ഇന്ത്യ പോലൊരു രാജ്യത്ത് കലയും രാഷ്ട്രീയവും വേര്‍തിരിച്ച് നിര്‍ത്താനാകില്ലെന്ന് സംവിധായകന്‍ പാ. രഞ്ജിത്ത്. കേരളത്തിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ വലിയ ആരാധക പ്രശംസ പിടിച്ചുപറ്റി പുതിയ പാ. രഞ്ജിത്ത് ചിത്രം പ്രദര്‍ശനം തുടരുന്നതിനിടെയാണ് സംവിധായകന്റെ പ്രതികരണം. കലയെ നോക്കിക്കാണുന്നത് രാഷ്ട്രീയ കാഴ്ചപാടുകളോടെയാണ്. തന്റെ പുതിയ ചിത്രം തങ്കലാനിലും ജാതി ഒരു വിഷയമാണ് പാ. രഞ്ജിത്ത് പറയുന്നു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ തന്റെ കാഴ്ചപാടുകള്‍ തുറന്നുപറയുന്നത്.
ഇന്ത്യ എന്ന രാജ്യത്തിന്റെ സാമൂഹിക ഘടന രാഷ്ട്രീയവുമായി ഇഴചേര്‍ന്നുകിടക്കുന്ന ഒന്നാണ്. രാഷ്ട്രീയമില്ലാതെ കലകാരന്‍മാര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. എന്നെ സംബന്ധിച്ചിടത്തോളം എല്ലാം പൊളിറ്റിക്കലാണ്. ഒരു ശ്രേണിക്ക് കീഴില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന രാജ്യമാണ് നമ്മുടേത്. ജാതി വ്യവസ്ഥയും വര്‍ഗ്ഗ വ്യവസ്ഥയും കണക്കിലെടുക്കുമ്പോള്‍ എല്ലാവരും നിസ്സംഗത പിന്തുടരുന്നു എന്ന് കണക്കാക്കേണ്ടിവരും'. പാ രഞ്ജിത്ത് പറയുന്നു.
പാ രഞ്ജിത്തിന്റെ സിനിമകളിലെ രാഷ്ട്രീയം നേരത്തെയും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. 2012ല്‍ ഇറങ്ങിയ അട്ടകത്തി മുതല്‍ തങ്കലാന്‍ വരെയുള്ള ചിത്രങ്ങള്‍ പരസ്യമായി തന്നെ രാഷ്ട്രീയവും ജാതി വ്യവസ്ഥയും തുറന്നുകാട്ടിയവയാണ്. രാഷ്ട്രീയ ചിഹ്നമായി ബുദ്ധനെയും പാ രഞ്ജിത്ത് സിനിമകളില്‍ പലപ്പോഴും അടയാളപ്പെടുത്തുന്നുണ്ട്. തങ്കലാനിലും ബുദ്ധിസത്തെ പരാമര്‍ശിക്കുമ്പോള്‍ വര്‍ത്തമാനകാലത്ത് ജാതി രാഷ്ട്രീയത്തിനെതിരായ അടയാളമായും ഇതുമാറുന്നു.
കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തില്‍, 1918-1919 നൂറ്റാണ്ടുകളില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന തങ്കലാണ്‍ സ്വര്‍ണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാന്‍ ലക്ഷ്യമിട്ട ബ്രിട്ടീഷ് കൊളോണിയല്‍ സേനയ്ക്കെതിരെ ഒരു ആദിവാസി നേതാവ് നടത്തുന്ന ചെറുത്തുനില്‍പ്പാണ് പറയുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിയാന്‍ വിക്രം നായകനായെത്തിയ ചിത്രം ആഗോളതലത്തില്‍ 'തങ്കലാന്‍' 100 കോടി ക്ലബില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തിയ ചിത്രം തമിഴ്നാട്ടിലും കേരളത്തിലും വിദേശത്തുമായി റിലീസ് ചെയ്തത്. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. റിലീസിന്റെ ആദ്യ ദിനം തന്നെ ആഗോള ഗ്രോസായി 26 കോടിയാണ് 'തങ്കലാന്‍' സ്വന്തമാക്കിയത്. സെപ്റ്റംബര്‍ 6ന് 'തങ്കലാന്‍' ഉത്തരേന്ത്യയിലും റിലീസ് ചെയ്തിരുന്നു.