഇല്ലെന്നും പ്രമോഷണൽ ട്രെയ്‌ലർ വാഗ്ദാനമായി പരാതിക്കാരി തെറ്റിദ്ധരിച്ചുവെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മനീഷ് ശർമ സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ഫാൻ.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം