മമ്മൂട്ടി നായകനായി എത്തിയ തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗം 'യാത്ര 2' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ജഗനായി എത്തുന്നത് ജീവയാണെന്ന് സ്ഥിരീകരിച്ചുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ മകനായി വെള്ളിത്തിരയിലെത്തുന്നത് ജീവയാണെന്നുള്ള അഭ്യൂഹങ്ങൾ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ ഇറങ്ങിയതുമുതൽ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മ്മൂട്ടി തന്നെയാണ് സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവച്ചത്.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ ചിത്രമാണ് യാത്ര, മമ്മൂട്ടിയാണ് രാജശേഖര റെഡ്ഡിയായി വെള്ളിത്തിരയിലെത്തിയത്. അതിന്റെ രണ്ടാം ഭാഗമായ യാത്ര 2 വൈഎസ് ആറിന്റെ മകനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥയാണ് പറയുന്നത്.
2004ല്‍ വൈ എസ് ആർ നേതൃത്വം നൽകി കോണ്‍ഗ്രസിനെ അധികാരത്തിലെത്താൻ സഹായിച്ച, 1475 കിലോ മീറ്റര്‍ നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ള യാത്രയുടെ ആദ്യ ഭാഗം 2019ലാണ് പുറത്തിറങ്ങിയത്.
2009ൽ ഹെലികോപ്റ്റർ അപകടത്തിലാണ് വൈ എസ് ആർ മരിക്കുന്നത്. വൈ എസ് ആറിന്റെ മരണവും തുടർന്നുള്ള അധികാര കൈമാറ്റവും ജഗന്‍ മോഹന്റെ രാഷ്ട്രീയവുമാണ് രണ്ടാം ഭാഗത്തിന്റെ ഇതിവൃത്തം.
യാത്ര സംവിധാനം ചെയ്ത മഹി വി രാഘവാണ് രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിർമാണം. 2024 ഫെബ്രുവരി എട്ടിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
26 വര്‍ഷത്തിനു ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രമായിരുന്നു യാത്ര. ചിത്രം വൻ വിജയവുമായിരുന്നു. 1992 റീലീസ് ചെയ്ത 'സ്വാതി കിരണ'മാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം.