തീയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് മുന്നേറുകയാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തിനും സംവിധായകനും അഭിനേതാക്കളും ഉൾപ്പെടുന്ന ടീമിനും പ്രമുഖ ചലച്ചിത്ര പ്രവർത്തകരിൽനിന്ന് ഉൾപ്പെടെ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞദിവസം പ്രേമലു കണ്ട സംവിധായകൻ പ്രിയദർശൻ ചിത്രത്തെയും നായകൻ നസ്‌ലെനയും അഭിനന്ദനംകൊണ്ട് മൂടി.
ഗംഭീര സിനിമയാണ് പ്രേമലു എന്ന് പറഞ്ഞ പ്രിയദർശൻ, നസ്‌ലെന്റെ പ്രകടനം എടുത്തുപറഞ്ഞു. അസാധ്യമായി കോമഡി കൈകാര്യം ചെയ്യാൻ കഴിവുള്ള നടനാണ് നസ്‌ലെനെന്നും നേരിട്ടുകണ്ട് അഭിനന്ദിക്കണമെന്നുമായിരുന്നു പ്രിയദർശന്റെ വാക്കുകൾ. ഇതാണ് യുവാക്കളുടെ സിനിമയെന്നും നല്ല രീതിയിൽ സിനിമ ആസ്വദിച്ചെന്നും പ്രിയദർശൻ പറയുന്നു.
'‘സൂപ്പർ സിനിമ. ഫ്രഷ് ആയിട്ട് എടുത്തിട്ടുണ്ട്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്നു പറയുന്നത്. നല്ല എന്റർടെയ്നിങ്. ഇത് വ്യത്യസ്തമായ ഹ്യൂമറാണ്. കുറച്ചുകൂടി റിയലിസ്റ്റിക്കാണ്. സിനിമ തീർന്നത് അറിഞ്ഞില്ല. ആ പയ്യനെ(നസ്‌ലെൻ) എനിക്ക് ഒരുപാട് ഇഷ്ടമായി. മികച്ച പ്രകടനമായിരുന്നു അവന്റേത്. നസ്‌ലെനെ ഒന്നു കാണണം, അഭിനന്ദിക്കണം,'' പ്രിയദര്‍ശന്‍ പറഞ്ഞു.
പ്രേമലു സംവിധായകൻ ഗിരീഷ് എ ഡി തന്നെയാണ് പ്രിയദർശന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഇതേ താരനിരയെ അണിനിരത്തി ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ''നമ്മുടെ കാലഘട്ടമൊക്കെ കഴിഞ്ഞു. ഇനി പുതിയ ആളുകൾ വരട്ടെ, ഇതുപോലുള്ള നല്ല നല്ല സിനിമകൾ എടുക്കട്ടെ. അതാണ് നമ്മുടെ ആവശ്യം. ഞങ്ങളൊക്കെ ഇരുന്ന് കാണും,'' എന്നായിരുന്നു പ്രിയദർശന്റെ മറുപടി.
ചിത്രത്തിൽ നസ്‌ലെൻ, മമിത ബൈജു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മൗത്ത് പബ്ലിസിറ്റി വഴി ഗംഭീര പ്രതികരണങ്ങള്‍ ലഭിച്ചതോടെ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മുഴുനീള കോമഡി എന്റെർടെയ്നർ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്.
ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ ആദ്യ ഗാനമായ കുട്ടി കുഡിയെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.