ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിക്ക് നേരെ വെടിവെപ്പ്. ഇന്ന് രാവിലെയാണ് അഞ്ച് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേർ മൂന്ന് വട്ടം വെടിയുതിർത്തതായി പോലീസ് സ്ഥിരീകരിച്ചു. മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം സംഭവസ്ഥലം പരിശോധിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. നിലവില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സല്‍മാന്റെ വസതിക്ക് സമീപം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ജോയിന്റ് കമ്മീഷണർ സത്യനാരായണന്‍ ചൗദരി അറിയിച്ചു. "ഇരുട്ടായിരുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളും ബൈക്കിന്റെ രജിസ്ട്രേഷന്‍ നമ്പറും വ്യക്തമല്ല. ബൈക്കിലെത്തിയവർ ഹെല്‍മെറ്റ് ധരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സൂചനകള്‍ ലഭ്യമാക്കുന്നതിനായി സാങ്കേതിക വിദഗ്ദരുടെ സഹായം തേടിയിട്ടുണ്ട്," ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വെടെവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വെടിവെപ്പ് നടക്കുമ്പോള്‍ സല്‍മാനോ കുടുംബാംഗങ്ങളോ വസതിയിലുണ്ടായിരുന്നോ എന്നകാര്യത്തിലും വ്യക്തതയില്ല. കഴിഞ്ഞ വർഷം പഞ്ചാബ് ആസ്ഥാനമായിട്ടുള്ള ലോറന്‍സ് ബിഷ്ണോയി ഗ്യാങ്ങില്‍ നിന്നും വധഭീഷണി ലഭിച്ചതുമുതല്‍ പന്‍വേല്‍ വസതിയിലാണ് സല്‍മാന്‍ താമസിക്കുന്നത്.
സല്‍മാന് പുറമെ പിതാവ് സലിം ഖാനും വധഭീഷണിയുണ്ടായിരുന്നു. 2024 ഫെബ്രുവരിയില്‍ സല്‍മാന്റെ വൈ പ്ലസ് സുരക്ഷയില്‍ കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തിയിരുന്നു. തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനവും സല്‍മാന്‍ സ്വന്തമാക്കിയിരുന്നു.