തെന്നിന്ത്യയിലെ ആദ്യ തിയേറ്ററായ 'ഡിലൈറ്റ് തിയേറ്റര്‍' ഇനി ഓര്‍മ. വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വേണ്ടിയാണ് കോയമ്പത്തൂരിലെ വെറൈറ്റി ഹാള്‍ റോഡിലെ തിയേറ്റര്‍ കഴിഞ്ഞ ദിവസം പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. 1914ല്‍ സാമിക്കണ്ണ് വിന്‍സെന്റ് എന്നയാളും അദ്ദേഹത്തിന്റെ സഹോദരന്മാരും ചേര്‍ന്നാണ് തിയേറ്റര്‍ സ്ഥാപിച്ചത്. ആദ്യകാലത്ത് വെറൈറ്റി ഹാള്‍ എന്നായിരുന്ന തിയേറ്ററിന്റെ പേര് പിന്നീട് മാറ്റുകയായിരുന്നു. തിയേറ്ററിന്റെ പേരില്‍ നിന്നാണ് വെറൈറ്റി ഹാള്‍ റോഡിന് ഈ പേര് ലഭിച്ചതെന്ന് ചരിത്രകാരനായ സി ആര്‍ ഇലങ്കോവന്‍ പ്രതികരിച്ചു.
1930കളില്‍ പെഡല്‍ പ്രിന്റിങ് മെഷീനില്‍ പ്രിന്റ് ചെയ്ത സിനിമാ ടിക്കറ്റുകള്‍ നല്‍കിയ ആദ്യ തിയേറ്ററും വെറൈറ്റി ഹാളാണ്. 1920കളുടെ അവസാനത്തില്‍ കോയമ്പത്തൂര്‍ മുന്‍സിപ്പാലിറ്റിയില്‍ റാന്തലുകളാണ് ഉപയോഗിച്ചതെങ്കില്‍ ഡിലൈറ്റ് തിയേറ്റര്‍ വൈദ്യുതി വിളക്കുകളാല്‍ പ്രകാശിക്കപ്പെട്ടു. യൂറോപ്പില്‍ നിന്ന് ജനറേറ്റര്‍ എത്തിച്ച് വിളക്ക് തൂണും വിന്‍സെന്റ് സ്ഥാപിച്ചിരുന്നു. അടുത്തുള്ള പ്രദേശങ്ങളിലും വൈദ്യുതി എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വിന്‍സെന്റിന് കത്തയച്ചതും ചരിത്രം.
വിന്‍സെന്റിന്റെ മരണശേഷം 1950കളിലാണ് വെറൈറ്റി ഹാള്‍ എന്ന പേര് ഡിലൈറ്റ് തിയേറ്റര്‍ എന്നാക്കി മാറ്റുന്നത്. പഴയ കാലത്ത് നാല് ഷോകളും ചില വിശേഷ ദിവസങ്ങളില്‍ മിഡ്‌നൈറ്റ് ഷോകളും പ്രദര്‍ശിപ്പിച്ച തിയേറ്ററുകളില്‍ അടുത്ത കാലങ്ങളായി പഴയ സിനിമകളുടെ പ്രദര്‍ശനവും റീറിലീസുകളും മാത്രമേ നടക്കുന്നുള്ളു.
തിയേറ്ററില്‍ അടിസ്ഥാന സൗകര്യങ്ങളും നല്ല ഇരിപ്പിടങ്ങളും ഇല്ലെന്ന് മുന്‍ ജീവനക്കാരനായ മുരുഗേഷന്‍ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് അവസാനമായി തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. അതേസമയം തിയേറ്റര്‍ പൊളിച്ചു കളയുന്നത് നാല് പേരെയാണ് ഗൗരവമായി ബാധിക്കുന്നത്. തിയേറ്റര്‍ ഓപ്പറേറ്റര്‍, ടിക്കറ്റ് വില്‍പ്പനക്കാരന്‍, സെക്യൂരിറ്റി അടക്കമുള്ള തൊഴിലാളികള്‍ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ്.