ENTERTAINMENT

റൊമാൻ്റിക് ഹീറോ, ആക്ഷന്‍ ഹീറോ, പൊളിറ്റിക്കല്‍ ഹീറോ: One And Only വിജയ്

പ്രണയവും തമാശയും ആക്ഷനും എല്ലാം ചേർത്ത് പുതിയ ഒരു ഫോർമുല തന്നെ വിജയ് ചിത്രങ്ങൾക്ക് തൊണ്ണൂറുകളുടെ പകുതിയോടെ ഉണ്ടായി

അശ്വിൻ രാജ്

അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് സംവിധായകനായ അച്ഛനോട് വാശി പിടിച്ച് അവസരം ചോദിച്ച് വാങ്ങിയ ഒരു 18 വയസുകാരൻ, പക്ഷേ ആദ്യ ചിത്രം ഇറങ്ങിയപ്പോൾ കേട്ട വിമർശനങ്ങൾ സമാനതകളില്ലാത്ത് ആയിരുന്നു. അഭിനയിക്കാൻ അറിയില്ലെന്നും അച്ഛൻ സംവിധായകൻ ആയത് കൊണ്ടാണ് കാശ് കൊടുത്ത് ഈ എലി മൂഞ്ചി കാണേണ്ടി വന്നതെന്നുമുള്ള ക്രൂരവാക്കുകൾ. ഒരു ദിവസം മുഴുവൻ മുറിക്കകത്തിരുന്ന് കരഞ്ഞ് തീർത്ത പയ്യൻ, 36 -ാം വയസിൽ ഇറങ്ങിയ തന്റെ അമ്പതാം ചിത്രം ബോക്‌സോഫീസിൽ തകർന്നടിഞ്ഞത് കണ്ട് നിശബ്ദനായി ഇരിക്കേണ്ടി വന്നവൻ. സ്ഥിരം പാറ്റേൺ മാത്രം ചെയ്യുന്ന രക്ഷകൻ എന്ന വിമർശനം കേൾക്കേണ്ടി വന്നവൻ, പക്ഷേ ഇതിനൊന്നും അയാളെ തകർക്കാൻ കഴിഞ്ഞില്ല.

പക്ഷേ, ഇപ്പോഴും അയാൾ അഭിനയിക്കുന്ന ഒരു ചിത്രം വരുന്നുവെന്ന് കേട്ടാൽ സോഷ്യൽ മീഡിയ നിശ്ചലമാകും. തന്റെ തന്നെ റെക്കോർഡുകൾ പുഷ്പം പോലെ തകർത്ത് പുതിയത് എഴുതി ചേർക്കുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സിനിമയ്ക്ക് പുറത്ത് നിന്നുള്ള വേട്ടയാടലുകളെ പോലും ഒരു സെൽഫിയെടുത്ത് ചിരിച്ചുകൊണ്ട് നേരിടുന്നു, ഒടുവിൽ അയാളുടെ അമ്പതാം വയസിനോട് അടുക്കുന്ന സമയത്ത് കരിയറിന്റെ ഏറ്റവും പീക്കിൽ നിൽക്കുമ്പോൾ താൻ സിനിമാഭിനയം നിർത്തുന്നുവെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾക്കായി പൂർണസമയം പ്രവർത്തിക്കാൻ ഇറങ്ങുന്നുവെന്നും പ്രഖ്യാപിക്കുന്നു. സമാനതകൾ ഇല്ലാത്ത അയാളാണ് ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന ആരാധകരുടെ സ്വന്തം ദളപതി വിജയ്.

തമിഴിലെ തിരക്കേറിയ സംവിധായകനായ എസ് എ ചന്ദ്രശേഖറിന്റെ മൂത്തമകനായി 1974 ജൂൺ 22 നാണ് വിജയ് ജനിക്കുന്നത്. കുട്ടിക്കാലത്ത് അച്ഛന്റെ സിനിമകളിൽ ബാലതാരമായി വിജയ് അഭിനയിച്ചിരുന്നെങ്കിലും കോളേജ് കാലഘട്ടത്തിലാണ് അഭിനയം തന്റെ കരിയറായി സ്വീകരിക്കാമെന്ന് വിജയ് തീരുമാനിക്കുന്നത്. അമ്മ വഴി അച്ഛനെ ആഗ്രഹം അറിയിച്ചെങ്കിലും വലിയ ഒരു നോ ആയിരുന്നു ഉത്തരം.

