ഷിക്കാഗോയിലെ എംഹേഴ്സ്റ്റ് ആസ്ഥാനമായ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപതയുടെ അഭിവന്ദ്യ മെത്രാന് പാട്ടെഴുതാൻ സമയം കിട്ടാറില്ല ഇപ്പോൾ. പക്ഷേ യൗവനകാലത്ത് താനെഴുതിയ പാട്ട് മൂന്ന് പതിറ്റാണ്ടിനിപ്പുറവും മലയാളികൾ ഏറ്റുപാടുന്നുവെന്ന അറിവ് അദ്ദേഹത്തിന് ഒരേ സമയം അത്ഭുതവും ആഹ്ളാദവും പകരുമെന്നുറപ്പ്.
പാട്ട് ഇതാണ്: 1991 ലെ ക്രിസ്‌മസ് കാലത്ത് തരംഗിണി പുറത്തിറക്കിയ "സ്നേഹസുധ" എന്ന ആൽബത്തിൽ ജെ എം രാജുവിന്റെ ഈണത്തിൽ യേശുദാസ് പാടിയ ഗാനം.
"കാനായിലെ കല്യാണനാളിൽ
കൽഭരണിയിലെ വെള്ളം മുന്തിരിനീരായ്
വിസ്മയത്തിൽ മുഴുകി ലോകരന്ന്
വിസ്മൃതിയിൽ തുടരും ലോകമിന്ന്
മഹിമ കാട്ടി യേശുനാഥൻ..."
മലയാളത്തിൽ പിറന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് ക്രിസ്തീയ ഭക്തിഗീതങ്ങളിൽ ഒന്ന്. പാട്ടിന് യൂട്യൂബിൽ ദശലക്ഷണക്കണക്കിനാണ് വ്യൂസ്. കവർ വേർഷനുകൾക്ക് പോലുമുണ്ട് പ്രേക്ഷക ലക്ഷങ്ങൾ. ഇന്നും കല്യാണ വീടുകളിൽ പതിവായി പാടിക്കേൾക്കാം ഈ ഗാനം. "ഞാൻ തന്നെ എത്രയോ വിവാഹവേദികളിൽ കാനായിലെ കല്യാണനാളിൽ പാടിയിട്ടുണ്ട്," ജെ എം രാജു പറയുന്നു.
"മറക്കാനാവാത്ത അനുഭവം മധ്യകേരളത്തിലെ ചില ഹിന്ദു ക്ഷേത്രങ്ങളിലെ സംഗീത പരിപാടികളിൽ പാടിയതാണ്. സദസ്സ് നിർബന്ധിച്ചു പാടിക്കുകയായിരുന്നു എന്നെ. ഈശ്വരസ്തുതിയല്ലേ, ഈണവും മനോഹരം; പിന്നെന്താ പാടിയാൽ എന്നായിരുന്നു അവിടെ കൂടിയിരുന്നവരുടെ ചോദ്യം." സംഗീതത്തിന് ജാതിമതഭേദമില്ല എന്ന സത്യം ഒരിക്കൽ കൂടി രാജുവിനെ ബോധ്യപ്പെടുത്തിയ അനുഭവം.
"കാനായിലെ കല്യാണ നാളിൽ" ഉൾപ്പെടെ സ്നേഹസുധയിലെ പാട്ടുകളെല്ലാം എഴുതിയ യുവ പുരോഹിതൻ റവ. ഫാദർ ജോണ്‍ ജോയ് ആലപ്പാട്ട് ഷിക്കാഗോയിൽ ബിഷപ്പാണിപ്പോൾ. മാർ ജേക്കബ് അങ്ങാടിയത്തിൽനിന്ന് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപതയുടെ മെത്രാൻ പദവി അദ്ദേഹം ഏറ്റെടുത്തത് കഴിഞ്ഞ വർഷം ജൂലൈ മൂന്നിന്.
"ഫാദർ ജോയിക്ക് പാട്ടെഴുതാൻ താത്പര്യമുണ്ടെന്ന് ഞാനറിഞ്ഞത് ചെന്നൈയിലെ ക്രിസ്ത്യൻ ആർട്ട്സിൽ പാടാൻ വന്ന ഒരു പയ്യനിൽ നിന്നാണ്," ഗായകനും സംഗീത സംവിധായകനുമായ രാജുവിന്റെ ഓർമ. 1990 കളുടെ തുടക്കം. കിൽപോക്കിലെ ഒരു ദേവാലയത്തിൽ പുരോഹിതനാണ് അന്നദ്ദേഹം. നല്ല ചെറുപ്പം."
