ഐഎഫ്എഫ്കെയുടെ മുഖമായ തോൽപ്പാവയാണ് ലങ്കാലക്ഷ്മി. ഈ തോൽപ്പാവയെ കഥാപാത്രമാക്കി വിവിധ ആശയങ്ങളിലാണ് ഓരോ വർഷവും മേളയുടെ സിഗ്നേച്ചർ ഫിലിം ഒരുക്കുന്നത്. മേളയുടെ മുഖമായി ലങ്കാലക്ഷ്മിയെ കണ്ടെത്തിയത് പിന്നിലൊരു കഥയുണ്ട് .
1988 ൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജി അരവിന്ദനാണ് ലങ്കാലക്ഷ്മിയെ കണ്ടെത്തിയത്. അരവിന്ദന്റെ ആവശ്യപ്രകാരം പദ്മശ്രീ രാമചന്ദ്ര പുലവരുടെ പിതാവായ പാവക്കൂത്ത് കലാകാരൻ കൃഷ്ണൻകുട്ടി പുലവരാണ് ലങ്കാലക്ഷ്മിയെ രൂപപ്പെടുത്തിയത്.
ബ്രഹ്മശാപത്താൽ ലങ്കയിലെ കാവൽക്കാരി ആകേണ്ടി വന്ന ലങ്കാലക്ഷ്മിക്ക് ശാപ മോക്ഷം ലഭിച്ച ശേഷം ആകാശത്തേക്ക് കൈകൾ ഉയർത്തുന്ന ഭാവമാണ് ഐഎഫ്എഫ്കെ ലോഗോയിലുള്ളത്. തിന്മയ്ക്കു മീതെ നന്മ വിജയം നേടുന്നതിന്റെ പ്രതീകമാണിത്.
മൂന്നാം ചലച്ചിത്രമേള മുതലാണ് തോൽപ്പാവക്കൂത്തിലെ ലങ്കാലക്ഷ്മി ഐഎഫ്എഫ്കെ ലോഗോയിൽ സ്ഥാനം പിടിച്ചത്. സിനിമ പോലെ നിഴലും വെളിച്ചവും ശബ്ദവും സമന്വയിപ്പിച്ചുള്ള കലാരൂപമാണ് പാവക്കൂത്ത്. അതുകൊണ്ട്തന്നെ സിനിമയെ പ്രതിനിധീകരിക്കുന്നതിനു നിഴൽ രൂപങ്ങളാൽ കഥ പറയുന്ന പാവക്കൂത്തിനോളം മികച്ച മറ്റൊന്നില്ല.
1968 ൽ രാമചന്ദ്ര പുലവർക്ക് 8 വയസ്സ് പ്രായമുള്ളപ്പോഴാണ് പിതാവ് പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരുള്ള ഒരു ജന്മിഗൃഹത്തിലേക്ക് കൊണ്ടുപോകുന്നത്. പ്രമാണിയായ മൂപ്പിൽ നായരെ കാണുക എന്നതായിരുന്നു ഉദ്ദേശം. മൂപ്പിൽ നായരാണ് രാമചന്ദ്ര പുലവരെ പാവക്കൂത്ത് പഠിക്കാനായി നിർബന്ധിച്ചത്. പാവക്കൂത്ത് കലാകാർ കുറവാണെന്നും ആ വഴി സ്വീകരിച്ചാൽ വലിയ ഉയരങ്ങൾ കീഴടക്കാമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് രാമചന്ദ്ര പുലവർ പാവക്കൂത്ത് കല തന്നെ തൊഴിലായി സ്വീകരിക്കുകയും 2007 ൽ യേശുക്രിസ്തുവിനെ കഥാപാത്രമാക്കി തോൽപ്പാവക്കൂത്ത് നടത്തി ലോകതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും മധ്യകാല തമിഴ് ഇതിഹാസമായ കമ്പ രാമായണം തന്നെയാണ് കൂടുതലായും അവതരിപ്പിച്ചു വരുന്നത്.
നിരന്തരമായി പരിപാടികൾ കിട്ടിയിരുന്ന സമയം ആയതുകൊണ്ട് തന്നെ തോൽപ്പാവകൾ പലതും നശിച്ചുപോകാൻ തുടങ്ങിയിരുന്നു. പുതിയത് വാങ്ങാനുള്ള സാമ്പത്തികമില്ലാത്തതിനാൽ ഉള്ളത് നന്നാക്കിയെടുക്കാനുള്ള പരിശ്രമത്തിലായി അച്ഛൻ കൃഷ്ണൻകുട്ടി പുലവർ.
അങ്ങനെയാണ് അദ്ദേഹം പാവക്കൂത്ത് നിർമാണത്തിലേക്ക് വഴി തിരിഞ്ഞത്. തുടർന്നങ്ങോട്ട് പാവനിർമാണം അവരുടെ കുടുംബത്തൊഴിലായി മാറി. അതിനിടെയാണ് സംവിധായകൻ അരവിന്ദനുമായുള്ള കൂടിക്കാഴ്ചയും തുടർന്ന് ലങ്കാലക്ഷ്മിയുടെ ലോഗോയിലേക്കുള്ള പ്രവേശനവും.