വിജയ്ക്ക് അതിനുള്ള കഴിവുണ്ടോ എന്നതായിരുന്നു അച്ഛൻ ചന്ദ്രശേഖറിന്റെ സംശയം. കാരണം പത്ത് വയസുമുതൽ അനിയത്തിയുടെ മരണം ഉണ്ടാക്കിയ വേദനയിൽ അധികം ആരോടും സംസാരിക്കാതെ അന്തർമുഖനായി ജീവിക്കുന്ന വിജയ്ക്ക് എക്‌സ്ട്രാ എനർജി പെർഫോമൻസ് വേണ്ട തമിഴ് സിനിമ ലോകത്ത് എങ്ങനെ പിടിച്ചു നിൽക്കാൻ സാധിക്കുമെന്നതായിരുന്നു ചന്ദ്രശേഖറിന്റെ സംശയം.

ഒടുവിൽ ഭാര്യ ശോഭയുടെയും മകന്റെയും നിർബന്ധത്തിന് വഴങ്ങി നാളയെ തീർപ്പ് എന്ന പേരിൽ വിജയ്‌യെ നായകനാക്കി സിനിമയൊരുക്കിയെങ്കിലും ബോക്‌സോഫീസിൽ അന്ന് ആ ചിത്രം തകർന്നു. വികടൻ അടക്കമുള്ള മാസികകൾ നിർദാഷിണ്യം വിജയിയെ വിമർശിച്ചു. ഒരു പരാജിതനായി തോറ്റ് മടങ്ങാൻ വിജയ് തയ്യാറായിരുന്നില്ല. അവിടെ നിന്ന് ഹിറ്റ് ഫോർമുലകൾ ചേർത്ത് വെച്ച് വിജയ് സിനിമകൾ ചെയ്തു, നടൻ വിജയകാന്തിന്റെ പിന്തുണയും വിജയ്ക്ക് ലഭിച്ചു. അവിടെ നിന്ന് കിതച്ചും കുതിച്ചും വിജയ് തന്റെ സാമ്രാജ്യം പടുത്തുയർത്തുകയായിരുന്നു.

പ്രണയവും തമാശയും ആക്ഷനും എല്ലാം ചേർത്ത് പുതിയ ഒരു ഫോർമുല തന്നെ വിജയ് ചിത്രങ്ങൾക്ക് തൊണ്ണൂറുകളുടെ പകുതിയോടെ ഉണ്ടായി. പൂവേ ഉനക്കാഗയും ലൗവ് ടുഡെയും വൺസ് മോറുമൊക്കെ വിജയ്ക്ക് അടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജ് ഉണ്ടാക്കി കൊടുത്തു. തമിഴ്‌നാട്ടിന് പുറത്തേക് വിജയ് എന്ന നായകൻ ഇംപാക്ട് ഉണ്ടാക്കിയത് തുള്ളാത മനനമും തുള്ളും എന്ന ചിത്രത്തിലൂടെയായിരുന്നു. പ്രണയത്തിന്റെയും വിരഹത്തിന്റെയും ആഘോഷത്തിന്റെയും എല്ലാ സമവാക്യങ്ങളും നിറഞ്ഞ ആ സിനിമ ദക്ഷിണേന്ത്യയിൽ മുഴുവൻ ഓളം തീർത്തു. വിജയ്‍യെ ഇളയദളപതിയായി സൗത്ത് ഇന്ത്യ ആഘോഷിച്ചു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ബോയ് നെക്സ്റ്റ് ഡോർ ഇമേജിൽ നിന്ന് പ്രണയ നായകൻ എന്ന ഇമേജിലേക്ക് വിജയ്‍യെ വളർത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ഷാജഹാൻ ആ പട്ടം ഒന്നുകൂടി ഉറപ്പിച്ചു.