ഏതാണ്ടതേ കാലത്താണ് തരംഗിണിക്കുവേണ്ടി തമിഴിൽ ഒരു ഭക്തിഗാന ആൽബം ഒരുക്കാൻ യേശുദാസ് സ്വന്തം നാട്ടുകാരനും ചിരകാല സുഹൃത്തുമായ രാജുവിനോട് ആവശ്യപ്പെട്ടുന്നത്. മലയാളത്തിൽ തരംഗിണിയുടെ ഭക്തിഗാന ആൽബങ്ങൾ സൂപ്പർ ഹിറ്റായി മാറിക്കൊണ്ടിരുന്ന കാലം. ക്രിസ്ത്യൻ ആർട്ട്സിൽ വെച്ച് പരിചയപ്പെട്ട സാം ഡി ദാസൻ എന്നൊരു കവി രാജുവിന്റെ ഈണത്തിൽ മനോഹരമായ കുറേ തമിഴ് ഗാനങ്ങളെഴുതി. യേശുദാസ് അവ അതീവഹൃദ്യമായി പാടുകയും ചെയ്തു.
ലക്ഷങ്ങൾ വിറ്റഴിഞ്ഞ തമിഴ് ആൽബത്തിന്റെ ഈണങ്ങൾ മലയാളികളെയും കേൾപ്പിക്കാൻ യേശുദാസിന് മോഹം. അടുത്ത വർഷത്തെ ക്രിസ്മസിന് അതേ ഗാനങ്ങൾ 'മലയാളീകരിക്കാൻ' അദ്ദേഹം രാജുവിനെ ചുമതലപ്പെടുത്തുന്നു. "ഇഷ്ടമുള്ള ആരെക്കൊണ്ടും പാട്ടെഴുതിക്കാനുള്ള സ്വാതന്ത്ര്യം ദാസ് എനിക്ക് അനുവദിച്ചിരുന്നു. പെട്ടെന്ന് ഓർമ്മവന്നത് യുവ വൈദികനായ ഫാദർ ജോയിയുടെ പേരാണ്. ഉടൻ ഫാദറെ വീട്ടിലേക്ക് വിളിച്ചുവരുത്തി തമിഴ് ഈണങ്ങൾ കേൾപ്പിച്ചു കൊടുത്തു. മലയാളത്തിൽ അനുയോജ്യമായ വരികൾ എഴുതുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം."
ആകാംക്ഷയോടെ, തെല്ലൊരു ആശങ്കയോടെ പാട്ടെഴുതാനിരുന്ന യുവാവിന്റെ രൂപം ഇന്നുമുണ്ട് രാജുവിന്റെ ഓർമയിൽ. തുടക്കക്കാരനായതുകൊണ്ടുള്ള ചില്ലറ പ്രശ്നങ്ങൾ ഒക്കെയുണ്ടായിരുന്നെങ്കിലും എന്റെ സഹായത്തോടെ പാട്ടുകൾ കൃത്യമായ മീറ്ററിൽ എഴുതിത്തീർത്തു അദ്ദേഹം. സാം ഡി ദാസന്റെ രചനയിലെ കാവ്യഭംഗിയും അർത്ഥഭംഗിയും മലയാളത്തിലേക്ക് പരാവർത്തനം ചെയ്യേണ്ട ബാധ്യതയേ ഉണ്ടായിരുന്നുള്ളൂ ഫാദറിന്."
യേശുദാസിന് പുറമെ അദ്ദേഹത്തിന്റെ സഹോദരി ജയമ്മ ആന്റണിയും മകൻ വിജയ് യേശുദാസും ഉണ്ടായിരുന്നു ആൽബത്തിൽ ഗായകരായി. ദീർഘ നാളത്തെ ഇടവേളയ്ക്കുശേഷം ഗാനലോകത്തേക്ക് തിരിച്ചുവന്ന ജയമ്മ പാടിയത് 'വെണ്മേഘം വെളിച്ചം വീശിടുന്നു' എന്ന ഗാനം. 'ദർശനം നൽകണേ മിശിഹായേ', 'നിൻ സ്വരം തേടി, നന്ദിയോടെ ദേവഗാനം പാടി', 'മെറി മെറി ക്രിസ്‌മസ്' തുടങ്ങിയവയായിരുന്നു മറ്റു ഗാനങ്ങൾ.
