മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര സഹോദരന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാനും. വിനീതിന്റെ പാട്ടുകളും ചിത്രങ്ങളുമാണ് മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയതെങ്കിൽ ധ്യാനിന്റെ അഭിമുഖങ്ങൾക്കാണ് ഏറ്റവും പ്രേക്ഷക സ്വീകാര്യത. താനുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും അൽപ്പം ഫലിതം കലർത്തിയാണ് ധ്യാൻ പങ്കുവെക്കുക. വീട്ടിലുള്ള കാര്യങ്ങളും ധ്യാൻ ഇത്തരത്തിൽ വെളിപ്പെടുത്താറുണ്ട്. ധ്യാനിന്റെ ഈ സ്വഭാവം മൂലം എവിടെയും പറയില്ലെന്ന് സത്യം ചെയ്യിപ്പിച്ചാണ് കാര്യങ്ങൾ പറയാറുള്ളതെന്ന വിനീതിന്റെ രസകരമായ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്.
ലീഫ് സ്റ്റോറിസിന് വേണ്ടി വിനു ജനാർദ്ദനന് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്. ധ്യാൻ ഇത്തരത്തിലുള്ള കാര്യങ്ങൾ സംസാരിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി. ധ്യാനിനോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നായിരുന്നു വിനീത് ചിരിച്ച് കൊണ്ട് മറുപടി നൽകിയത്. ധ്യാൻ അതെല്ലാം പറയും, നമ്മൾ ഒന്നും പറഞ്ഞിട്ടും കാര്യമില്ലെന്നും വിനീത് പറയും. ഒരിക്കൽ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നപ്പോൾ മറ്റെവിടെയും പറയില്ലെന്ന് സത്യം ചെയ്യിച്ചിട്ടാണ് പറഞ്ഞതെന്നും വിനീത് അഭിമുഖത്തിൽ പറയുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു ധ്യാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'വർഷങ്ങൾക്കു ശേഷം' റിലീസിന് ഒരുങ്ങുകയാണ്. ധ്യാനിനൊപ്പം പ്രണവ് മോഹൻലാലും നിവിൻ പോളിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ തുടങ്ങി വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്.
സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഏപ്രിൽ 11 ന് തീയേറ്ററുകളിൽ എത്തും. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രം മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് നിർമ്മിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്ത നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ് മെറിലാൻഡ് സിനിമാസ് നിർമ്മിച്ച ഹൃദയത്തിൻ്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്. റെക്കോർഡ് തുകക്കാണ് ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സും ഓവർസീസ് റൈറ്റ്സും വിറ്റുപോയത്.