ഇടവാ ബഷീറിന്റെ "ഹരിവരാസനം" കേട്ട് ഭക്തിലഹരിയിൽ മുഴുകി കണ്ണീരൊപ്പുന്നവർ; കണ്ണുകൾ ചിമ്മി കൈകൂപ്പുന്നവർ; കൈകളുയർത്തി ഭഗവാനെ നൊന്തുവിളിക്കുന്നവർ....
അരനൂറ്റാണ്ട് പിന്നിട്ട ഗാനമേളാജീവിതത്തിൽ ഏറ്റവും ധന്യത തോന്നിയ മുഹൂർത്തങ്ങളായിരുന്നു അവയെന്ന് പറഞ്ഞിട്ടുണ്ട് ബഷീർക്ക. ജാതിമതങ്ങളുടേയും ഭാഷയുടേയുമെല്ലാം അതിർവരമ്പുകൾക്കപ്പുറത്തേക്ക് സദസ്സും ഗായകനും ഗാനവും ഒരുമിച്ച് ഒന്നായി ഒഴുകി ആത്മവിസ്മൃതിയുടെ സാഗരത്തിൽ ലയിക്കുന്ന സുതാര്യ സുന്ദര നിമിഷങ്ങൾ.
"ഹിന്ദു ക്ഷേത്രങ്ങളിൽ ഏറ്റവുമധികം ഗാനമേളകൾ അവതരിപ്പിച്ച അഹിന്ദു ഗായകൻ ഞാനായിരിക്കണം''-- ബഷീർക്കയുടെ വാക്കുകൾ. "ആയിരക്കണക്കിന് ഭക്തിഗാനമേളകൾ നടത്തിയിട്ടുണ്ടാകും ക്ഷേത്ര സന്നിധികളിൽ. ശിവരാത്രിക്കാലത്ത് ദിവസം മൂന്നും നാലും അമ്പലങ്ങളിൽ വരെ പാടിയിട്ടുണ്ട്. അവസാന ഗാനമേളക്ക് തിരശ്ശീല വീഴുമ്പോഴേക്കും സൂര്യൻ ഉദിച്ചിരിക്കും. പല്ലു തേച്ചുകൊണ്ട് പാട്ടുകൾ ആസ്വദിച്ച് നിൽക്കുന്നുണ്ടാകും ആളുകൾ. അതൊരു കാലം..''
ആലാപനത്തിന്റെ ഇന്ദ്രജാലം കൊണ്ട് ലക്ഷങ്ങളെ വേദികൾക്ക് മുന്നിലേക്ക് ആവാഹിച്ചു വരുത്തിയ മനുഷ്യൻ. പാടുമ്പോൾ മറ്റെല്ലാം മറക്കും - വരികളിൽ, ഈണത്തിൽ അലിയും
"ആകാശരൂപിണി അന്നപൂർണ്ണേശ്വരി അഭയം തവപദ കമലം'' എന്ന സ്തുതിഗീതം പാടി ഗാനമേളകൾക്ക് തുടക്കം കുറിക്കുന്ന കൊച്ചുമനുഷ്യന്റെ ദീപ്തചിത്രമുണ്ട് ഓർമയിൽ. ഗാനമേളാവേദിയിലെ രാജകുമാരനായിരുന്നു അക്കാലത്ത് ഇടവാ ബഷീർ. ആലാപനത്തിന്റെ ഇന്ദ്രജാലം കൊണ്ട് ലക്ഷങ്ങളെ വേദികൾക്ക് മുന്നിലേക്ക് ആവാഹിച്ചു വരുത്തിയ മനുഷ്യൻ. "പാടുമ്പോൾ മറ്റെല്ലാം മറക്കും. വരികളിൽ, ഈണത്തിൽ അലിയും. സംഗീതത്തെ പോലെ മനുഷ്യരെ മനസ്സുകൊണ്ട് ഒരുമിപ്പിക്കാൻ കഴിയുന്ന മറ്റൊരു കലയുമില്ല എന്ന് തോന്നും ചിലപ്പോൾ.'' മരിക്കുവോളം പാടണമെന്നാണ് മോഹമെന്ന് പറഞ്ഞു ഒരിക്കൽ ബഷീർക്ക. മൈക്കിന് മുന്നിൽ നിന്ന് ദൈവം കഴിഞ്ഞ വർഷം മെയ് 28 ന് ബഷീർക്കയെ കൂട്ടിക്കൊണ്ടുപോകുന്ന കാഴ്ച നിറഞ്ഞ കണ്ണുകളോടെ കണ്ടിരിക്കേ, ഓർമ്മവന്നത് ആ വാക്കുകളാണ്.
