ENTERTAINMENT

മാന്നാർ മത്തായി സ്പീക്കിങ്ങിനായി ആദ്യം സമീപിച്ചത് രാജസേനനെ; സിദ്ധിഖ് സംവിധായകനാക്കിയ കഥ പറഞ്ഞ് മാണി സി കാപ്പൻ

സിദ്ധിഖും- ലാലും ചേർന്നാണ് മാന്നാർ മത്തായി സ്പീക്കിങ്ങിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്

ഗ്രീഷ്മ എസ് നായർ

റാംജി റാവു സ്പീക്കിങ് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് സിദ്ധിഖും ലാലും മലയാള സിനിമയിൽ വരവറിയിച്ചത്. സൂപ്പർ ഹിറ്റായ ആ ചിത്രത്തിന്റെ രണ്ടാംഭാഗമായ മാന്നാർ മത്തായി സ്പീക്കിങ്ങിനും ഇരുവരും ചേർന്ന് തിരക്കഥയൊരുക്കി. എന്നാൽ ചിത്രം സംവിധാനം ചെയ്യാൻ ലാലും സിദ്ധിഖും തയാറായില്ല. ഒടുവിൽ നിർമാതാവും നടനുമായ മാണി സി കാപ്പൻ ആദ്യമായി സംവിധായകന്റെ തൊപ്പിയണിഞ്ഞു. സംവിധാനം ചെയ്യാതെ സംവിധായകനായ കഥ പറഞ്ഞ് മാണി സി കാപ്പൻ.

മാണി സി കാപ്പൻ സ്പീക്കിങ്

മാന്നാർ മത്തായി സ്പീക്കിങ്ങിനായി ആദ്യം സിദ്ധിഖും ലാലും ചേർന്ന് ഒരു നിർമാതാവിനെ കണ്ടെത്തിയിരുന്നു. അയാൾ എന്തോ കാരണത്താൽ അവസാന നിമിഷം പിന്മാറി. ആ ഘട്ടത്തിലാണ് ഇരുവരും ചേർന്ന് ഈ ചിത്രം നിർമിക്കാനായി എന്നെ സമീപിക്കുന്നത്. നിർമാണം ഞാൻ ഏറ്റെടുത്തു. പക്ഷേ അപ്പോഴേക്കും സിദ്ധിക്കും ലാലും ഇനി ഒരുമിച്ച് സിനിമ ചെയ്യില്ലെന്ന തീരുമാനത്തിലെത്തിയിരുന്നു. വിഷയം എന്നോട് പറഞ്ഞു, 'സംവിധാനത്തിനുള്ള എല്ലാ സഹായങ്ങളും ചെയ്തു തരാം. പക്ഷേ സംവിധായകരായി ഞങ്ങളുടെ പേര് വേണ്ട'. ഇതായിരുന്നു സിദ്ധിഖിന്റെയും ലാലിന്റെയും ആവശ്യം.

സംവിധാനം ചെയ്യാത്ത ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി

രാജസേനനെക്കൊണ്ട് സംവിധാനം ചെയ്യിച്ചാലോ എന്നായി പിന്നെ ആലോചന. രാജസേനനെ സമീപിച്ചു, അദ്ദേഹത്തിന് കഥയൊക്കെ ഇഷ്ടമായി. പക്ഷേ സിനിമ വിജയിച്ചാൽ ക്രെഡിറ്റ് സിദ്ധിഖിനും ലാലിനും ആയിരിക്കുമെന്നും പരാജയപ്പെട്ടാൽ രാജസേനന്റെ കരിയറിനെ ബാധിക്കുമെന്നും ആരോ അദ്ദേഹത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു. ആ തെറ്റിദ്ധാരണയിൽ അദ്ദേഹം പിൻമാറി.

വീണ്ടും ആര് സംവിധാനം ചെയ്യുമെന്ന പ്രതിസന്ധി വന്നു. ഈ ഘട്ടത്തിലാണ് സിദ്ധിഖ് പറയുന്നത്, 'ചെയ്യുന്നത് ഞങ്ങൾ തന്നെ ചെയ്തോളാം പക്ഷേ പേര് വയ്ക്കാൻ പറ്റില്ല '. അങ്ങനെയാണെങ്കിൽ ആ പ്രശ്നം ഞാൻ പരിഹരിക്കാമെന്നായി. അങ്ങനെയാണ് സംവിധാനം ചെയ്യാത്ത ചിത്രത്തിലൂടെ ഞാൻ ആദ്യമായി സംവിധായകനാകുന്നത്. ചിത്രം മുഴുവനും സിദ്ധിഖാണ് ചെയ്തത് . ഭാഗികമായി ലാലിന്റെ പിന്തുണയുമുണ്ടായിരുന്നു. അതുകൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിലിൽ ഈ സിനിമ സംവിധാനം ചെയ്യാൻ എല്ലാവിധ പിന്തുണയും നൽകിയ സിദ്ധിഖിനും ലാലിനും നന്ദി എന്ന് പറയുന്നത്.