പിന്നീട് അവിടെ നിന്ന് ഭഗവതിയും തിരുപ്പാച്ചിയും ഗില്ലിയുമെല്ലാം പ്രണയനായകനൊപ്പം ആക്ഷൻ ഹീറോ എന്ന പട്ടം കൂടി വിജയ്‍ക്ക് നേടികൊടുത്തു. വിജയ് എന്ന നായകന്റെ എറ്റവും വലിയ ശക്തിയായി കുട്ടി ആരാധകരെ വിജയ് നേടുന്നതും ഈ കാലഘട്ടത്തിലാണ്. പോക്കിരി കൂടി ഹിറ്റായതോടെ രജിനിക്കും കമൽഹാസനും ശേഷം ആരെന്ന ചോദ്യത്തിനുള്ള ഉത്തരം ഊട്ടി ഉറപ്പിച്ചു. ഇതിനിടെ വിജയ് മക്കൾ ഇഴക്കം എന്ന തന്റെ ആരാധകരുടെ സംഘടനയും വിജയ് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ കരയിറിൽ ഏറെ പ്രതിഷകളോടെ എത്തിയ അമ്പതാം ചിത്രം ബോക്‌സോഫിസിൽ തകർന്ന് വിജയുടെ കാലം കഴിഞ്ഞെന്ന് ആളുകൾ വിധിയെഴുതി. വിജയ് സിനിമയിൽ അഭിനയിച്ച് ഉണ്ടായ നഷ്ടം നികത്തണമെന്ന് പരസ്യമായി തീയേറ്റർ ഉടമകൾ ആവശ്യപ്പെട്ടു. കൂടെ ആരാധക സംഘടനയുടെ പ്രഖ്യാപനം രാഷ്ട്രീയ പ്രവേശനത്തിനുള്ള തയ്യാറെടുപ്പ് ആണെന്ന് വിലയിരുത്തിയ രാഷ്ട്രീയ പാർട്ടികൾ വിജയ്‍യുടെ പുതിയ ചിത്രങ്ങൾക്ക് പല തരത്തിലുള്ള വെല്ലുവിളികൾ ഉയർത്തി.

ഇക്കാലത്ത് ഇറങ്ങിയ വേലായുധം, കാവലൻ, തുപ്പാക്കി തുടങ്ങിയ ചിത്രങ്ങൾ റിലീസിന് തന്നെ വെല്ലുവിളികൾ നേരിട്ടു. തുപ്പാക്കി എന്ന് ചിത്രത്തിന്റെ വിജയത്തോടെ വിജയ്‍യുടെ തിരിച്ചുവരവ് ആരാധകർ ആഘോഷമാക്കിയിരുന്നു. ഇതിന് പിന്നാലെ എത്തിയ തലൈവ എന്ന ചിത്രത്തിനെതിരെ അന്നത്തെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ തന്നെ രംഗത്ത് എത്തി. ചിത്രത്തിന് തമിഴ്‌നാട്ടിൽ അപ്രഖ്യാപിത വിലക്കുകൾ വന്നു. കേരളത്തിൽ റിലീസ് ചെയ്ത് നാല് ദിവസത്തിലധികം കഴിഞ്ഞ ശേഷമായിരുന്നു അന്ന് തമിഴ്‌നാട്ടിൽ ചിത്രം റിലീസ് ചെയ്തത്.

പക്ഷേ അങ്ങനെ തോറ്റ് പിന്മാറാൻ തയ്യാറായിരുന്നില്ല വിജയ് തന്റെ തുടർ ചിത്രങ്ങളിലും പൊതു ഇടങ്ങളിലും വിജയ് രാഷ്ട്രീയം പറഞ്ഞു കൊണ്ടിരുന്നു. കത്തിയിൽ 2 ജി സ്‌പെക്ട്രം അഴിമതിയെക്കുറിച്ചും മെർസലിൽ ജിഎസ്ടിയെ കുറിച്ചുമെല്ലാം വിമർശിച്ച വിജയ് നോട്ടുനിരോധനത്തിനെതിരെയും പരസ്യമായി രംഗത്ത് വന്നിരുന്നു.

ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ആയിരുന്നു ഇതിന് വിജയ്ക്ക് ലഭിച്ച മറുപടി. പക്ഷേ സിനിമയിൽ മാത്രമല്ല റിയൽ ജീവിതത്തിലും മാസ് കാണിക്കാൻ തനിക്ക് കഴിയുമെന്ന് വിജയ് തെളിയിച്ചത് ഈ റെയ്ഡിന് പിന്നാലെയായിരുന്നു. വിജയ്ക്ക് ആദായനികുതി വകുപ്പ് ക്ലീൻ ചീറ്റ് നൽകി എന്നത് മാത്രമല്ല, അന്ന് തന്നെ കാണാൻ വന്ന ആരാധകർക്ക് വേണ്ടി എടുത്ത സെൽഫി ലോകം മുഴുവൻ വൈറലായി.