നിറഞ്ഞ സദസ്സുകൾക്ക് മുന്നിൽ അതത് ക്ഷേത്രങ്ങളിലെ ആരാധനാമൂർത്തികളെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് പാടുക
എല്ലാ ദേവീദേവന്മാരുടെയും സന്നിധിയിൽ മുഴങ്ങി ബഷീറിന്റെ നാദം. ഗുരുവായൂർ, ശബരിമല, കൊല്ലൂർ മൂകാംബികാ ക്ഷേത്രം, ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രം, അയ്യപ്പൻകാവ്...അങ്ങനെയങ്ങനെ ഗാനമേളയുമായി ബഷീർ കടന്നുചെല്ലാത്ത ചെറുതും വലുതുമായ അമ്പലങ്ങൾ കുറവ്. നിറഞ്ഞ സദസ്സുകൾക്ക് മുന്നിൽ അതത് ക്ഷേത്രങ്ങളിലെ ആരാധനാമൂർത്തികളെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് പാടുക. ശിവക്ഷേത്രമെങ്കിൽ ശിവഭക്തിഗാനങ്ങൾ; ദേവീ ക്ഷേത്രമെങ്കിൽ ദേവീ സ്തുതികൾ...ക്ഷേത്രഭാരവാഹികൾ പ്രത്യേകമായി എഴുതി തയ്യാറാക്കിയ ഗാനങ്ങൾ പാടാൻ ആവശ്യപ്പെടുന്ന പതിവുമുണ്ട്. അത്തരം രചനകൾ തത്സമയം ട്യൂണിട്ട് പാടും.
1968 ലായിരുന്നു ബഷീറിന്റെ ആദ്യ പ്രൊഫഷണൽ ഗാനമേള. കൊല്ലത്തും പരിസരത്തുമുള്ള അമ്പലങ്ങളിലാണ് തുടക്കത്തിൽ പാടിയത്. അതുകഴിഞ്ഞ് ശബരിമല ഉൾപ്പെടെയുള്ള മഹാക്ഷേത്രങ്ങളിൽ. "ഇന്നത്തെയത്ര എളുപ്പമല്ല അന്ന് ശബരിമല യാത്ര. നാഴികകളോളം നടന്നുവേണം മലകയറാൻ. ഹാർമോണിയവും തബലയുമൊക്കെ തലയിൽ ചുമന്നുള്ള യാത്ര. പതിനായിരങ്ങൾ കാത്തിരിക്കുന്നുണ്ടാവും സന്നിധാനത്ത് പാട്ടു കേൾക്കാൻ. ശാന്തമായ ആ അന്തരീക്ഷത്തിന്റെ വിശുദ്ധി ഉൾക്കൊണ്ട് ഹരിവരാസനം പോലുള്ള കൃതികൾ പാടുമ്പോൾ ഭക്തർ വികാരപരവശരായിക്കണ്ടിട്ടുണ്ട്.''-- ബഷീർ. അയ്യപ്പ ദർശനത്തിനായി ശബരിമലയിലെത്തിയ ജയചന്ദ്രൻ ഒരിക്കൽ "അതിഥിഗായക''നായി ഓർക്കസ്ട്രയ്ക്കൊപ്പം ചേർന്നത് മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്ന്.