ഒട്ടേറെ രസകരമായ മുഹൂർത്തങ്ങൾ ആ സിനിമയുടെ സെറ്റിൽ ഉണ്ടായിട്ടുണ്ട്. മാന്നാർ മത്തായി സ്പീക്കിങ്ങിന്റെ ചിത്രീകരണ സമയത്താണ് പാലായിൽ ഒരു രാഷ്ട്രീയ പ്രസംഗം നടക്കുന്നത്. ആ വേദിയിൽ പ്രസംഗിച്ച ഒരാൾ എന്നെക്കുറിച്ച് കുറേ പുകഴ്ത്തി പറഞ്ഞു. അതിനുശേഷം കാറിൽ കയറിയ ഉടനെ അദ്ദേഹം എന്നോട് പറഞ്ഞു, ''നീ ചെലവ് ചെയ്യണം നിന്നെ കുറിച്ച് ഞാൻ കുറേ പൊക്കി അടിച്ചിട്ടുണ്ട്.'' അതിന് ഞാൻ പറഞ്ഞ മറുപടിയാണ് ഇതൊന്നും ഇല്ലാത്തതല്ല, ഉളളത് തന്നെയാ എന്ന്... ഇതുകേട്ട സിദ്ധിഖ് ആ സന്ദർഭം സിനിമയിൽ ഉൾപ്പെടുത്തി. അതാണ് മുകേഷ് ജനാർദ്ദനെ കാണാൻ പോകുന്ന വഴി കാറിൽ കയറുമ്പോൾ ഇന്ദ്രൻസിനോട് പറയുന്ന ആ ഡയലോഗ്...

മാന്നാർ മത്തായിയുടെ വിജയാഘോഷം അമേരിക്കയിൽ

സിനിമ ഇറങ്ങി വലിയ ഹിറ്റായി. വിജയാഘോഷത്തിന് ഞങ്ങൾ മൂന്നുപേരും (സിദ്ധിഖ്, ലാൽ, മാണി സി കാപ്പൻ) കൂടി അമേരിക്കയിൽ പോകാൻ തീരുമാനിച്ചു. ആദ്യം തന്നെ വിസ റിജക്ട് ആയി. അമേരിക്കയിൽ പോയാൽ ഞങ്ങൾ തിരിച്ചുവരുമെന്ന് ഉറപ്പിക്കാൻ വേണ്ട രേഖകളൊന്നും ഹാജാരാക്കാതിരുന്നതിനാലാണ് വിസ അപേക്ഷ പരിഗണിക്കാതിരുന്നത്. അന്ന് മുഖ്യമന്ത്രിയായ ഇ കെ നായനാരെയും അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രിയുടെയുമൊക്കെ കത്ത് വാങ്ങി നൽകിയാണ് വിസ ശരിയാക്കിയത്. അതൊക്കെ രസകരമായ ഓർമയാണ്. സിദ്ധിഖ്- ലാൽ കൂട്ടുകെട്ട് പിരിഞ്ഞുവെന്ന് പറയുമ്പോഴും അവർ എപ്പോഴും ഒരുമിച്ചായിരുന്നു. സ്പോട്ടിൽ കൗണ്ടര്‍ അടിക്കുന്ന അത്രയും നർമബോധമുള്ളവരാണ് ഇരുവരും.

സിനിമയിൽ ചിരിപ്പിക്കുക മാത്രമല്ല , ജീവിതത്തിലും ചിരിച്ച് മാത്രമേ എല്ലാവരും സിദ്ധിഖിനെ കണ്ടിട്ടുള്ളൂ. ഇനി ഒരു സിദ്ധിഖ് മലയാള സിനിമയിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. ആ നഷ്ടം എന്നും എനിക്കൊരു തീരാവേദനയാണ്...

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