എങ്കിലും ജനം ആദ്യ കേൾവിയിൽ തന്നെ ഏറ്റെടുത്തതും ഏറ്റുപാടിയതും കാനായിലെ കല്യാണനാളിൽ എന്ന പാട്ട് തന്നെ. "സ്നേഹസുധയുടെ കാസറ്റ് അവിശ്വസനീയമായ വേഗത്തിലാണ് വിറ്റുതീർന്നത്. മുപ്പതു വർഷം കഴിഞ്ഞിട്ടും ഈ തലമുറയിൽ പോലും ആ ഗാനത്തിന് ആവശ്യക്കാരുണ്ട് എന്നത് സന്തോഷമുള്ള കാര്യം. ആ ഗാനം പാടാത്ത വിവാഹവീടുകൾ അപൂർവം," പ്രശസ്ത പിന്നണി ഗായിക ലതയുടെ ഭർത്താവും യുവഗായകൻ ആലാപ് രാജുവിന്റെ പിതാവുമായ രാജു പറയുന്നു.
വിധി നിയോഗമെന്നോണം പാട്ടെഴുതിയ ആൾക്കും ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയായി മാറി ആ ആൽബം. പൗരോഹിത്യത്തിലായിരുന്നു ആ ഉയർച്ച എന്ന വ്യത്യാസം മാത്രം. തൃശൂരിലെ പറപ്പൂക്കര സ്വദേശിയായ ഫാദർ ജോയ് വടവാതൂരിലെ സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരിയിലാണ് പൗരോഹിത്യ പരിശീലനം പൂർത്തിയാക്കിയത്. ദൈവശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും മാസ്‌റ്റേഴ്‌സ് ബിരുദം നേടിയ ശേഷം 1987 മുതൽ 93 വരെ ചെന്നൈ സീറോ മലബാർ ചർച്ചിൽ മിഷൻ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ഈ കാലത്തായിരുന്നു ഗാനരചനയിലെ അരങ്ങേറ്റം. ഉപരിപഠനത്തിനായി 1994 ൽ അമേരിക്കയിലെത്തിയ ഫാദർ ജോയ് ന്യൂയോർക്ക് ആർച്ച് ഡയോസിസിൽ അസോഷ്യേറ്റ് പാസ്റ്ററായാണ് തുടക്കം കുറിച്ചത്. ചിക്കാഗോയിലെ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപതയുടെ ഡയറക്ടറായി നിയുക്തനായത് 2002ൽ.
"അമേരിക്കൻ സന്ദർശനവേളയിൽ അദ്ദേഹത്തെ കണ്ടു സംസാരിച്ചിട്ടുണ്ട്," ജെ എം രാജു പറയുന്നു. "വർഷങ്ങൾക്ക് മുൻപൊരിക്കൽ ന്യൂജേഴ്‌സിയിൽ ഒരു പള്ളിയുടെ സാംസ്‌കാരിക പരിപാടിയിൽ സദസിന്റെ നിർബന്ധപ്രകാരം കാനായിലെ കല്യാണനാളിൽ പാടേണ്ടി വന്നു എനിക്ക്. പാടും മുൻപ് ആമുഖമായി പാട്ടെഴുതിയ ആളെയും പരാമർശിച്ചു ഞാൻ; അമേരിക്കയിലെങ്ങോ അദ്ദേഹം ഉണ്ടെന്നാണ് എന്റെ അറിവെന്നു പറയുകയും ചെയ്തു."
തൊട്ടപ്പുറത്തെ വരാന്തയിൽനിന്ന് ഒരാൾ കൈയുയർത്തി വീശിയത് അപ്പോഴാണ്. അത്ഭുതം. സാക്ഷാൽ ഗാനരചയിതാവിതാ കണ്മുന്നിൽ. ഉപരിപഠനാർത്ഥം ന്യൂജേഴ്‌സിയിൽ എത്തിയതായിരുന്നു അദ്ദേഹം. "എല്ലാം യാദൃച്ഛികം,"ജെ എം രാജു പറഞ്ഞു. "താങ്കൾ പാട്ടെഴുതിയതും ഞാൻ ചിട്ടപ്പെടുത്തിയതും യേശുദാസ് പാടിയതും ജനം സ്വീകരിച്ചതും ഒടുവിൽ വർഷങ്ങൾക്കു ശേഷം ഇവിടെ വെച്ച് നമ്മൾ കണ്ടുമുട്ടിയതും. ദൈവം കനിഞ്ഞനുഗ്രഹിച്ച ഒരു പാട്ട് കൊണ്ടുവന്ന സൗഭാഗ്യങ്ങളല്ലേ ഇതെല്ലാം?"