ജല്ലിക്കട്ട്, തൂത്തുകുടിയിലെ വെടിവെപ്പ്, വോട്ടിങ് ദിനത്തിലെ സൈക്കിൾ യാത്ര തുടങ്ങിയ സംഭവങ്ങളിലെല്ലാം പ്രത്യക്ഷമായും പരോക്ഷമായും വിജയ് രാഷ്ട്രീയം പറഞ്ഞുകൊണ്ടേയിരുന്നു. വിമർശകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും കമ്മിറ്റ്‌ചെയ്ത സിനിമകൾ കഴിഞ്ഞാൽ താനിനി സിനിമയിൽ അഭിനയിക്കില്ലെന്നും മുഴുവൻ സമയ രാഷ്ട്രീയകാരനാവുകയാണെന്നുമായിരുന്നു വിജയ്‍യുടെ പ്രഖ്യാപനം.

തമിഴക വെട്രി കഴകം എന്ന തന്റെ രാഷ്ട്രീയ പാർട്ടിയും വിജയ് പ്രഖ്യാപിച്ചു. രജിനികാന്തിൽ നിന്നും കമലിൽ നിന്നും വ്യത്യസ്തമായി കരിയറിന്റെ ഏറ്റവും പീക്ക് ടൈമിൽ നിൽക്കുമ്പോഴാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നത്. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്.

പെരിയാർ, കാമരാജ്, അംബേദ്കർ, എപിജെ അബ്ദുൾകലാം എന്നിവരെയാണ് വിജയ് തന്റെ രാഷ്ട്രീയ ഐക്കണുകളായി ഉയർത്തികാണിക്കുന്നത്. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോൾ ശക്തമായ ഒരു പ്രതിപക്ഷം നിലവിൽ തമിഴ്നാട്ടിൽ ഇല്ല. അധികാരത്തിലേറാൻ സാധിച്ചിട്ടില്ലെങ്കിലും ഈ പ്രതിപക്ഷ സ്ഥാനമായിരിക്കും വിജയിയുടെയും സംഘത്തിന്റെയും ആദ്യ ലക്ഷ്യം. സിനിമയിൽ വെട്രി കൊടി പാറിച്ച വിജയിക്ക് മുമ്പ് കരുണാനിധിയെ അധികാരത്തിൽനിന്ന് ഇറക്കിയ എംജിആറിനെ പോലെ സ്റ്റാലിനെയും ഉദയനിധിയെയും താഴെ ഇറക്കാൻ സാധിക്കുമോ അതോ മുൻഗാമികളെ പോലെ പരാജയം നേരിടേണ്ടി വരുമോയെന്ന ചോദ്യം ഉയരുന്നുണ്ട്.

ഇന്ന് വിജയ്‍ക്ക് അമ്പത് വയസ് തികയുകയാണ്. പക്ഷേ ആഘോഷങ്ങൾ ഒന്നും വേണ്ടെന്നാണ് വിജയ് തന്റെ ആരാധകർക്ക് നൽകിയ നിർദേശം. കള്ളകുറിച്ചിയിലെ മദ്യദുരന്തത്തിൽ 40 പേർ മരിച്ചതിന് തുടർന്നാണിത്. പരാജയങ്ങളിൽ നിന്ന് ഫിനിക്‌സ് പക്ഷിയെ പോലെ കുതിച്ചുയർന്ന് തന്റെ സാമ്രാജ്യം തീർത്ത വിജയ്‍ക്ക് തമിഴ്‌നാടിന്റെ മുതൽഅമേച്ചർ ആവാൻ സാധിക്കുമോയെന്നാണ് കാണേണ്ടത്...

ആരാധകരുടെ ദളപതിയിൽ നിന്ന് തമിഴ്‌നാടിന്റെ തലൈവനാവാൻ വിജയ്‍ക്ക് സാധിക്കട്ടെ, ഹാപ്പി ബർത്ത് ഡെ ദളപതി വിജയ്

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