ഗുരുവായൂരിൽ ഗാനമേളകൾ അവതരിപ്പിക്കുന്ന കാലത്ത് മേൽപ്പത്തൂർ ഓഡിറ്റോറിയം നിർമ്മിക്കപ്പെട്ടിട്ടില്ല. കിഴക്കേ നടയ്ക്കൽ കെട്ടിയുയർത്തിയ താത്കാലിക പന്തലിലാണ് പരിപാടി അരങ്ങേറുക. നിറഞ്ഞ സദസ്സ് രാത്രി വൈകുവോളം ഉറക്കമിളച്ചിരുന്ന് പാട്ടുകൾ ആസ്വദിക്കും. "പരിപാടിക്ക് ശേഷം ക്ഷേത്ര ഭാരവാഹികൾ പൊന്നാട അണിയിക്കുന്ന പതിവുണ്ട്. അഭിമാന മുഹൂർത്തങ്ങളായിരുന്നു അതൊക്കെ. സിനിമയിൽ പാടിത്തുടങ്ങിയിരുന്നില്ലാത്ത ഉണ്ണിമേനോനും ഉണ്ടായിരുന്നു ഒരിക്കൽ സദസ്സിൽ. വളർന്നു വരുന്ന ഗായകൻ എന്നു പറഞ്ഞ് ആരോ ഉണ്ണിയെ പരിചയപ്പെടുത്തിത്തന്നത് ഓർമ്മയുണ്ട്.'' -- ബഷീർ.
പള്ളുരുത്തിയിലെ ഒരമ്പലത്തിൽ നടന്ന ഗാനമേള മറക്കാനാവില്ല. പതിനായിരക്കണക്കിനാളുകളാണ് പരിപാടിക്കെത്തിയത്. ക്ഷേത്ര പരിസരത്തിന് ഉൾക്കൊള്ളാൻ കഴിയാത്തത്ര വലിയ ജനതതി. "വേദിയിൽ പാടിക്കൊണ്ടിരുന്നപ്പോൾ കുറച്ചകലെ നിന്ന് വല്ലാത്തൊരു ശബ്ദം. ആളുകളുടെ തള്ളിക്കയറ്റത്തിൽ പത്തുപന്ത്രണ്ടടി ഉയരമുള്ള ക്ഷേത്രമതിൽ തകർന്നുവീണതാണ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നും ഉൾക്കിടിലം തോന്നും ആ രാത്രിയെക്കുറിച്ച് ഓർക്കുമ്പോൾ.''
പല ക്ഷേത്രങ്ങളുടെയും ഊട്ടുപുരകളിൽ ഭക്തർക്കൊപ്പമിരുന്ന് ഊണു കഴിച്ചു. ചോറും സാമ്പാറും അവിയലും മോരുമൊക്കെ കൂട്ടിയുള്ള അസ്സൽ വെജിറ്റേറിയൻ ശാപ്പാട്
മലയാലപ്പുഴ, ഓമല്ലൂർ, ഓച്ചിറ, ഹരിപ്പാട്.... അങ്ങനെ കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള അമ്പലങ്ങളിൽ പാടി ബഷീർ. പല ക്ഷേത്രങ്ങളുടെയും ഊട്ടുപുരകളിൽ ഭക്തർക്കൊപ്പമിരുന്ന് ഊണു കഴിച്ചു. ചോറും സാമ്പാറും അവിയലും മോരുമൊക്കെ കൂട്ടിയുള്ള അസ്സൽ വെജിറ്റേറിയൻ ശാപ്പാട്. "അന്യമതസ്ഥരുടെ ദേവാലയങ്ങളിൽ പാടിയതിന്റെ പേരിൽ ഒരിക്കലും ആരും കുറ്റപ്പെടുത്തിക്കേട്ടിട്ടില്ല. അത്തരം വിവാദങ്ങൾ കലാരംഗത്തെ, പ്രത്യേകിച്ച് സംഗീതലോകത്തെ ബാധിച്ചിരുന്നില്ല എന്നതാണ് സത്യം.എല്ലാ മതസ്ഥരും അന്യ മതവിശ്വാസികളുടെ ഗാനങ്ങൾ ആസ്വദിക്കുകയും ഏറ്റുപാടുകയും ചെയ്തിരുന്ന കാലം.''
