ENTERTAINMENT

'പറഞ്ഞ പണം നൽകിയില്ല, സിനിമ ഒടിടിയിൽ റിലീസ് ചെയ്യരുത്'; സംവിധായകനെതിരെ നിയമനടപടിയുമായി കോസ്റ്റ്യൂം ഡിസൈനർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ പ്രതിഫല തർക്കവുമായി സുരേശന്റെയും സുമലതയുടെയും ഒരു ഹൃദയഹാരിയായ പ്രണയകഥ. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ സംവിധായകനും രണ്ട് നിര്‍മ്മാതാക്കള്‍ക്കുമെതിരെ കോസ്റ്റ്യൂം ഡിസൈനറായ ലിജി പ്രേമന്‍ ആണ് പരാതി നൽകിയത്. പറഞ്ഞ പ്രതിഫലം നൽകാതെയും, തന്റെ പേര് സിനിമയുടെ ക്രെഡിറ്റിൽ ഉൾപ്പെടുത്താതെയും ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെയാണ് കോസ്റ്റ്യൂം ഡിസൈനറുടെ നിയമനടപടി.

ലിജി പ്രേമന്‍ കൊച്ചി സിറ്റി പോലീസിലാണ് പരാതി നല്‍കിയത്. ചിത്രത്തിലെ ക്രെഡിറ്റ് ലൈനില്‍ പേര് ഉള്‍പ്പെടുത്താതിരുന്ന നടപടി ചോദ്യം ചെയ്ത് ലിജി പ്രേമന്‍ എറണാകുളം മുന്‍സിഫ് കോടതിയെയും സമീപിച്ചു. സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാൾ, നിർമാതാക്കളായ അജിത് തലാപ്പിള്ളി, ഇമ്മാനുവല്‍ ജോസഫ് എന്നിവർക്കെതിരായാണ് ലിജി നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്.

45 ദിവസത്തെ തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ലിജി ഏറ്റെടുത്തത്. ഇതിനായി രണ്ടേകാല്‍ ലക്ഷം രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചത്.

എന്നാൽ ചിത്രത്തിന്റെ ഷെഡ്യൂള്‍ 110 ദിവസങ്ങളായി നീണ്ടു. എന്നാൽ പറഞ്ഞുറപ്പിച്ച പ്രതിഫലത്തുക പോലും മുഴുവനായി നൽകാൻ നിർമാതാക്കൾ തയാറായില്ല എന്ന് ലിജി ആരോപിക്കുന്നു. ഏൽപ്പിച്ച വസ്ത്രാലങ്കാരത്തിന്റെ മുക്കാലും പൂർത്തിയാക്കിയിരുന്നു.സിനിമയുടെ ക്രെഡിറ്റ് ലിസ്റ്റിൽ പേരും ഉൾപ്പെടുത്തിയില്ല.

തന്റെ പേര് ഉള്‍പ്പെടുത്താതെയുള്ള ചിത്രത്തിന്റെ ഒടിടി റിലീസ് തടയണം എന്ന് ലിജി പ്രേമൻ ഹർജിയിൽ പറയുന്നു. പ്രതിഫലത്തുകയുടെ ബാക്കിയായ 75,000 രൂപ തിരികെ കിട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംവിധായകന്റെയും നിർമാതാക്കളുടെയും നടപടിയിൽ മാനസിക വിഷമം ഉണ്ടായതിൽ അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം വേണമെന്നും ലിജി പ്രേമൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരികെ, കാര്‍ബണ്‍, ലോഹം, റോക്ക്‌സ്റ്റാര്‍, നിര്‍ണായകം, സൈലന്‍സ് തുടങ്ങി നിരവധി സിനിമങ്ങളുടെ കോസ്റ്റ്യൂം ഡിസൈനറായി ലിജി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒപ്പം 2021ല്‍ പുറത്തിറങ്ങിയ എരിഡ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും