മാര്‍വലിന്റെ വൂള്‍വറിന്‍ എന്ന സൂപ്പര്‍ ഹീറോ കഥാപാത്രത്തിലൂടെ ഇന്ത്യക്കാര്‍ക്കും പരിചിതമായ മുഖമാണ് ഹ്യൂ ജാക്മാന്റേത്. താരം സാമൂഹ്യ മാധ്യമത്തില്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ക്കു വലിയ പിന്തുണയാണ് ആരാധകരില്‍നിന്ന് ലഭിക്കാറുള്ളത്. പുതിയതായി പുറത്തുവിട്ട വീഡിയോയില്‍ വീഡിയോയില്‍ തന്റെ രോഗവിവരത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.
ചർമാർബുദങ്ങളിലൊന്നായ ബേസല്‍ സെല്‍ കാര്‍സിനോമയ്ക്കുള്ള രണ്ട് ബയോപ്‌സികള്‍ താന്‍ പൂര്‍ത്തിയാക്കിയെന്നാണ് ഹ്യൂ പറയുന്നത്.
'ഒരുപക്ഷേ നിങ്ങള്‍ എന്ന റോഡില്‍ വച്ചോ മറ്റെവിടെയെങ്കിലും വച്ചോ കണ്ടെന്നുവരാം, അതുകൊണ്ട് നിങ്ങള്‍ എന്നില്‍ നിന്ന് തന്നെ ഇത് അറിയണമെന്ന് എനിക്ക് തോന്നി. ഞാന്‍ രണ്ട് ബയോപ്‌സികള്‍ ഇപ്പോള്‍ ചെയ്തു കഴിഞ്ഞതേയുള്ളൂ. ഞാന്‍ എന്റെ ഡോക്ടറിനെ കാണാന്‍ പോയിരുന്നു. അവര്‍ ചില കാര്യങ്ങള്‍ കണ്ടു. അതു ഒരുപക്ഷേ ബേസല്‍ ആകാനും ആകാതിരിക്കാനും സാധ്യതയുണ്ടെന്നാണ് അവരുടെ അഭിപ്രായം. അവര്‍ക്ക് അതിനെ പറ്റി ശരിക്കും അറിയില്ല' എന്ന് ഹ്യൂ പറയുന്നു.
വീഡിയോയില്‍ രോഗത്തെക്കുറിച്ച് പറയുന്നതിനോടൊപ്പം തന്നെ ചര്‍മം സൂക്ഷിക്കാന്‍ മറക്കരുതെന്നും ഹ്യൂ പറയുന്നു. വേനല്‍കാലമാണ് വരുന്നതെന്നും സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ മറക്കരുതെന്നും ഹ്യൂ പറയുന്നു. ടാന്‍ എത്രമാത്രം വേണമെങ്കിലും ആകാം, എന്നാല്‍ സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമായും പുരട്ടണമെന്നും അദ്ദേഹം ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ബേസല്‍ സെല്‍ കാര്‍സിനോമാസ് മുമ്പ് പറഞ്ഞിട്ടുള്ളതാണെന്നും ആവശ്യമെങ്കില്‍ വീണ്ടും രോഗത്തെക്കുറിച്ച് സംസാരിക്കുമെന്നും അറിയിച്ചു.
'ഇത് ഒരാളയെങ്കിലും കൂടിയ എസ്പിഎഫുള്ള സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ഓര്‍മിപ്പിക്കുകയാണെങ്കില്‍, അതെനിയ്ക്ക് സന്തോഷമാണ്'- എന്നും ഹ്യൂ കൂട്ടിച്ചേര്‍ത്തു.
2017ലാണ് താന്‍ ബേസല്‍ സെല്‍ കാര്‍സിനോമയ്ക്കുള്ള ചികിത്സയിലാണെന്ന് അദ്ദേഹം അറിയിച്ചത്. ഇതൊരു ത്വക് കാന്‍സറാണെന്നും അപകടം ഏറ്റവും കുറഞ്ഞ രോഗമാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
സ്‌കിന്‍ ക്യാന്‍സര്‍ ഫൗണ്ടേഷന്‍ പറയുന്നതനുസരിച്ച്, ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സ്‌കിന്‍ ക്യാന്‍സറുകളില്‍ ഒന്നാണ് ഇത്. ശരീരത്തിലെ ബേസല്‍ സെല്ലില്‍ അള്‍ട്രാ വൈലറ്റ് രശ്മികള്‍ മൂലം മാറ്റം സംഭവിക്കുന്നതാണ് പലപ്പോഴും ഈ രോഗത്തിന് പിന്നിലെ കാരണം. എന്നാല്‍ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുകയാണെങ്കില്‍ അപകട സാധ്യത കുറവായിരിക്കും.