യേശുദാസിനെ ഓർമ്മിപ്പിക്കുന്ന ശബ്ദത്തിൽ ഇടവാ ബഷീറിന്റെ ആകാശരൂപിണി ഉയരുകയായി. സ്റ്റേജിൽ നിൽക്കുന്ന ചെറിയ മനുഷ്യനാണ് ഇത്രയും ഗാംഭീര്യമാർന്ന ശബ്ദത്തിൽ പാടുന്നതെന്ന് വിശ്വസിക്കുക പ്രയാസം
ഉത്സവവേദികളിൽ ഗാനമേള അവതരിപ്പിക്കാൻ എത്തുന്ന സംഗീതാലയ ട്രൂപ്പിന്റെ വാഹനത്തിനു ചുറ്റും കൗതുകത്തോടെ ചുറ്റിക്കറങ്ങിയ ബാല്യത്തെ കുറിച്ചുള്ള മധുരസ്മരണകൾ പങ്കുവെച്ചിട്ടുണ്ട് സുരേഷ് ഗോപി: "ആരൊക്കെ വന്നിട്ടുണ്ട്, ഏതൊക്കെ സംഗീതോപകണങ്ങൾ ആണ് ഇത്തവണ അവർ അവതരിപ്പിക്കാൻ പോകുന്നത് എന്നൊക്കെ അറിയാൻ വേണ്ടിയുള്ള ആകാംക്ഷയാണ്. മൈക്കിലൂടെ ഓരോ ഉപകരണതിന്റെയും ശബ്ദം കേൾക്കുന്നത് തന്നെ ഒരു ത്രില്ലായിരുന്നു. കാത്തിരിപ്പിന് ഒടുവിൽ അതാ കോട്ടണ്‍ മില്ലിലെ സൈറണ്‍ പോലൊരു ശബ്ദം. ഗാനമേള തുടങ്ങുന്നതറിയിച്ചു കൊണ്ടുള്ള കേളികൊട്ടാണ്. ഉത്സവപ്പറമ്പിലായാലും പെരുന്നാൾ സ്ഥലത്തായാലും മറ്റെല്ലാ ബഹളവും ആ ശബ്ദത്തിൽ അലിഞ്ഞു അപ്രത്യക്ഷമാകും. തൊട്ടു പിന്നാലെ യേശുദാസിനെ ഓർമ്മിപ്പിക്കുന്ന ശബ്ദത്തിൽ ഇടവാ ബഷീറിന്റെ ആകാശരൂപിണി ഉയരുകയായി. സ്റ്റേജിൽ നിൽക്കുന്ന ചെറിയ മനുഷ്യനാണ് ഇത്രയും ഗാംഭീര്യമാർന്ന ശബ്ദത്തിൽ പാടുന്നതെന്ന് വിശ്വസിക്കുക പ്രയാസം. ചെറിയൊരു അസൂയയും തോന്നും അപ്പോൾ. സദസ്സിലെ സുന്ദരിമാരെല്ലാം ഗായകനെ നോക്കി സ്വയം മറന്ന് ഇരിക്കുകയല്ലേ? സദസ്സിന്റെ മുൻനിരയിൽ ഇരുന്നു ബഷീറിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിച്ചിട്ടുണ്ട് അന്നെല്ലാം.''
ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രമല്ല ക്രിസ്തീയ ദേവാലയങ്ങളിലും മുസ്ലിം പള്ളികളിലുമെല്ലാം സ്ഥിരമായി ഗാനമേളകൾ അവതരിപ്പിക്കും ബഷീറും കൂട്ടരും. മറക്കാനാവാത്ത അനുഭവങ്ങളിലൊന്ന് മാരാമൺ കൺവെൻഷനിൽ പാടിയതാണ്. ലക്ഷത്തോളം വരുന്ന ആസ്വാദകർക്ക് മുന്നിൽ പാടുമ്പോഴത്തെ ആത്മസംതൃപ്തി റെക്കോർഡിംഗ് സ്റ്റുഡിയോയുടെ ഏകാന്തമൂകതയിൽ നിന്നപ്പോൾ പോലും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു വാണിജയറാമിനോടൊപ്പം "മുക്കുവനെ സ്നേഹിച്ച ഭൂതം'' എന്ന സിനിമയിൽ ``ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ'' എന്ന സൂപ്പർ ഹിറ്റ് ഗാനം പാടിയ ബഷീർ.