'ഹിഗ്വിറ്റ' വിവാദത്തിൽ എൻ എസ് മാധവന് പൂർണ പിന്തുണ നൽകി ഫിലിം ചേംബർ. സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേര് അനുവദിക്കുന്നതിനുള്ള വിലക്ക് തുടരാനാണ് ഫിലിം ചേംബറിന്റെ തീരുമാനം . എന്‍ എസ് മാധവന്റെ അനുമതിയോടെ മാത്രമെ പേര് ഉപയോഗിക്കാവൂ എന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. സിനിമയുടെ അണിയറപ്രവര്‍ത്തകരും ഫിലിം ചേംബറും നടത്തിയ ചര്‍ച്ചയിലും ഫിലിം ചേംബർ നിലപാട് ആവർത്തിച്ചു. ഇതോടെ ചർച്ച പരാജയപ്പെട്ടു. എന്നാൽ നിയമനടപടികളിലേക്ക് കടക്കാനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തീരുമാനം . ഹിഗ്വിറ്റയുടെ കഥ മോഷ്ടിച്ചെന്നാരോപിച്ച് എന്‍ എസ് മാധവന്‍ കത്തയച്ചെന്നും ഇത് അടിസ്ഥാനരഹിതമാണെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. വിവാദവുമായി ബന്ധപ്പെട്ട് നിസ്സഹായരാണെന്നാണ് ഫിലിം ചേംബര്‍ വിശദീകരിക്കുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
'ഹിഗ്വിറ്റ' എന്ന പേര് ചിത്രത്തിന് നല്‍കരുതെന്ന് കഴിഞ്ഞയാഴ്ച അണിയറപ്രവര്‍ത്തകര്‍ക്ക് ഫിലിം ചേംബര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഹിഗ്വിറ്റ എന്‍ എസ് മാധവന്റെ പ്രശസ്തമായ ചെറുകഥയാണെന്നും പേര് നല്‍കണമെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് അനുമതി വാങ്ങണമെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കിയിരുന്നു. എന്‍ എസ് മാധവന്റെ കത്തിന് പിന്നാലെയായിരുന്നു ഇടപെടല്‍.
ഹിഗ്വിറ്റ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വന്നതിന് പിന്നാലെയായിരുന്നു സിനിമയുടെ പേരില്‍ അവകാശമുന്നയിച്ച് എന്‍ എസ് മാധവന്‍ രംഗത്തെത്തിയത്. ഹിഗ്വിറ്റ എന്ന പേരില്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ അതേപേരില്‍ പ്രശസ്തമായ കഥയുടെ പേരിനു മേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നു എന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്. ''ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദുഃഖകരമാണ്..' എന്നായിരുന്നു എന്‍എസ് മാധവന്‍ ട്വിറ്ററിലൂടെ നടത്തിയ പ്രതികരണം.
സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നവംബര്‍ 28നാണ് പുറത്തുവിട്ടത്. ശശി തരൂര്‍ എംപിയാണ് തന്റെ ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. സെക്കന്റ് ഹാഫ് പ്രൊഡക്ഷന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫുട്‌ബോളും രാഷ്ട്രീയവും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് ഹേമന്ത് ജി നായരാണ്.