യുവതാരങ്ങളെ കൊണ്ടുള്ള പ്രതിസന്ധികൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ഇന്നലെ ഫെഫ്ക പ്രതിനിധികളുടെ വാർത്താസമ്മേളനം. താരങ്ങളുടെ പേര് പറയാൻ ഫെഫ്ക തയാറായതുമില്ല . എന്നാൽ ഫഹദ് ഫാസിൽ, നിവിൻ പോളി, ഷെയ്ൻ നിഗം എന്നിവർക്കെതിരെയുള്ള പരാതികളിലാണ് ഫെഫ്ക ഇന്നലെ പ്രതികരിച്ചതെന്നാണ് സൂചന. മൂന്ന് യുവതാരങ്ങൾക്കെതിരെയും നിർമാതാക്കളും സംവിധായകരും ഫെഫ്കയിൽ പരാതി നൽകിയിരുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അദ്ഭുതവിളക്കും മൂന്ന് വർഷം കൊണ്ടാണ് ഫഹദ് ഫാസിൽ തീർത്തത്. ചിത്രീകരണം പകുതിയിലേറെ പിന്നിട്ട ശേഷം ചിത്രത്തിൽ നിന്ന് പിൻമാറാനും ഫഹദ് ശ്രമിച്ചിരുന്നു. ഫെഫ്ക ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഒരേസമയം ഒന്നിലേറെ സിനിമകൾക്ക് ഡേറ്റ് നൽകുന്നതാണ് ഫഹദിന്റെ പ്രധാന പ്രശ്നം. എന്നാൽ എല്ലാം ഒരുമിച്ച് കൊണ്ടുപോകാനുമാകുന്നില്ല
മോഹൻലാലിനെയോ മമ്മൂട്ടിയെയോ പോലുള്ള സൂപ്പർതാരങ്ങളെയൊക്കെ വച്ച് സിനിമ ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല. എന്തിനേറെ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന ട്വന്റി -20 പോലും എത്ര എളുപ്പത്തിൽ ചെയ്ത് തീർക്കാനായെന്ന് അറിയുമോ? ഇപ്പോൾ സിനിമ തീർക്കണമെങ്കിൽ ഇവരുടെയൊക്കെ കാലിൽ വീഴേണ്ട അവസ്ഥയാണ്, പേര് പറയാൻ ആഗ്രഹിക്കാത്ത സംവിധായകൻ ദ ഫോർത്തിനോട് പങ്കുവച്ച വിഷമം. മലയാള സിനിമയിൽ നിർമാതാക്കളും സംവിധായകരും അനുഭവിക്കുന്ന ഈ വിഷമങ്ങളെക്കുറിച്ചാണ് ഫെഫ്ക ഭാരവാഹികളും ഇന്നലെ പറഞ്ഞത്
മുൻകാലങ്ങളിൽ ജഗതി ശ്രീകുമാറടക്കമുള്ള നിരവധി താരങ്ങൾ ഒരേ സമയം ഒന്നിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. എന്നാൽ അക്കാര്യങ്ങൾ അവർ അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളുടെ സംവിധായകരേയും അറിയിക്കുകയും അതിന് അനുസരിച്ച് ഷെഡ്യൂൾ തീരുമാനിച്ച്, സമയത്തിന് എത്തി , ആവശ്യമുള്ള ഭാഗം സമയത്തിനുള്ളിൽ ചിത്രീകരിച്ച് തീർക്കുകയായിരുന്നു പതിവ് . എന്നാൽ നിലവിലെ സ്ഥിതി അതല്ല, നമ്മൾ എപ്പോൾ തീരുമാനിച്ചാലും അവർക്ക് തോന്നുമ്പോൾ വരികയും പോവുകയും ചെയ്യുന്നതാണ് പലരുടേയും രീതി ...നിർമാതാക്കൾ പറയുന്നു
ഷൂട്ട് തുടങ്ങിയ ശേഷം പിൻമാറുന്നതും ഒഴിവാകാൻ യാതൊരു മടിയില്ലാത്തതുമാണ് താരങ്ങളുടെ പുതിയ രീതി .ചിത്രീകരണം തുടങ്ങിയ ശേഷമാണ് അടുത്തിടെ നിവിൻ പോളി ഒരു ചിത്രത്തിൽ നിന്ന് പിൻമാറിയത്. പുതിയ ടീമിനെ വച്ച് വീണ്ടും ആദ്യം മുതൽ തുടങ്ങേണ്ട ഗതികേടിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ
ഷെയ്ൻ നിഗമാണ് മറ്റൊരു പ്രധാന പ്രശ്നക്കാരൻ . ആർഡിഎക്സ് എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഷെയ്ൻ ഏറ്റവും ഒടുവിൽ പ്രശ്നമുണ്ടാക്കിയത് . നീരജ് മാധവ് , ആന്റണി വർഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഷെയ്ന് പ്രാധാന്യം കുറയുന്നുണ്ടോയെന്നായിരുന്നു ഷെയ്ന്റെ സംശയം. പിന്നീട് എഡിറ്റ് ചെയ്ത സീനുകൾ അടക്കം കാണണമെന്ന് ആവശ്യപ്പെട്ടും ഷെയ്ൻ സെറ്റിൽ പ്രശ്നമുണ്ടാക്കി. അവിടെയും ഫെഫ്കയ്ക്ക് ഇടപെടേണ്ടി വന്നു
തൊഴിൽപരമായ നൈതികതയില്ലായ്മയാണ് യുവതാരങ്ങളുടെ പ്രധാന പ്രശ്നമെന്നാണ് സംവിധായകരുടെയും നിർമ്മാതാക്കളുടേയും പരാതി. വൈകി സെറ്റിൽ വരിക, നേരത്തെ പോവുക, സമയത്തിന് സിനിമ തീർക്കാതിരിക്കുക , കരാറിൽ ഒപ്പുവച്ചിട്ടും പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാതിരിക്കുക, സമയത്തിന് ഡബ്ബിംഗിന് എത്താതിരിക്കുക, അങ്ങനെ നിർമാതാക്കളെയും സംവിധായകരേയും വലയ്ക്കുകയാണ് യുവതാരങ്ങൾ . പലർക്കും ടീമിൽ തിരക്കഥാകൃത്തുകളും സംവിധായകരും സ്വന്തമായി പ്രൊഡക്ഷൻ കമ്പനികളുമുള്ളത് തന്നെയാണ് ഈ ധാർഷ്ട്യത്തിന് പിന്നിലെ ധൈര്യമെന്നാണ് നിർമാതാക്കളുടെ പക്ഷം.
തൽക്കാലം ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിനാലാണ് ഇവരുടെ പേരുകൾ പരസ്യപ്പെടുത്താത്തതെന്ന നിലപാടിലാണ് ഫെഫ്ക. എന്നാൽ താരങ്ങൾ നിലപാട് തുടർന്നാൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് ഫെഫ്ക താരസംഘടനയെ അനൗദ്യോഗികമായി അറിയിച്ചിട്ടുമുണ്ട് .